2021 March 08 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

നാറിയവരെ ചുമന്നാല്‍ ‘അമ്മ’ നാറും, ‘അച്ചന്മാ’രും

എ.സജീവന്‍

ലൈംഗികപീഡനമുള്‍പ്പെടെ പലതരം പീഡനങ്ങളും ചവിട്ടിമെതിക്കലുകളും ഏല്‍ക്കേണ്ടിവന്നിട്ടും പ്രതികരിക്കാതെ സഹിച്ചുകഴിഞ്ഞ രണ്ടു വിഭാഗങ്ങള്‍ ഈയടുത്തകാലത്തു ചരിത്രം സൃഷ്ടിച്ച പോരാട്ടത്തിലൂടെ ഐതിഹാസിക വിജയം നേടി. മലയാളസിനിമയിലെ നടികളും മലയാളികളായ കന്യാസ്ത്രീകളുമാണവര്‍. അവരുടെ പോരാട്ടം സ്വന്തം തട്ടകത്തിലെ തന്നെ കാട്ടാളമനസ്സുള്ള സഹപ്രവര്‍ത്തകര്‍ക്കെതിരേയായിരുന്നു. ആ പോരാട്ടത്തില്‍ കേരളത്തിലെ സുമനസ്സുകളെല്ലാം അവര്‍ക്കൊപ്പം ചേര്‍ന്നു. അങ്ങനെ, മുന്‍നിര രാഷ്ട്രീയപ്പാര്‍ട്ടികളുടെയും വനിതാസംഘടനകളുള്‍പ്പെടെയുള്ള അവയുടെ പോഷകസംഘടനകളുടെയും അവഗണനയ്ക്കിടയിലും ആ ജനകീയ പോരാട്ടം  വന്‍വിജയമായി.
പക്ഷേ…,
അവര്‍ക്കൊപ്പം നില്‍ക്കാന്‍ നിയമപരമായും ധാര്‍മികമായും ബാധ്യതപ്പെട്ടവര്‍ തന്ത്രപരമായി, ക്രൂരമായി കൈയൊഴിയുന്ന കാഴ്ചയാണു കണ്ടത്, പീഡിപ്പിക്കപ്പെട്ട നടിയുടെ കാര്യത്തിലും പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ കാര്യത്തിലും അതാണു സംഭവിച്ചത്. സിനിമയില്‍ പീഡിപ്പിക്കപ്പെടുന്നവരെയുള്‍പ്പെടെ സംരക്ഷിക്കാന്‍ പിറവിയെടുത്ത ‘അമ്മ’യും അശരണരായ കുഞ്ഞാടുകള്‍ക്കു താങ്ങും തണലുമാകേണ്ട ഇടയക്കുപ്പായമിട്ട മെത്രാന്മാരും കര്‍ദിനാള്‍മാരുമുള്‍പ്പെടെയുള്ള ‘അച്ചന്മാ’രും ഇരകളെ വിട്ടു വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്ന ഞെട്ടിപ്പിക്കുന്ന കാഴ്ചയാണു കാണാനായത്.
തെരുവില്‍ പീഡിപ്പിക്കപ്പെട്ട സിനിമാനടി നീതിക്കായി വിലപിക്കുമ്പോള്‍, ഒരു പറ്റം വനിതാ താരങ്ങള്‍ അവള്‍ക്കുവേണ്ടി പരസ്യമായ പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുമ്പോള്‍, മനുഷ്യത്വമുള്ള കേരളസമൂഹമൊന്നടങ്കം അവര്‍ക്കു പിന്നില്‍ അണിനിരന്നപ്പോള്‍, അതിനൊപ്പം നില്‍ക്കുകയും ഇരയ്ക്കു സംരക്ഷണം നല്‍കുകയും ചെയ്യേണ്ടിയിരുന്ന ‘അമ്മ’ പറഞ്ഞത്, ‘അമ്മയ്ക്കു മകളും മകനും ഒരേപോലെയാണെ’ന്നായിരുന്നു.  ‘രണ്ടുപേര്‍ക്കും നീതി ലഭിക്കണ’മെന്നും പറഞ്ഞു.
