
ഡിസംബര്‍ 15ന് തെക്കന്‍ കാലിഫോര്‍ണിയയില്‍ നിന്ന് കുതിച്ചുയരുന്ന ഉപഗ്രഹം ഭൂമിയുടെ ഉപരിതല ജലസ്രോതസ്സുകളെ മികച്ച രീതിയില്‍ മാപ്പ് ചെയ്യും
ഭൂമിയുടെ ഉപരിതല ജലത്തെക്കുറിച്ച് വിശദപഠനത്തിന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പുതിയ ഉപഗ്രഹ ദൗത്യവുമായി രംഗത്ത്. ഡിസംബര്‍ 15ന് തെക്കന്‍ കാലിഫോര്‍ണിയയില്‍ നിന്ന് കുതിച്ചുയരുന്ന ഉപഗ്രഹം ഭൂമിയുടെ ഉപരിതല ജലസ്രോതസ്സുകളെ മുമ്പത്തേക്കാള്‍ മികച്ച രീതിയില്‍ മാപ്പ് ചെയ്യും. സമുദ്രങ്ങള്‍, തടാകങ്ങള്‍, നദികള്‍ എന്നിവയെക്കുറിച്ച് ആദ്യമായി സമഗ്രമായ സര്‍വേ നടത്തുന്നതിനുള്ള സുപ്രധാന ഭൗമശാസ്ത്ര സംരംഭമാണിത്.
സര്‍ഫേസ് വാട്ടര്‍ ആന്‍ഡ് ഓഷ്യന്‍ ടോപോഗ്രഫി (എസ്.ഡബ്യു.ഒ.ടി) എന്നാണ് ദൗത്യത്തിന് നാസ പേരിട്ടിരിക്കുന്നത്. നദികള്‍, തടാകങ്ങള്‍, സമുദ്രങ്ങള്‍ എന്നിവയുടെ വളരെ വിശദമായ ത്രിമാന കാഴ്ച ഇത് നല്‍കും. ഭൂമിയുടെ ജലചക്രം, കാലാവസ്ഥാ വ്യതിയാനത്തില്‍ സമുദ്രങ്ങള്‍ വഹിക്കുന്ന പങ്ക് എന്നിവയെക്കുറിച്ചുള്ള നമ്മുടെ ധാരണ മെച്ചപ്പെടുത്താനും വരള്‍ച്ചയോടും വെള്ളപ്പൊക്കത്തോടും നന്നായി പ്രതികരിക്കാനും എസ്.ഡബ്യു.ഒ.ടി സഹായകരമാവുമെന്ന് നാസ അറിയിച്ചു. ചലിക്കുന്നതും മാറിക്കൊണ്ടിരിക്കുന്നതുമായ ജലത്തിന്റെ അളവുകള്‍ ഗവേഷകര്‍ക്ക് ലഭ്യമാവും. ഇത് എത്രത്തോളം ശുദ്ധജലം ലഭ്യമാണെന്നും വെള്ളപ്പൊക്ക സാധ്യതയെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും മനസ്സിലാക്കാന്‍ സഹായിക്കുമെന്നും നാസ വിശദീകരിച്ചു.
— NASA JPL (@NASAJPL) December 13, 2022
സ്പേസ് എക്സിന്റെ ഉടമസ്ഥതയിലുള്ള ഫാല്‍ക്കണ്‍ 9 റോക്കറ്റാണ് ഉപഗ്രഹത്തെ ലക്ഷ്യത്തിലെത്തിക്കുന്നത്. ലോസ് ഏഞ്ചല്‍സിന് ഏകദേശം 275 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറുള്ള വാന്‍ഡന്‍ബെര്‍ഗ് യു.എസ് ബഹിരാകാശ സേനാ താവളത്തില്‍ നിന്ന് വ്യാഴാഴ്ച പുലര്‍ച്ചെ ഭ്രമണപഥത്തിലേക്ക് പോകും. 20 വര്‍ഷമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ദൗത്യമാണിത്. മിഴിവാര്‍ന്ന ചിത്രങ്ങള്‍ പകര്‍ത്താന്‍ അത്യാധുനിക മൈക്രോവേവ് റഡാര്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയിരിക്കുന്നു. സമുദ്രങ്ങള്‍, തടാകങ്ങള്‍, ജലസംഭരണികള്‍, നദികള്‍ എന്നിവയുടെ ഉയരം, ഉപരിതല വിവരങ്ങള്‍ എന്നിവ 90 ശതമാനത്തിലധികം വിശദമായി ശേഖരിക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍.
സമുദ്രങ്ങള്‍ ആഗോള താപനില കുറയ്ക്കുകയും കാലാവസ്ഥാ വ്യതിയാനം മന്ദഗതിയിലാക്കുകയും ചെയ്യുന്ന പ്രകൃതിദത്തമായ ഒരു സംവിധാനമാണ്. ആ നിലയ്ക്ക് അന്തരീക്ഷ താപവും കാര്‍ബണ്‍ ഡൈ ഓക്സൈഡും സമുദ്രങ്ങള്‍ എങ്ങനെ ആഗിരണം ചെയ്യുന്നുവെന്ന് പര്യവേക്ഷണം ചെയ്യുക എന്നതും ദൗത്യത്തിന്റെ പ്രധാന ലക്ഷ്യമാണ്. കാനഡ, യു.കെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെ ബഹിരാകാശ ഏജന്‍സികളും നാസയുടെ ദൗത്യത്തില്‍ സഹകരിക്കുന്നുണ്ട്.
Comments are closed for this post.