2022 August 20 Saturday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

തോട്ടം പൂത്തുലഞ്ഞു നില്‍ക്കാന്‍ ചൈനീസ് ബാല്‍സം

മഷിച്ചെടിയുടെ തണ്ടുകള്‍പോലെ വെള്ളയും ഇളം ചുവപ്പും തണ്ടുകളോടെ പല നിറങ്ങളില്‍ വിടര്‍ന്നു നില്‍ക്കുന്ന പൂക്കളുമായി ആകര്‍ഷകമായ ചൈനീസ് ബാല്‍സം ചെടികള്‍ ഇഷ്ടമില്ലാത്തവര്‍ ഉണ്ടാകില്ല. നിരവധി നിറങ്ങളിലുള്ള ചൈനീസ് ബാല്‍സം ചെടികള്‍ ഇന്ന് ലഭ്യമാണ്.

ചൈനീസ് ബാല്‍സം ചെറിയ പരിചരണം നല്‍കിയാല്‍ നന്നായി വളരുകയും പൂക്കുകയും ചെയ്യും . അര മീറ്റര്‍വരെ ഉയരം വെക്കുന്ന ചെടി ചെട്ടിയിലോ നിലത്തോ പറ്റിച്ചേര്‍ന്നു കൂട്ടം കൂട്ടമായി വളരുന്നത് ആകര്‍ഷകം ആണ്. വിത്തുകളുള്ള ചെടിയാണിത്. എന്നാലും കമ്പുകള്‍ നട്ടാണ് പൊതുവേ വളര്‍ത്തുന്നത്. ചില ചെടികളില്‍ നിന്ന് മാത്രമേ വിത്തുകള്‍ കിട്ടുകയുള്ളു.

കടുത്ത വെയിലും മഴയും ഈ ചെടിക്കു ദോഷകരമാണ്. നിലത്തോ ചട്ടിയിലോ തണല്‍ ലഭിക്കുന്ന സ്ഥലങ്ങളില്‍ ഈ ചെടി നടാം.നിറങ്ങളില്‍ നിരവധി വറൈറ്റികള്‍ ഉണ്ടെന്നതും പെട്ടന്ന് തൈകള്‍ ഉണ്ടാക്കാം എന്നതുമാണ് ഈ ചെടിയുടെ ഏറ്റവും വലിയ സവിശേഷത. അതുപോലെ പെട്ടന്ന് നശിച്ചു പോകാം എന്നത് ഈ ചെടിയുടെ ഒരു ദോഷമാണ്. നീര്‍വാര്‍ച്ചയുള്ള മണ്ണില്‍ മണലും ചാണകപ്പൊടിയും ചേര്‍ത്ത് തൈകള്‍ നടാം. ഏതെങ്കിലും ജൈവ വളം വിട്ടുകൊടുത്താല്‍ ചെടി നന്നായി പൂവിടും. പുതിയ ചെടി വാങ്ങുമ്പോള്‍ തന്നെ രണ്ടോ മൂന്നോ തൈകള്‍ ഉണ്ടാക്കിയാല്‍ വര്ഷം മുഴുവന്‍ പൂക്കള്‍ നല്കാന്‍ ഇവയ്ക്കാകും മാത്രമല്ല ആ ചെടി വെറൈറ്റി യെ സംരക്ഷിക്കാനും സാധിക്കും. ഇളം തണ്ടുകളോ മണ്ണിനോട് ചെന്ന് നില്‍ക്കുന്ന വേരുള്ള തടോ നട്ടുകൊടുത്താണ് പുതിയ ചെടി ഉണ്ടാക്കുന്നത്. കൂടുതല്‍ സൂര്യപ്രകാശം എല്‍ക്കുന്നതും കൂടുതല്‍ ജലസേചനവും ദോഷകരമാണ് അതിനാല്‍ വളരെ ശ്രദ്ധിച്ചു വേണം ചൈനീസ് ബാല്‍സം ചെടിയെ സംരക്ഷിക്കാന്‍.

ചൈനീസ് ബാല്‍സം  ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. വെള്ളം വാര്‍ന്നു പോകുന്ന മണ്ണ് വേണം

2. നടാനുപയോഗിക്കുന്ന മണ്ണില്‍ ഉണങ്ങിയ ചാണകം പൊടിച്ച് ചേര്‍ക്കുക. വളമധികമായാല്‍ പൂവുകള്‍ കുറയും

3. ഉയരമുള്ള ചൈനീസ് ബാള്‍സം വെയില്‍ കൊള്ളുന്നതു കൊണ്ട് വലിയ പ്രശ്‌നമില്ല

4. പൊക്കം വെക്കാത്ത ഇനങ്ങള്‍ കനത്ത വെയിലില്‍ വെക്കരുത്. രാവിലെയുള്ള വെയില്‍ കൊള്ളിക്കാം

5. നല്ല വേനല്‍ക്കാലത്ത് എല്ലാ ദിവസവും രാവിലെ നനയ്ക്കണം

6. മിതമായ സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തോ തണലത്തോ വളര്‍ത്തുന്നതാണ് നല്ലത്

7. കുറച്ച് കാലം വളര്‍ന്നു കഴിഞ്ഞാല്‍ ചെടികളുടെ തണ്ടുകള്‍ മൂത്തു പോകും. അപ്പോള്‍ പൂക്കള്‍ ഉണ്ടാകാന്‍ സാധ്യത കുറവാണ്. അപ്പോള്‍ ഇളം തണ്ടുകള്‍ ഒടിച്ചു വെച്ച് പുതിയ ചെടികള്‍ ഉണ്ടാക്കിയെടുക്കണം.

8. മഴക്കാലത്ത് നല്ല ശ്രദ്ധ വേണം. മഴവെള്ളം കെട്ടി നിന്ന് തണ്ട് ചീഞ്ഞുപോകാന്‍ ഇടവരരുത്

6. വേനല്‍ക്കാലത്ത് ദ്രാവകരൂപത്തിലുള്ള വളങ്ങള്‍ നല്‍കുന്നതാണ് നല്ലത് . വേപ്പിന്‍ പിണ്ണാക്ക് വെള്ളത്തിലിട്ട് പുളിപ്പിച്ച് നേര്‍പ്പിച്ച് ഒഴിച്ചു കൊടുക്കാം. നന്നായി പൊടിച്ച ഉണങ്ങിയ ചാണകപ്പൊടിയും നല്‍കാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.