ഇരയ്ക്കും വേട്ടക്കാരനും ഒരേപോലെ നീതി കിട്ടുകയെങ്ങനെ എന്ന ചോദ്യത്തിന് ‘അമ്മ’യെ നയിക്കുന്നവര്‍ക്കു മിണ്ടാട്ടമുണ്ടായിരുന്നില്ല. പീഡനാരോപിതനായ നടന്‍ ദിലീപിനെ  ഒരു അപേക്ഷയുടെ ബലം പോലുമില്ലാതെ തിരിച്ചെടുത്തുകൊണ്ട് അവര്‍ തങ്ങളുടെ കൂറ് ആരോടാണെന്ന്, വാക്കാലുള്ള വിശദീകരണത്തിന്റെ ആവശ്യമില്ലാതെ തന്നെ വ്യക്തമാക്കുകയും ചെയ്തു. ഇപ്പോഴും മലയാളസിനിമ നിയന്ത്രിക്കുന്നത് പീഡനക്കേസില്‍ അറസ്റ്റിലാവുകയും ദിവസങ്ങളോളം ജയിലില്‍ കഴിയുകയും ചെയ്ത ആ നടന്‍ തന്നെയാണെന്നത് എല്ലാവര്‍ക്കുമറിയുന്ന യാഥാര്‍ഥ്യം.
അയാള്‍ക്കെതിരേ ചെറുവിരലനക്കാന്‍ സിനിമാരംഗത്തെ സൂപ്പര്‍സ്റ്റാറുകള്‍ക്കുപോലും ധൈര്യമുണ്ടായില്ല. ദിലീപിനെ അമ്മയില്‍നിന്നു പുറത്താക്കാന്‍ കൈക്കൊണ്ട തീരുമാനം തൊണ്ടതൊടാതെ വിഴുങ്ങിയത് അവരാണല്ലോ. നിര്‍മാണവും വിതരണവും പ്രദര്‍ശനവുമൊക്കെ നിയന്ത്രിക്കുന്നവനെ ശത്രുവാക്കാന്‍ സിനിമയിലെ തമ്പുരാക്കന്മാര്‍ക്കുപോലും പേടിയാണെന്ന് അവര്‍ തെളിയിച്ചു. സ്വാഭാവികമായും ഇത്തിരി താരങ്ങളും കൊച്ചു നിര്‍മാതാക്കളും അവര്‍ക്കൊപ്പം ഓച്ഛാനിച്ചു നീങ്ങി.
നടി പീഡിപ്പിക്കപ്പെട്ട പ്രശ്‌നം കൊടുമ്പിരിക്കൊണ്ട കാലത്ത് ‘അമ്മ’ പറഞ്ഞ, ഇരയ്ക്കും വേട്ടക്കാരനും തുല്യനീതിയെന്ന ലജ്ജയില്ലാത്ത നിലപാട് പിന്നീട് അതേ രീതിയില്‍ കണ്ടതും കേട്ടതും മെത്രാനച്ഛന്മാരുടെ സംഘടനയില്‍നിന്നാണ്. കത്തോലിക്കാ ബിഷപ്പുമാരുടെ സംഘടനയായ കെ.സി.ബി.സി ഇതു സംബന്ധിച്ചു പുറപ്പെടുവിച്ച പ്രസ്താവനയിലെ വാചകങ്ങള്‍ ഇങ്ങനെ:
‘പരാതിക്കാരിയായ കന്യാസ്ത്രീയും ആരോപണവിധേയനായ ബിഷപ്പും സഭയുടെ കുടുംബത്തിലെ അംഗങ്ങളാണ്. അവര്‍ക്കുള്ള വേദന സഭയും പങ്കുവയ്ക്കുന്നു.’ തങ്ങളുടെ അതേ ജോലി ചെയ്യുന്ന ഒരു യുവനടി മഹാനഗരത്തിലെ പെരുവഴിയില്‍ വച്ചു അതിക്രൂരമായി മാനഭംഗം ചെയ്യപ്പെട്ടപ്പോള്‍ അമ്മയിലെ ‘നടന്മാര്‍’ പറഞ്ഞ വാചകത്തിന്റെ തനിപ്പകര്‍ക്ക്! ‘ഇരയുടെയും വേട്ടക്കാരന്റെയും ‘വേദന’ ഞങ്ങള്‍ പങ്കുവയ്ക്കുന്നു.’
