2021 July 28 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ജുനൈദിനെ സംഘ്ഭീകരര്‍ കൊന്നു കളഞ്ഞിട്ട് നാലാണ്ട്; നീതിപീഠത്തില്‍ കണ്ണും നട്ട് ഈ ഇടുങ്ങിയ ഗല്ലിയിലുണ്ട് പെയ്തുതീരാത്ത കണ്ണീരുമായി ഒരുമ്മ

ന്യൂഡല്‍ഹി: പെരുന്നാളൊരുക്കത്തിന്റെ സന്തോഷപ്പൂത്തിരിയിലേക്ക് അടക്കാനാവാത്ത സങ്കടപ്പെരുമഴ പെയ്തു തുടങ്ങിയിട്ട് നാലാണ്ടായിരിക്കുന്നു. ഇനിയും നിലച്ചിട്ടില്ല….ആ പെരുമഴപ്പെയ്ത്ത്…ആയിരക്കണക്കിന് എക്‌സ്‌ഹോസ്റ്റ് പൈപ്പുകള്‍ പുറത്തു വിടുന്ന പുകമറക്കിടയിലൂടെ ലോഡു നിറഞ്ഞ ട്രക്കുകള്‍ തിങ്ങിയ റോഡും കടന്ന് ഒഴുക്കു നിലച്ച് ഓവുചാലുകളുടെ ദുര്‍ഗന്ധം പേറി ഡല്‍ഹിയിലെ ഇടുങ്ങിയ തെരുവുകളിലൊന്നിലൂടെ ചെന്നാല്‍ കാണാം..നാലാണ്ടിനിപ്പുറവും കിട്ടാത്തൊരു നീതിക്കായി കാത്തിരിക്കുന്ന ഒരുമ്മയെ.

യു.പിയിലെ മഥുരയിലേക്കുള്ള ട്രെയിനില്‍ ഗോരക്ഷക ഗുണ്ടകള്‍ അടിച്ചു കൊന്ന 15കാരനായ ജുനൈദ് ഖാന്‍ എന്ന കുഞ്ഞുമോന്റെ ഉമ്മ സെയ്‌റാ ബാനു.

‘അമ്മി ജാന്‍ ഞാന്‍ വലുതായാല്‍ വലിയ കാര്യങ്ങള്‍ ചെയ്യും. ഇതാ ഇവിടിരുന്ന് അവനെന്നോട് പറയാറുണ്ടായിരുന്നു’…വെറും ഇഷ്ടികള്‍ പടുത്ത ചെത്തിത്തേക്കാത്ത് വീടിന്റെ ഒഴിഞ്ഞ വരാന്തയിലേക്ക് ചൂണ്ടി സൈറ പറയുന്നു. ഹാഫിളായ ശേഷം ഡല്‍ഹി ജുമാ മസ്ജിദില്‍ ഇമാമാകണം…എട്ടുമക്കളില്‍ ആറാമനായ ജുനൈദിന്‍രെ കിനാവുകളിലൊന്നായിരുന്നു അത്.

നാലു വര്‍ഷം മുമ്പ് ജൂണ്‍ 22നായിരുന്നു അവന്‍ സഹോദരനും രണ്ട് സുഹൃത്തുക്കള്‍ക്കുമൊപ്പം അവശ്യ വസ്തുക്കള്‍ വാങ്ങാനായി പുറപ്പെട്ടത്. ട്രെയിനില്‍ കയറിയ അവനും സുഹൃത്തുക്കള്‍ക്കുമരികെ എത്തിയ ഗോരക്ഷക ഗുണ്ടകള്‍. ആദ്യം ചെറുതായി തുടങ്ങി അടിയും തൊഴിയും പിന്നെ കത്തികൊണ്ടുള്ള ആക്രമണവുമായി ഒടുവില്‍ ജുനൈദിന്റെ ജീവനെടുത്താണ് അവര്‍ മടങ്ങിയത്. മാരകമായി കുത്തിപ്പരിക്കേല്‍പിച്ച സംഘം പാവം ബാലനെ ട്രെയിനില്‍നിന്ന് പുറത്തെറിഞ്ഞു.

ആ ദിനം ഒട്ടുംമങ്ങാതെ ഇന്നുമുണ്ട് സൈറയുടെ മനസ്സില്‍. ചുവന്ന സല്‍വാര്‍ കമ്മീസാണ് അന്നണിഞ്ഞിരുന്നത്. അടുത്ത വീടുകളില്‍ ബൂന്ദി( ഒരു മധുര പലഹാരം) വിതരണം ചെയ്യുകയായിരുന്നു.

‘വീട്ടില്‍ ഒത്തിരി സന്തോഷം നിറഞ്ഞു നിന്ന ദിവസമായിരുന്നു അന്ന്. പഠനാവശ്യവുമായി ദൂരങ്ങളിലായിരുന്ന മക്കള്‍ പെരുന്നാള്‍ അവധിക്ക് നാട്ടിലെത്തിയതാണ്. പുതുവസ്ത്രങ്ങള്‍ വാങ്ങാനും മറ്റുമായി ബന്ധുക്കളില്‍ നിന്ന് കുറച്ചു പണവും ലഭിച്ചിരുന്നു’- സൈറ പറഞ്ഞു നിര്‍ത്തി. നോമ്പു തുറക്കാന്‍ ആയ സമയത്താണ് ആ ഫോണ്‍വിളി വന്നത്. വിതുമ്പി വാക്കുകള്‍ മുഴുവനാക്കാനാവാതെ അവര്‍ ഓര്‍ക്കുന്നു.

