2022 October 07 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ഒരു നൂറ്റാണ്ടിന് ശേഷം നൈസാമിന്റെ വാള്‍ ഇന്ത്യയില്‍ തിരിച്ചെത്തുന്നു

ഒരു നൂറ്റാണ്ടിന് ശേഷം നിസാമിന്റെ വാള്‍ യു.കെയില്‍ നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തിക്കുന്നു. ഹൈദരാബാദ് സുല്‍ത്താന്‍ മെഹബൂബ് അലി ഖാന്റെ പതിനാലാം നൂറ്റാണ്ടിലെ ആചാര പാരമ്പര്യമുള്ള വാളാണിത്. ഗ്ലാസ്േഗാ മ്യൂസിയം നിയന്ത്രിക്കുന്ന ഗ്ലാസ്‌ഗോ ലൈഫ് ആണ് വാള്‍ തിരികെ എത്തിക്കുന്നത്. വാളിനൊപ്പം രാജ്യത്തെ അമൂല്യമായ ആറ് പുരാവസ്തുക്കള്‍ കൂടി ഗ്ലാസ്‌ഗോ തിരിച്ചെത്തിക്കുന്നുണ്ട്. ഇന്ത്യന്‍ ഹൈക്കമ്മീഷനും യുണൈറ്റഡ് കിംഗ്ഡത്തിലെ ഗ്ലാസ്‌ഗോ ലൈഫും തമ്മില്‍ ഒപ്പുവച്ച കരാറിനെ തുടര്‍ന്നാണ് ഇവ രാജ്യത്തിന് തിരികെ ലഭിക്കുന്നത്.

തിരികെയെത്തിക്കുന്ന വസ്തുക്കള്‍ ഇന്ത്യയില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതാണെന്നാണ് പറയപ്പെടുന്നത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ കൊല്‍ക്കത്ത, കാണ്‍പൂര്‍, ബിഹാര്‍, ഗ്വാളിയോര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ആരാധനാലയങ്ങളില്‍ നിന്നുമാണ് ഈ ആറ് വസ്തുക്കളും കൊള്ളയടിക്കപ്പെട്ടത്. എന്നാല്‍ ഇവയ്‌ക്കൊപ്പമുള്ള വാളിന്റെ ഏറ്റെടുക്കല്‍ രേഖയില്‍ മഹാരാജ കിഷന്‍ പര്‍ഷാദില്‍ നിന്ന് വാങ്ങിയതാണെന്ന് സൂചിപ്പിക്കുന്നുണ്ട്.

ബോംബെ കമാന്‍ഡിന്റെ കമാന്‍ഡര്‍ഇന്‍ചീഫ് ജനറലായിരുന്ന ആര്‍ച്ചിബാള്‍ഡ് ഹണ്ടര്‍ (1903-1907) ഹൈദരാബാദ് പ്രധാനമന്ത്രി മഹാരാജാ സര്‍ കിഷന്‍ പെര്‍ഷാദ് ബഹാദൂര്‍ യാമിനില്‍ നിന്ന് 1905ല്‍ ഈ വാള്‍ കൈപ്പറ്റിയിരുന്നതായി ഗ്ലാസ്‌ഗോ ലൈഫ് കമ്യൂണിക്കേഷന്‍ ഓഫീസര്‍ ജോനാഥന്‍ റെയ്‌ലി പറയുന്നു. പിന്നീട് 1978ല്‍ ഹണ്ടറുടെ അനന്തരവന്‍ ആര്‍ച്ചിബാള്‍ഡ് ഹണ്ടര്‍ സര്‍വീസ്, ഗ്ലാസ്‌ഗോ ലൈഫ് മ്യൂസിയങ്ങളുടെ ശേഖരങ്ങളിലേക്ക് വാള്‍ സംഭാവന ചെയ്യുകയായിരുന്നു.

ഹൈദരാബാദിലെ അസഫ് ജാഹ് രാജവംശത്തിന്റെ ആറാമത്തെ സുല്‍ത്താനായിരുന്ന മെഹ്ബൂബ് അലി ഖാന്‍, 1903 ല്‍ ഡല്‍ഹി ഇംപീരിയല്‍ ദര്‍ബാറിലാണ് വാള്‍ പ്രദര്‍ശിപ്പിച്ചതെന്നാണ് മ്യൂസിയം രേഖകളില്‍ പറയുന്നത്. എഡ്വേര്‍ഡ് ഏഴാമന്‍ രാജാവും അലക്‌സാണ്ട്ര രാജ്ഞിയും ഇന്ത്യയുടെ ചക്രവര്‍ത്തിയായി ഔദ്യോഗിക പദവിയിലേക്ക് സ്ഥാനാരോഹണം ചെയ്തതിന്റെ സ്മരണയ്ക്കായി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പ്രദര്‍ശനം.

അതേസമയം, തിരിച്ചയച്ചുവെന്ന് പറയപ്പെടുന്ന വസ്തുക്കളെ കുറിച്ച് തങ്ങള്‍ക്ക് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് മ്യൂസിയം ഡയറക്ടര്‍ എ നാഗേന്ദര്‍ റെഡ്ഡി പറഞ്ഞു

അതേസമയം നിസാം ഉസ്മാന്‍ അലി ഖാന്‍ പ്രദര്‍ശിപ്പിച്ച ഈ ആചാര പാരമ്പര്യമുള്ള വാള്‍ പിന്നീട് അദ്ദേഹത്തിന്റെ പ്രധാനമന്ത്രി മഹാരാജ കിഷന്‍ പെര്‍ഷാദ് വിറ്റത് എങ്ങനെയെന്നത് ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. ഉറുമിയുടെ രീതിയില്‍ പാമ്പിന്റെ ആകൃതിയിലാണ് വാള്‍ പണികഴിപ്പിച്ചിരിക്കുന്നത്. പല്ലുകള്‍ പോലെയുള്ള അരികുകളും വാളിലുടനീളമുള്ള ആനയുടെയും കടുവയുടെയും രൂപത്തിലുള്ള സ്വര്‍ണ കൊത്തുപണികളും മറ്റൊരു കൗതുകമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.