ഇരയുടെ വേദനയെന്തെന്നു മനസ്സിലാക്കാം. ലൈംഗികവേട്ടക്കാരുടെ വേദനയെന്തെന്നു പിടികിട്ടുന്നില്ല. മനസ്സുകുളിര്‍ക്കെ പീഡിപ്പിക്കാന്‍ കഴിയാത്ത വേദനയാണോ ‘അമ്മ’യുടെ തലപ്പത്തിരിക്കുന്നവര്‍ അന്ന് ഉദ്ദേശിച്ചതും അരമനയുടെ തലപ്പത്തിരിക്കുന്നവര്‍ ഇന്ന് ഉദ്ദേശിക്കുന്നതും. ഇരയ്‌ക്കൊപ്പമോടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്യുകയെന്നൊരു ചൊല്ലുണ്ട്. ആ അമാന്യതയാണ് ഇരു വിഭാഗങ്ങളും പ്രദര്‍ശിപ്പിച്ചത്.
ദിലീപ് എന്ന പ്രതിയെ ഒരു കാരണവുമില്ലാതെ സംഘടനയില്‍ തിരിച്ചെടുത്തു കൂറു വ്യക്തമാക്കിയ അമ്മയുടെ  ഭാരവാഹികളുടെ കൂറു വ്യക്തമാക്കലിന്റെ തനിപ്പകര്‍പ്പ് മെത്രാന്മാരുടെ ഭാഗത്തുനിന്നുമുണ്ടായി. കര്‍ദിനാള്‍  മുതല്‍ സഭയുടെ പരമോന്നതാധിപനായ മാര്‍പാപ്പയ്ക്കു മുന്നില്‍ വരെ സങ്കടഹരജി കൊടുത്തിട്ടും നടപടികളൊന്നുമില്ലാത്ത ഘട്ടത്തില്‍, പൊലിസിന്റെ ഭാഗത്തുനിന്നുള്ള കള്ളക്കളികള്‍ സഹിക്കവയ്യാതായ ഘട്ടത്തില്‍ സമരവുമായി തെരുവിലിറങ്ങിയ സന്ന്യാസികള്‍ക്കു നേരേ ആക്രോശിക്കുകയായിരുന്നു കെ.സി.ബി.സി.
അവരുടേതായി പുറത്തുവന്ന പ്രതികരണം ഇങ്ങനെ: ‘സഭയെയും സന്ന്യാസജീവിതത്തെയും അവഹേളിക്കും വിധം കുറേ സന്ന്യാസിനികള്‍ വഴിവക്കില്‍ പ്ലക്കാര്‍ഡ് പിടിച്ചു മുദ്രാവാക്യം വിളിച്ചിരിക്കുന്നത് അംഗീകരിക്കാനാവില്ല. ലൈംഗിക പീഡനാരോപണത്തിന്റെ മറവില്‍ സഭയെയും ബിഷപ്പുമാരെയും അടച്ചാക്ഷേപിക്കുകയാണു സ്ഥാപിതതാല്‍പ്പര്യക്കാരും മാധ്യമങ്ങളും.’
ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുയര്‍ത്തിയാണു കന്യാസ്ത്രീകള്‍ തെരുവിലെത്തിയത്. വത്തിക്കാനില്‍നിന്നുവരെ അവഗണനയുണ്ടായ ഘട്ടത്തിലാണ് അവര്‍ക്കു തെരുവിലിറങ്ങേണ്ടി വന്നത്. സഭയ്‌ക്കോ മറ്റേതെങ്കിലും പുരോഹിതനോ എതിരേ അവര്‍ മുദ്രാവാക്യം വിളിക്കുകയോ പ്രസ്താവനയിറക്കുകയോ ചെയ്തിരുന്നില്ല.