ദിവസങ്ങള്‍ കഴിഞ്ഞ് ഹൃദയാഘാതം വന്ന ഉപ്പ ആശുപത്രിയിലായി. പഴയ ജീവിതത്തിന്റെ നിഴലാണിപ്പോള്‍ ഉപ്പ. കുഞ്ഞനിയന്‍ ആദില്‍ ചിരിക്കാന്‍ പോലും മറന്നു പോയിരിക്കുന്നു. കളിയും ചിരിയുമായി കൂടെ നിന്നവന്‍…മിഠായികള്‍ പകുത്തും കുറുമ്പും തമാശയും കാണിച്ചും പിറകെ നടന്നു ചിരിവിതറിയിരുന്നത് അവനായിരുന്നല്ലോ. അവനെല്ലാവരേയും ചിരിപ്പിക്കും. മനസ്സ് കുളിര്‍ക്കാന്‍ വല്ലാത്ത കഴിവായിരുന്നു അവന്….ആദിലിന്റെ കണ്ണുകള്‍ ശൂന്യമാവുന്നു.

വേദികള്‍ പങ്കിട്ടും നാട്ടില്‍ വര്‍ഗീയത പ്രചരിപ്പിച്ചും പ്രതികള്‍ ഇപ്പോഴും സജീവമായതോടെ തന്റെ കുട്ടികളെ ഇപ്പോള്‍ പുറത്തുവിടാറില്ലെന്ന് മാതാവ് സൈറാ ബാനു പറയുന്നു.

പുറത്തിറങ്ങേണ്ടിവന്നാല്‍ പോലും ട്രെയിന്‍ യാത്രകള്‍ അരുതെന്ന് പ്രത്യേകം നിഷ്‌കര്‍ഷിക്കാറുണ്ട്. മതപഠന മേഖലയിലായിട്ടും പാരമ്പര്യ വേഷങ്ങള്‍ വിട്ട് മറ്റു വസ്ത്രങ്ങളേ അണിയൂ. അതേ സമയം, അതുപോലും ഫലം ചെയ്യാറില്ലെന്ന് ജുനൈദിന്റെ മൂത്ത സഹോദരന്‍ ഖാസിം പറയുന്നു. ഒരിക്കല്‍ ജോലി തേടി ചെന്നപ്പോള്‍ പേരു പറഞ്ഞതും മുസ്‌ലിംകളെ ജോലിക്കെടുക്കാറില്ലെന്നായിരുന്നു മറുപടിയെന്ന് ഖാസിം.

സംഭവവുമായി ബന്ധപ്പെട്ട് ആറു പേര്‍ അറസ്റ്റിലായിരുന്നു. ഇവര്‍ പിന്നീട് ജാമ്യം നേടി പുറത്തിറങ്ങി. സംഭവത്തെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന കുടുംബത്തിന്റെ ഹരജി പഞ്ചാബ്-ഹരിയാന ഹൈക്കോടതി തള്ളി. പൊലിസ് അന്വേഷണം ശരിയായ ദിശയിലാണെന്നും അന്വേഷണത്തില്‍ ഗുരുതര താളപ്പിഴകളുണ്ടെന്ന് തെളിയിക്കാന്‍ പരാതിക്കാര്‍ക്ക് കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാണിച്ചായിരുന്നു ജസ്റ്റിസ് രാജന്‍ ഗുപ്തയുടെ ബെഞ്ച് ഹരജി തള്ളിയത്. ജൂണില്‍ നടന്ന ആള്‍ക്കൂട്ട കൊല സംബന്ധിച്ച് ഫരീദാബാദ് വിചാരണ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞതിനാല്‍ കേസ് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് ഈ മാസാദ്യം സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

കേസില്‍ വാദം കേള്‍ക്കല്‍ കൊവിഡില്‍ മുടങ്ങി. വിഷയം കോടതിക്കു പുറത്ത് പരിഹരിക്കാന്‍ പഞ്ചായത്ത് ഇടപെട്ടതായും വാര്‍ത്തകള്‍ വന്നു. കേട്ടികേള്‍വികള്‍ പലതാണ്….എന്നാല്‍ ജുനൈദിന്റെ ഉമ്മാക്കും കൂടപ്പിറപ്പുകള്‍ക്കും ഒരു വിശ്വാസമുണ്ട്. ഏതു കോടതികള്‍ കൈവിട്ടാലും ദൈവത്തിന്റെ കോടതിയില്‍ നീതി കാത്തിരിപ്പുണ്ട് തങ്ങളെ…എന്തു വന്നാലും നീതിക്കായുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്നും അവര്‍ ദാര്‍ഢ്യസ്വരത്തില്‍ പറയുന്നു.

 

കടപ്പാട് ടൈംസ് ഓഫ് ഇന്ത്യ


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.