2023 June 09 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

എ.ഐ.സി.സി പ്രസിഡന്റ്: നാടകാന്ത്യം ഖാര്‍ഗെ- തരൂര്‍ പോരാട്ടം

ന്യൂഡല്‍ഹി: ചര്‍ച്ചകള്‍ക്കും ഊഹാപോഹങ്ങള്‍ക്കുമവസാനം എ.ഐ.സി.സി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിന്റെ ചിത്രം തെളിയുന്നു. ശശി തരൂര്‍-മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പോരാട്ടമാണ് ഒടുവില്‍ തെളിയുന്ന ചിത്രം. മത്സരിക്കുന്നതില്‍ നിന്ന് ദിഗ് വിജയ് സിങ് പിന്‍മാറി.

ഹൈക്കമാന്‍ഡ് പിന്തുണയോടെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മത്സരിക്കുന്ന സാഹചര്യത്തിലാണ് ദിഗ് വിജയ് സിങ് പിന്‍മാറിയത്. ഖാര്‍ഗെയുടെ പത്രികയില്‍ എ.കെ ആന്റണി, ദിഗ് വിജയ് സിങ്, മുകുള്‍ വാസ്‌നിക് എന്നിവര്‍ ഒപ്പുവെച്ചു. ഇന്ന് മൂന്ന് മണിയോടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കും.

കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആരെല്ലാം മത്സരിക്കുന്നു എന്നതില്‍ അവസാന ദിവസം വരെ സസ്‌പെന്‍സ് നിറഞ്ഞുനിന്നു. ഔദ്യോഗിക പക്ഷം ആദ്യ ഘട്ടത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെയാണ് അധ്യക്ഷ സ്ഥാനത്ത് പരിഗണിച്ചത്. എന്നാല്‍ ഒരാള്‍ക്ക് ഒരു പദവി എന്ന നയ പ്രകാരം അടുത്ത രാജസ്ഥാന്‍ മുഖ്യമന്ത്രി ആരാവണം എന്ന തര്‍ക്കത്തിന് പരിഹാരം കണ്ടെത്താനായില്ല. ഒരു ഭാഗത്ത് മത്സരിക്കാനുള്ള തീരുമാനവുമായി ശശി തരൂര്‍ മുന്നോട്ടുപോയപ്പോള്‍ ഔദ്യോഗികപക്ഷ പിന്തുണയുള്ള സ്ഥാനാര്‍ഥി ആര് എന്ന കാര്യത്തില്‍ വ്യക്തത വന്നില്ല.

ഇന്നലെയാണ് മത്സരിക്കാനുറച്ച് ദിഗ് വിജയ് സിങ് രംഗത്തുവന്നത്. ഇന്നലെ രാത്രി ഏറെ വൈകിയും സോണിയ ഗാന്ധി പ്രിയങ്ക ഗാന്ധിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. മല്ലികാര്‍ജുന ഖാര്‍ഗെ, മീരാ കുമാര്‍, മുകുള്‍ വാസ്‌നിക് എന്നിങ്ങനെ പല പേരുകള്‍ ഉയര്‍ന്നുവന്നു. ഒടുവില്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ മത്സരിക്കുമെന്ന് തീരുമാനമായി. ഇതോടെ ദിഗ് വിജയ് സിങ് മത്സരത്തില്‍ നിന്ന് പിന്മാറി.

ഖാര്‍ഗെയുടെ പത്രികയില്‍ എ.കെ ആന്റണിയടക്കം ഗാന്ധി കുടുംബവുമായി അടുത്ത് ബന്ധമുള്ളവര്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇതോടെ ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ള ഔദ്യോഗിക സ്ഥാനാര്‍ഥിയെന്ന പരിവേഷമാണ് ഖാര്‍ഗേയ്ക്ക് ലഭിക്കുന്നത്. ഔദ്യോഗിക സ്ഥാനാര്‍ഥിയുണ്ടാവില്ലെന്നും ആര്‍ക്കും മത്സരിക്കാമെന്നുമാണ് സോണിയ ഗാന്ധി അറിയിച്ചതെങ്കിലും ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ളവര്‍ക്ക് വോട്ട് നല്‍കുമെന്നാണ് കേരളത്തിലെ പ്രമുഖ നേതാക്കളടക്കം വ്യക്തമാക്കിയത്.

ജി23 എന്ന തിരുത്തല്‍വാദി ഗ്രൂപ്പില്‍ പെട്ടയാളാണ് ശശി തരൂരെങ്കിലും ജി23 നേതാക്കളുടെ പിന്തുണ തേടിയില്ലെന്നും ജി23 സ്ഥാനാര്‍ഥിയായല്ല മത്സരിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു. ജി23 സ്ഥാനാര്‍ഥിയായി മനീഷ് തിവാരി മത്സരിക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം മത്സരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.