എന്നിട്ടും സഭയെ അവഹേളിക്കുന്നുവെന്നാണു കെ.സി.ബി.സി ആരോപിച്ചത്. ഡബ്ലിയു.സി.സി എന്ന സിനിമയിലെ വനിതാ കൂട്ടായ്മയ്ക്കു നേരേ അമ്മയുടെ ഭാരവാഹികള്‍ കൈക്കൊണ്ട അതേ നിലപാടു തന്നെ. ബിഷപ്പിനെക്കൊണ്ടു രാജിവയ്പ്പിക്കാനോ അതുമല്ലെങ്കില്‍ ഉപ്പു തിന്നവരുണ്ടെങ്കില്‍ വെള്ളം കുടിക്കുമെന്ന ഒഴുക്കന്‍ മട്ടിലുള്ള പ്രതികരണമെങ്കിലും നടത്താന്‍ മെത്രാന്മാരുടെ സംഘടന തയാറായില്ല.
എന്നാല്‍, ആത്മാര്‍ഥതയുള്ള ക്രിസ്ത്യന്‍ പുരോഹിതരും രൂപതകളും ഇക്കാര്യത്തില്‍ സത്യസന്ധമായ നിലപാടാണ് എടുത്തത്. സീറോ മലബാര്‍ സഭയില്‍ അംഗമായ ഫാ. ജോയ്‌സ് കൈതക്കൂട്ടിലും ഫാ. പോള്‍ തേലക്കാട്ടുമൊക്കെ ഇങ്ങനെ സത്യത്തിന്റെ പക്ഷത്തു നിന്നവരാണ്. ഫ്രാങ്കോ മുളയ്ക്കല്‍ മെത്രാന്‍സ്ഥാനം രാജിവയ്ക്കണമെന്ന നിലപാടെടുത്ത മുംബൈ അതിരൂപതയുടെ നിലപാടും സത്യത്തിന്റെ പക്ഷത്തു പുരോഹിതരും സഭാംഗങ്ങളുമുണ്ടെന്നു വ്യക്തമാക്കുന്നുണ്ട്.
താനും കന്യാസ്ത്രീകളും സഭയ്‌ക്കെതിരായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും സഭയെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും ഫാ. ജോയ്‌സ് കൈതക്കൂട്ടില്‍ ആവര്‍ത്തിച്ചു പറയുന്നു. സഭയ്‌ക്കെതിരേയല്ല, സഭയെ തെറ്റായ വഴിക്കു കൊണ്ടുപോകാന്‍ ശ്രമിക്കുന്നവര്‍ക്കും സഭയ്ക്കു ചീത്തപ്പേരുണ്ടാക്കുന്ന അസാന്മാര്‍ഗിക പ്രവര്‍ത്തകര്‍ക്കുമെതിരേയാണു തങ്ങളുടെ പോരാട്ടമെന്നാണ് അവരുടെ പക്ഷം. കന്യാസ്ത്രീകളുടെ ആരോപണം സഭയ്‌ക്കെതിരാണെന്ന വാദം തെറ്റാണെന്നു കേരള റീജ്യണ്‍  ലത്തീന്‍ കാത്തലിക് കൗണ്‍സിലും പറഞ്ഞു.
കേരളത്തിലും ഇന്ത്യയിലുമുള്ള സഭയുടെ തലപ്പത്തിരിക്കുന്നവര്‍ ഈയടുത്ത കാലത്തുപോലും മാര്‍പാപ്പ ആവര്‍ത്തിച്ച വാക്കുകള്‍ ഓര്‍ക്കുന്നതു നന്ന്. ‘ഇരയ്‌ക്കൊപ്പം നില്‍ക്കുക’യെന്നാണത്.
വേട്ടക്കാരെ പ്രീണിപ്പിക്കാന്‍ ഇരകളെ ആക്രമിക്കാന്‍ ശ്രമിക്കുന്നവരോട് ഒറ്റക്കാര്യമേ ഓര്‍മിപ്പിക്കാനുള്ളൂ, നാറിയവനെ ചുമന്നാല്‍ ചുമന്നവനും നാറും.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News