അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ നാലുപേര്‍ നിരോധനം ശരിവെച്ചു
ന്യൂഡല്‍ഹി: നോട്ടു നിരോധനം ശരിവെച്ച് സുപ്രിം കോടതി ഭൂരിപക്ഷ വിധി. നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്നത് ഇത് റദ്ദാക്കാനുള്ള കാരണമാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. നോട്ടു നിരോധനം നാല് ജഡ്ജിമാര്‍ ശരിവെച്ചു. ജസ്റ്റിസ് നാഗരത്‌നയാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ നോട്ടുനിരോധന തീരുമാനം ചോദ്യം ചെയ്യുന്ന 58 ഹരജികളിലാണ് സുപ്രിം കോടതി വിധി പറയുന്നത്. ജസ്റ്റിസ് ബി.ആര്‍.ഗവായ് ആണ് ആദ്യം വിധി പറഞ്ഞത്. സര്‍ക്കാര്‍ മുന്നോട്ടുവച്ച ലക്ഷ്യങ്ങള്‍ കൈവരിച്ചോ ഇല്ലയോ എന്നതു പ്രസക്തമല്ല. നോട്ടുനിരോധനത്തിന്റെ മൂന്നു ലക്ഷ്യങ്ങളും ശരിയാണെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു. തീരുമാനിച്ചത് കേന്ദ്രമായതു കൊണ്ടു മാത്രം നടപടി തെറ്റാണെന്ന് പറയാനാവില്ലെന്ന് പറഞ്ഞ അദ്ദേഹം നോട്ടു നിരോധനം റദ്ദാക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലക്ഷ്യം നേടിയോ ഇല്ലയോ എന്നതോ പരിഗണിക്കേണ്ട. ആര്‍.ബി.ഐയുമായി കൂടിയാലോചിച്ച് സര്‍ക്കാറിന് തീരുമാനമെടുക്കാം. ആര്‍.ബി.ഐ നിയമപ്രകാരം അസാധുവാക്കാം. എന്നാല്‍ നോട്ടു നിരോധനം റദ്ദാക്കാനാവില്ല- ജസ്റ്റിസ് ഗവായ് ചൂണ്ടിക്കാട്ടി.
അതേസമയം, ഇതിനോട് വിയോജിക്കുന്ന രീതിയിലാണ് ജസ്റ്റിസ് നാഗരത്‌നയുടെ നിരീക്ഷണം. നോട്ട് നിരോധിക്കണമെങ്കില്‍ നിയമ നടത്തണമായിരുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആ.ബി.ഐ ഡയരക്ടര്‍ ബോര്‍ഡ് വേണമായിരുന്നുനിര്‍ദ്ദേശം മുന്നോട്ടു വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാദംകേട്ട ഭരണഘടനാ ബെഞ്ചിന്റെ അധ്യക്ഷന്‍ ജസ്റ്റിസ് എസ്.അബ്ദുല്‍ നസീര്‍ 4നു വിരമിക്കുന്ന സാഹചര്യത്തിലാണ് ഇന്നു വിധി പറയുന്നത്. കഴിഞ്ഞ മാസം 7നാണു വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിയത്.
ജസ്റ്റിസുമാരായ നസീര്‍, ഗവായ്, നാഗരത്‌ന എന്നിവരെ കൂടാതെ ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യന്‍ എന്നിവരാണ് അഞ്ചംഗ ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ ഡിസംബര്‍ ഏഴിന് കേന്ദ്രത്തോടും റിസര്‍വ് ബാങ്കിനോടും സുപ്രിം കോടതി നിര്‍ദേശിച്ചിരുന്നു. അറ്റോണി ജനറല്‍ ആര്‍. വെങ്കിട്ടരമണി, റിസര്‍വ് ബാങ്ക് അഭിഭാഷകന്റെയും പി. ചിദംബരം, ശ്യാം ദിവാന്‍ എന്നിവരടക്കമുള്ള ഹരജിക്കാരുടെ അഭിഭാഷകരുടെയും വാദം കേട്ടിരുന്നു.
നോട്ടുനിരോധന തീരുമാനം സാമ്പത്തിക നയവുമായി ബന്ധപ്പെട്ടത് എന്നതുകൊണ്ടു മാത്രം ഇക്കാര്യത്തില്‍ കാഴ്ചക്കാരനാകാന്‍ കഴിയില്ലെന്നു വാദം കേള്‍ക്കലിനിടെ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു. 2016ലെ നോട്ടുനിരോധന തീരുമാനം ഇപ്പോള്‍ കോടതി പരിശോധിക്കുന്നതിനോടു ശക്തമായ വിയോജിപ്പാണ് സര്‍ക്കാര്‍ ഉയര്‍ത്തിയത്. ഗുരുതര പിഴവുകളാണു സര്‍ക്കാരിനു സംഭവിച്ചതെന്നു ഹര്‍ജിക്കാര്‍ക്കു വേണ്ടി അഭിഭാഷകനും മുന്‍ ധനമന്ത്രിയുമായ പി.ചിദംബരം ചൂണ്ടിക്കാട്ടിയിരുന്നു.
കള്ളപ്പണം, വ്യാജ കറന്‍സി, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണം തുടങ്ങിയവ തടയുകയാണ് ലക്ഷ്യമെന്ന് അവകാശപ്പെട്ട് 2016 നവംബര്‍ എട്ടിന് രാത്രിയാണ് കേന്ദ്രസര്‍ക്കാര്‍ നോട്ട് നിരോധിച്ചത്. എന്നാല്‍ അതിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ കേസിന്റെ വാദത്തിനിടെ സുപ്രിംകോടതിയില്‍ സമ്മതിക്കുകയുണ്ടായി. നോട്ട് നിരോധനംമൂലം ജനങ്ങള്‍ക്ക് ചില പ്രയാസം അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടാകാം. അത് നടപടിയുടെ ദൂഷ്യമായി വിലയിരുത്താനാകില്ലെന്നായിരുന്നു ഇതുസംബന്ധിച്ച് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ പറഞ്ഞത്.
Comments are closed for this post.