2023 March 26 Sunday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

പതിനൊന്നുകാരിയുടെ കൊലപാതകം തെളിഞ്ഞത് അമ്മയുടെ ഫോണിലേക്ക് വന്ന മിസ്‌കാളിലൂടെ

ന്യൂഡല്‍ഹി: ഞെട്ടിക്കുന്ന ഒരു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് കൊല്ലപ്പെട്ട പതിനൊന്നുകാരിയുടെ അമ്മയുടെ ഫോണിലേക്ക് വന്ന ഒരു അജ്ഞാത മിസ്‌കാളിലൂടെ. ഡല്‍ഹിയിലെ നങ്കോളിയില്‍ കഴിഞ്ഞ ദിവസമുണ്ടായ 11 കാരിയുടെ കൊലപാതകമാണ് ഫോണിലേക്ക് അറിയാത്ത നമ്പറില്‍ നിന്ന് വന്ന ഒരു മിസ് കാളിലൂടെ ചുരുളഴിഞ്ഞത്. കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു.

ഫെബ്രുവരി ഒമ്പതിനാണ് പെണ്‍കുട്ടിയെ കാണാതാവുന്നത്. രാവിലെ വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക പുറപ്പെട്ടതായിരുന്നു അവള്‍. അന്ന് രാവിലെ പതിനൊന്ന് മണിക്ക് കുട്ടിയുടെ അമ്മയുടെ നമ്പറിലേക്ക് അറിയാത്ത നമ്പറില്‍ നിന്ന് ഒരു മിസ്‌കാള്‍ വന്നു. ഉടന്‍ അവര്‍ തിരിച്ചു വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.

കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ഫെബ്രുവരി പത്തിന് കുടുംബം പൊലിസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ പൊലിസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണതിനിടെ പൊലിസ് ‘അജ്ഞാത’ മൊബൈല്‍ നമ്പര്‍ ട്രേസ് ചെയ്തു. 12 ദിവസത്തിനു ശേഷം 21 കാരനായ രോഹിത് എന്ന വിനോദ് പിടിയിലാവുകയും ചെയ്തു.

ഫെബ്രുവരി ഒമ്പതിന് തന്നെ പെണ്‍കുട്ടിയെ കൊന്നതായി ഇയാള്‍ പൊലിസിനോട് സമ്മതിച്ചു. കൊലപാതകം നടത്തിയ ശേഷം ഖെവ്‌റ മോറിനു സമീപത്ത് മൃതദേഹം ഉപേക്ഷിച്ചെന്നും ഇയാള്‍ മൊഴി നല്‍കി. അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

അതേസമയം, കൊലപാതകത്തിലേക്ക് നയിച്ച കാരണം ഇതുവരേയും വ്യക്തമായിട്ടില്ലെന്ന് പൊലിസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങി. തുടരന്വേഷണം നടക്കുന്നുണ്ടെന്നും പൊലിസ് പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.