2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ടി20യിലെ പാക് വിജയമാഘോഷിച്ച് വാട്‌സ് ആപ് സ്റ്റാറ്റസ്; യുപിയില്‍ മൂന്ന് കശ്മീര്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

ലക്‌നൗ: ടി20 ക്രിക്കറ്റില്‍ പാകിസ്താന്റെ വിജയമാഘോഷിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിന് ഉത്തര്‍പ്രദേശില്‍ മൂന്ന് കശ്മീര്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. അര്‍ഷാദ് യൂസഫ്, ഇനായത് അല്‍ത്താഫ് ശൈഖ്, ഷൗക്കത്ത് അഹമദ് ഗനി എന്നിവരെയാണ് യു.പി പൊലിസ് അറസ്റ്റ് ചെയ്തത്. ആഗ്ര രാജാ ബല്‍വന്ത് സിംഗ് എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ത്ഥികളാണ് മൂന്ന് പേരും. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

കഴിഞ്ഞ ദിവസം ഇതേ കാരണം കാണിച്ച് കശ്മീരിലും വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് എടുത്തിരുന്നു. പാക് വിജയം ആഘോഷിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയാണ് കശ്മീര്‍ പൊലിസ് കേസ് എടുത്തത്. വീഡിയോ ദൃശ്യങ്ങള്‍ തെളിവായി എടുത്താണ് ജമ്മു കശ്മീര്‍ പൊലിസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

നേരത്തെ തന്നെ ശ്രീനഗര്‍ മെഡിക്കല്‍ കോളേജിലെയും, ഷേറേ കശ്മീര്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെയും ലേഡീസ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികള്‍ പാകിസ്താന്‍ വിജയം ആഘോഷിക്കുന്നതിന്റെയും, പാക് അനുകൂല മുദ്രവാക്യം വിളിക്കുന്നതിന്റെയും വീഡിയോകള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് കേസ്.

തീവ്രവാദ വിരുദ്ധ നിയമങ്ങള്‍ അടക്കം ചുമത്തിയാണ് കരണ്‍ നഗര്‍, സൗര എന്നീ രണ്ട് സ്റ്റേഷനുകളില്‍ കേസുകള്‍ റജിസ്ട്രര്‍ ചെയ്തത് എന്നാണ് വിവരം. തിങ്കളാഴ്ചയാണ് കേസ് എടുത്തിരിക്കുന്നത്.

അതേ സമയം ഇത്തരം നടപടികള്‍ ശരിയല്ലെന്ന് അഭിപ്രായപ്പെട്ട് കശ്മീര്‍ നേതാക്കള്‍ രംഗത്ത് എത്തി. വിദ്യാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന നിയമങ്ങള്‍ ചുമത്തി കേസ് എടുക്കുന്നത് ശരിയല്ലെന്നും, തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അവരെ തിരുത്തണമെന്നും, മറ്റൊരു ടീമിനെ പിന്തുണയ്ക്കുന്നത് കുറ്റമല്ലെന്നും കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫ്രന്‍സ് നേതാവ് സജാദ് ലോണ്‍ ട്വീറ്റ് ചെയ്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.