2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

നടാനൊരുങ്ങാം കാബേജും കോളിഫ്‌ളവറും

നേരത്തെ തണുപ്പുള്ള പ്രദേശങ്ങളില്‍ മാത്രം കൃഷി ചെയ്യാന്‍ കഴിയുന്ന പച്ചക്കറികളിലായിരുന്നു കാബേജിന്റെയും കോളിഫ്‌ളവറിന്റേയും സ്ഥാനം. എന്നാല്‍ ഇന്ന് നമ്മുടെ വീട്ടുമുറ്റങ്ങളില്‍ അടുക്കളതോട്ടങ്ങളില്‍ ഗ്രോബാഗുകളില്‍ ഒക്കെ ഇടംനേടിയിരിക്കുന്നു ഇവ രണ്ടും. സ്വാദിഷ്ടവും പോഷകസമൃദ്ധവുമാണ് ഇവ രണ്ടും. സമതല പ്രദേശങ്ങളില്‍ കോളിഫ്‌ളവറും കാബേജും നടാന്‍ പറ്റിയ സമയം നവംബര്‍, ഡിസംബറിലെ ശൈത്യകാലമാണ്.

കാബേജിന്റെയും കോളിഫ്‌ളവറിന്റെയും കൃഷി ഏകദേശം ഒരേ രീതിയിലാണ്. കടുക് പോലെയുളള വിത്ത് ഒരു സെന്റ് സ്ഥലത്തിന് 5 ഗ്രാം എന്ന തോതില്‍ നഴ്‌സറിയില്‍ പാകി 30- 40 ദിവസം പ്രായമായ തൈകള്‍ പറിച്ചുനടുന്നു.

കൃഷി സ്ഥലം തെരഞ്ഞെടുക്കല്‍
നല്ല സൂര്യപ്രകാശ ലഭ്യത, നീര്‍ വാര്‍ച സൗകര്യം, ജലസേചന സൗകര്യം, വളക്കൂറുളള മണ്ണ് എന്നിവ വേണം. കൃഷിയിടം കിളച്ച് പൊടിച്ച് ഒരടി വീതിയും താഴ്ചയുമുളള ചാലുകള്‍ സൗകര്യപ്രദമായ നീളത്തില്‍ എടുക്കുക. രണ്ട് ചാലുകള്‍ തമ്മില്‍ 45 സെ.മി ഇടയകലം വേണം. ഇതില്‍ സെന്റിനു 100കിഗ്രാം ഉണക്ക ചാണകപ്പൊടി ചേര്‍ത്ത് മണ്ണുമായി യോജിപ്പിക്കുക. പോളിബാഗ് കൃഷിയാണെങ്ങില്‍ 1:1:1 എന്ന അനുപാതത്തില്‍ മണല്‍: മണ്ണ് :ചാണകപ്പൊടി ചേര്‍ത്ത മിശ്രിതം മുക്കാല്‍ ഭാഗത്തിലധികം നിറയ്ക്കണം.

നഴ്‌സറി

ജൈവരീതിയിലാണ് നഴ്‌സറി ഒരുക്കേണ്ടതെങ്കില്‍ മിത്ര ബാക്ടീരിയ, സ്യൂഡോമോണസ് (20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍) കലക്കിയ ലായിനി തവാരണയില്‍ ഒഴിച്ച് മണ്ണ് കുതിര്‍ക്കേണ്ടതാണ്. 5 ദിവസത്തിനകം വിത്ത് പാകുന്നതാണ് നല്ലത്. 5 മുതല്‍ 7 ദിവസം കൊണ്ട് വിത്ത് മുളക്കുന്നതാണ്.
തൈകള്‍ 20-25 ദിവസത്തിനകം പറിച്ചു നടാം. 10 സെന്റില്‍ നടാന്‍ 20ഗ്രാം മാത്രം വിത്ത് മതി.

കൂടുതല്‍ അളവില്‍ മണലുമായി ചേര്‍ത്ത് വിതച്ചാല്‍ വിത്ത് എല്ലാ ഭാഗത്തും വിതറാനാകും. നഴ്‌സറിയില്‍ ഇട്ടതില്‍ 1:1:1 എന്ന അനുപാതത്തില്‍ നേരത്തെ പറഞ്ഞ പോട്ടിങ്ങ് മിശ്രിതം വിതറി വിത്ത് പാകാം. പാകിയ ശേഷം മണ്ണും മണലും തുല്യ അളവില്‍ കുഴച്ച് വിത്ത് മൂടത്തക്ക വിധം വിതറുക

ഇനങ്ങള്‍
സമതലത്തില്‍ പറ്റിയ കാബേജ് എന്‍എസ്160, എന്‍എസ്43, എന്‍എസ്183. കോളിഫ്‌ളവര്‍ പുസമേഖ്‌ന ബസന്ത്, എന്‍എസ്60.

വളപ്രയോഗം
നട്ട് 10 ദിവസത്തിനു ശേഷം ഒന്നാം വളപ്രയോഗം 19:19:19, 20:20:20 തുടങ്ങിയ പെട്ടെന്നലിയുന്ന മിശ്രിതവളം 350 ഗ്രാം 10 ലിറ്റര്‍ വെളളത്തില്‍ കലക്കി ഒഴിച്ചു കൊടുക്കുക. 10 ദിവസത്തിലൊരിക്കല്‍ കടലപിണ്ണാക്ക് പച്ച ചാണകം ചേര്‍ത്ത പുളിപ്പിച്ച ലായനി ചേര്‍ക്കുക. തുടര്‍ന്ന് കടലപിണ്ണാക്കിന് ആലവളം ഇടയ്ക്ക് നല്‍കാം. രാസവളം ആദ്യ തവണയ്ക്കു ശേഷം രണ്ടാഴ്ച കൂടുമ്പോള്‍ രണ്ടു തവണ കൂടി ചേര്‍ക്കാം. മിതമായ തോതില്‍ നനയ്ക്കണം. വളം ചേര്‍ത്താല്‍ ചുവട്ടില്‍മണ്ണ് കൂട്ടണം, കള നീക്കണം.

രോഗങ്ങള്‍
കടചീയല്‍ രോഗം തടയാന്‍ രാസകുമിള്‍ നാശിനിയെങ്കില്‍ കോപ്പര്‍ ഓക്‌സി ക്ലോറൈഡൊ, ജൈവമെങ്കില്‍ സ്യുഡൊമോണസ് 20 ഗ്രാം 1 ലിറ്ററില്‍ കലക്കിയ ലായനി ചുവട്ടില്‍ ഒഴിക്കണം.

കീടം
കാബേജിലും കോളിഫ്‌ളവറിലും പൊതുവേ ക്യാറ്റര്‍പില്ലര്‍, ഇലപ്പേന്‍, ഒച്ച് എന്നിവയുടെ ആക്രമണം കണ്ടുവരുന്നുണ്ട്. രണ്ടു ശതമാനം വീര്യമുളള വേപ്പെണ്ണ വെളുത്തുളളി മിശ്രിതം ഉപയോഗിച്ച് കാറ്റര്‍പില്ലറിനേയും ഇലപ്പേനിനെയും നിയന്തിക്കാം. ഉപ്പുപ്പൊടി വിതറി ഒച്ചിനെ തടയാവുന്നതാണ്.

രണ്ടര മാസംകൊണ്ട് വിളവെടുക്കാം വെയില്‍ കൊണ്ട് ഫ്‌ളവറിന്റെ നിറം മങ്ങാതിരിക്കാന്‍ അതിന്റെ തന്നെ ഇലകള്‍ കൊണ്ട് മൂടിക്കെട്ടണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.