2022 August 20 Saturday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ജിഹാദ്’ പുകമറയിലെ വാഗമണ്‍ നിശാ പാര്‍ട്ടി : മയക്കുമരുന്നെത്തിച്ചത് നൈജീരിയക്കാരന്‍ ജോസഫ് എംഡിയോ

 

കോഴിക്കോട് : പാലാ ബിഷപ്പ് ഉയര്‍ത്തിയ നാക്കോട്ടിക് ജിഹാദ് ആരോപണത്തിന് അടിസ്ഥാനമായ വാഗമണ്‍ ഡ്രഗ്‌സ് പാര്‍ട്ടിയിലെ ഇടപാടുകാരിലെ പ്രധാനികള്‍ ക്രിസ്ത്യന്‍ യുവാക്കളടക്കമുള്ളവര്‍. നാക്കോട്ടിക് ജിഹാദ് വിവാദമുയര്‍ത്തുന്ന രാഷ്ട്രീയ നേതാക്കളുള്‍പ്പെടെ ഉദാഹരണമായി പറയുന്ന വാഗമണ്ണിലെ നിശാ പാര്‍ട്ടിയിലേക്ക് മയക്കുമരുന്നെത്തിച്ചതിലെ പ്രധാന കണ്ണി നൈജീരിയക്കാരന്‍ ജോസഫ് എംഡിയോ.കേസിലെ പത്താം പ്രതിയായ ഇയാളിപ്പോള്‍ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് കര്‍ണാടക പൊലിസ് ചാര്‍ജ് ചെയ്ത മറ്റൊരു കേസില്‍ ബംഗളൂരു പരപ്പന ജയിലിലാണ് . ബംഗളൂരുവില്‍ പബ്ബ് നടത്തുന്ന കണ്ണൂര്‍ സ്വദേശിയായ ജിന്റോ ജയിംസിനാണ് ഇയാള്‍ മയക്കുമരുന്നെത്തിച്ചത്. ജിന്റോ ജയിംസാണ് വാഗമണ്ണിലെ റിസോര്‍ട്ടിലേക്ക് മയക്കുമരുന്നെത്തിച്ചത്. ജോസഫ് എംഡിയോ വാഗമണ്‍ കേസില്‍ പത്താം പ്രതിയും ജിന്റോ ജയിംസ് പതിനൊന്നാം പ്രതിയുമാണ്.2020 ഡിസംബര്‍ 21നാണ് സി.പി.ഐ നേതാവായ ഷാജി കുറ്റിക്കാടിന്റെ ഉടമസ്ഥതയിലുള്ള വാഗമണ്ണിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയതിന് 21 പേര്‍ പിടിയിലായത്.എല്‍.എസ്.ഡി സ്റ്റാമ്പ്, ഹാഷിഷ്, ലഹരി ഗുളിക, ലഹരി മരുന്ന്, കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കളുടെ വന്‍ ശേഖരമാണ് അന്ന് പിടിച്ചെടുത്തത്. പാര്‍ട്ടിയില്‍ ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട് 21 ഓളം പേര്‍ അറസ്റ്റിലായെന്നും ഇതില്‍ പുരുഷന്മാരെല്ലാം മുസ്‌ലിം സമുദായക്കാരാണെന്നും സ്ത്രീകള്‍ ക്രിസ്ത്യന്‍, ഹൈന്ദവ സമുദായക്കാരാണെന്നുമാണ് സമൂഹ മാധ്യമങ്ങളിലെ തീവ്ര ക്രിസ്തീയ ഗ്രൂപ്പുകളില്‍ പ്രചാരണം നടത്തിയത്. യുവതികളെ മയക്കുമരുന്ന് നല്‍കി നശിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നുമായിരുന്നു പ്രചാരണം.ഇതിന്റെ ചുവട് പിടിച്ചുള്ള ആരോപണങ്ങളുടെ തുടര്‍ച്ചയായാണ് പി.സി ജോര്‍ജും സിറോ മലബാര്‍ സഭയുടെ വക്താക്കളും എ.കെ.സി.സി നേതാക്കളുമടക്കം കുപ്രചാരണങ്ങള്‍ നടത്തി വന്നത്.വഴിതെറ്റുന്ന യുവത്വത്തിന്റെ നടപടികള്‍ക്ക് മതത്തിന്റെ നിറം നല്‍കിയവര്‍ യാഥാര്‍ഥ്യം മറച്ച് വച്ചാണ് പ്രചാരണങ്ങള്‍ അഴിച്ചു വിട്ടതെന്നാണ് വ്യക്തമാകുന്നത്. കേസിലെ പ്രതികളെല്ലാം ജാമ്യം നേടിയിരുന്നു. ക്രൈംബ്രാഞ്ചാണ് ഇപ്പോള്‍ കേസന്വേഷിക്കുന്നത്. അന്വേഷണം ബംഗളൂരുവിലേക്കുള്‍പ്പെടെ നീളുമെന്ന് ആദ്യം പറഞ്ഞിരുന്നുവെങ്കിലും പിന്നീട് കാര്യമായി ചലനങ്ങളുണ്ടായില്ല. മയക്കുമരുന്ന് പാര്‍ട്ടിയുടെ പേരില്‍ മതവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുന്ന തരത്തിലേക്ക് കാര്യങ്ങള്‍ പുരോഗമിച്ചിട്ടും കേസന്വേഷണം എങ്ങുമെത്താത്തതിനെതിരെ പരക്കെ വിമര്‍ശനമുയരുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.