ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ സംസ്ഥാന പൊലീസ് മേധാവിയോട് സുപ്രിം കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം. ഡിജിപി നേരിട്ട് ഹാജരായി അക്രമങ്ങളില്‍ മറുപടി നല്‍കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. തിങ്കളാഴ്ച രണ്ടുമണിക്ക് ഹാജരാകാനാണ് നിര്‍ദേശം. സര്‍ക്കാര്‍ നല്‍കിയ വിവരങ്ങള്‍ അവ്യക്തമെന്ന് നിരീക്ഷിച്ച കോടതി കേസുകള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചു.
വിഷയത്തില്‍ വാദം പുനരാരംഭിച്ചപ്പോഴാണ് സുപ്രിംകോടതി മണിപ്പൂര്‍ ഡിജിപിയോട് ഹാജരാകാന്‍ നിര്‍ദേശിച്ചത്. മണിപ്പൂരില്‍ നഗ്‌നരാക്കി നടത്തിക്കുകയും ലൈംഗികാതിക്രമത്തിന് വിധേയരാക്കുകയും ചെയ്ത യുവതികളുടെ പേരുകള്‍ ആരുമായും പങ്കിടരുതെന്നും മാധ്യമങ്ങള്‍ക്കും പേര് നല്‍കരുതെന്നും സുപ്രിംകോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ ഇരകളുടെ പേരെഴുതിയത് തെറ്റെന്ന ഹരജിക്കാരന്റെ വാദത്തിലാണ് റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന് കോടതി കര്‍ശന നിര്‍ദേശം വെച്ചത്.
കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ വലിയ കാലതാമസം നേരിട്ടതായി കോടതി ചൂണ്ടിക്കാട്ടി. മണിപ്പൂരില്‍ നിയമമില്ലേയെന്നാണ് കോടതി ചോദിച്ചത്. നടന്നത് ഗുരുതരമായ സംഭവമാണെന്നും ക്രമസമാധാനം തകര്‍ന്നിടത്ത് എങ്ങനെ നീതി നടപ്പാക്കുമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് വിമര്‍ശിച്ചു. കേസില്‍ സിബിഐ റിപ്പോര്‍ട്ട് വെള്ളിയാഴ്ച സമര്‍പ്പിക്കാമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
Comments are closed for this post.