2023 January 28 Saturday
ശരീരത്തിനു വ്യായാമം പോലെതന്നെയാകുന്നു മനസ്സിന് വായന. -റിച്ചാർഡ് സ്റ്റീൽ

ഭൂമിയിലെ ജലാശയങ്ങളെ കുറിച്ച് വിശദ പഠനത്തിന് നാസ; ഉപഗ്രഹ വിക്ഷേപണം വിജയകരം

വാഷിങ്ടണ്‍: ഭൂമിയിലെ മിക്കവാറും എല്ലാ ജലാശയങ്ങളും സര്‍വേ ചെയ്യാനുള്ള ദൗത്യത്തിനായി നാസ നടത്തിയ ഉപഗ്രഹ വിക്ഷേപണം വിജയകരം. ഏകദേശം ആറ് മാസത്തിനുള്ളില്‍ ശാസ്ത്രീയ വിവരങ്ങള്‍ ഉപഗ്രഹം അയച്ചുതുടങ്ങുമെന്ന് നാസ പ്രസ്താവനയില്‍ അറിയിച്ചു. സ്‌പേസ് എക്‌സിന്റെ ഉടമസ്ഥതയിലുള്ള ഫാല്‍ക്കണ്‍ 9 റോക്കറ്റാണ് ഉപഗ്രഹത്തെ ലക്ഷ്യത്തിലെത്തിച്ചത്.

സമുദ്രങ്ങള്‍, നദികള്‍, തടാകങ്ങള്‍ എന്നിവയുടെ വളരെ വിശദമായ ത്രിമാന ചിത്രങ്ങള്‍ ലഭിക്കുന്നതോടെ ഭൂമിയുടെ ഉപരിതല ജലത്തെക്കുറിച്ച് വിശദപഠനം നടത്താനും കാലാവസ്ഥാ വ്യതിയാനത്തെ അവ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് മനസിലാക്കാനും കഴിയും. നാസയും ഫ്രാന്‍സിന്റെ ബഹിരാകാശ ഏജന്‍സിയായ സി.എന്‍.ഇ.എസും സംയുക്തമായി വികസിപ്പിച്ച ബില്യണ്‍ ഡോളര്‍ പദ്ധതിയായ സര്‍ഫേസ് വാട്ടര്‍ ആന്‍ഡ് ഓഷ്യന്‍ ടോപോഗ്രഫി (എസ്.ഡബ്ല്യു.ഒ.ടി)യുടെ ഭാഗമായാണ് ഉപഗ്രഹ വിക്ഷേപണം. ലോസ് ഏഞ്ചല്‍സിലെ വാന്‍ഡന്‍ബെര്‍ഗ് യു.എസ് ബഹിരാകാശ താവളത്തില്‍ നിന്ന് ഇന്നലെയാണ് റോക്കറ്റ് ഭ്രമണപഥത്തിലേക്ക് കുതിച്ചുയര്‍ന്നത്.

ഭൂമിയുടെ ജലചക്രം അഥവാ നമ്മുടെ ഗ്രഹത്തിന് ചുറ്റും വെള്ളം എങ്ങനെ നീങ്ങുന്നു എന്നതിനെക്കുറിച്ച് ഇതുവരെയുള്ള ധാരണകള്‍ പരിഷ്‌കരിക്കാന്‍ ഇടയാക്കുന്ന വിപ്ലകരമായ വിവരങ്ങളായിരിക്കും എസ്.ഡബ്ല്യു.ഒ.ടിയിലൂടെ ലഭിക്കുകയെന്ന് നാസയുടെ എര്‍ത്ത് സയന്‍സ് ഡിവിഷന്‍ ഡയറക്ടര്‍ കാരെന്‍ സെന്റ് ജെര്‍മെയ്ന്‍ പറഞ്ഞു. ഇതുവരെ കാണാന്‍ കഴിയാത്ത ചുഴലിക്കാറ്റുകളും വായുപ്രവാഹങ്ങളും സമുദ്രങ്ങളിലെ ചംക്രമണ വ്യവസ്ഥകളും വിശദമായി മനസിലാക്കാനാവും. വെള്ളപ്പൊക്കം, വര്‍ള്‍ച്ച എന്നിവ പ്രവചിക്കാനും വരള്‍ച്ചയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളില്‍ വെള്ളം നിയന്ത്രിക്കാനും മഴയുടെ പാറ്റേണുകള്‍ മാറുന്നത് കൃത്യമായി മനസ്സിലാക്കാനും ഇത് സഹായിക്കും. നിലവിലെ സാങ്കേതികവിദ്യയേക്കാള്‍ പതിന്മടങ്ങ് മികച്ച നിരീക്ഷണങ്ങള്‍ നല്‍കാന്‍ ഈ ഉപഗ്രഹത്തിന് സാധിക്കും.

കാലാവസ്ഥാ വ്യതിയാനത്തോടൊപ്പം ഭൂമിയുടെ ജലചക്രവും ത്വരിതഗതിയില്‍ മാറുന്നുണ്ടെന്നും ചില സ്ഥലങ്ങളില്‍ ധാരാളം വെള്ളമുള്ളപ്പോള്‍ മറ്റുള്ളവയില്‍ ആവശ്യത്തിന് വെള്ളമില്ലെന്നും ഗവേഷണ ശാസ്ത്രജ്ഞനായ ബെഞ്ചമിന്‍ ഹാംലിംഗ്ടണ്‍ പറഞ്ഞു. ഭൂമിയില്‍ എത്രത്തോളം ശുദ്ധജലം ലഭ്യമാണെന്ന് അറിയാനും ഉപഗ്രഹം സഹായിക്കും. ഉപഗ്രഹ ദൗത്യത്തിന്റെ കാലാവധി മൂന്നര വര്‍ഷമാണെങ്കിലും അഞ്ചോ അതിലധികമോ വര്‍ഷത്തേക്ക് നീട്ടാന്‍ കഴിയും. 20 വര്‍ഷത്തെ പരിശ്രമഫലമാണ് ഊ ഉപഗ്രഹം. മിഴിവാര്‍ന്ന ചിത്രങ്ങള്‍ പകര്‍ത്താന്‍ അത്യാധുനിക മൈക്രോവേവ് റഡാര്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി. ഫ്രാന്‍സിനു പുറമേ കാനഡ, യു.കെ എന്നീ രാജ്യങ്ങളിലെ ബഹിരാകാശ ഏജന്‍സികളും നാസയുടെ ദൗത്യത്തില്‍ സഹകരിക്കുന്നുണ്ട്.

സമുദ്രങ്ങള്‍, തടാകങ്ങള്‍, ജലസംഭരണികള്‍, നദികള്‍ എന്നിവയുടെ ഉയരം, ഉപരിതല വിവരങ്ങള്‍ എന്നിവ 90 ശതമാനത്തിലധികം വിശദമായി ശേഖരിക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍. സമുദ്രങ്ങള്‍ ആഗോള താപനില കുറയ്ക്കുകയും കാലാവസ്ഥാ വ്യതിയാനം മന്ദഗതിയിലാക്കുകയും ചെയ്യുന്ന പ്രകൃതിയുടെ സംവിധാനമാണ്. ആ നിലയ്ക്ക് അന്തരീക്ഷ താപവും കാര്‍ബണ്‍ ഡൈ ഓക്‌സൈഡും സമുദ്രങ്ങള്‍ എങ്ങനെ ആഗിരണം ചെയ്യുന്നുവെന്ന് മനസിലാക്കുക എന്നതും ദൗത്യത്തിന്റെ പ്രധാന ലക്ഷ്യമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.