
സിയോള്‍: അമേരിക്കന്‍ താക്കീതിന് കനത്ത ഭാഷയില്‍ മറുപടി നല്കി ഉത്തരകൊറിയ. ഗുവാമിലെ സൈനിക താവളത്തില്‍ മിസൈല്‍ ആക്രമണം നടത്തുമെന്ന ഭീഷണിയുമായാണ് ഉത്തര കൊറിയരംഗത്തെത്തിയിരിക്കുന്നത്. യുഎസിനെതിരായ നീക്കങ്ങളില്‍ ശക്തമായി തിരിച്ചടിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് ഉത്തരകൊറിയയുടെ പ്രസ്താവന. ഉത്തര കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കെ.സി.എന്‍.എയിലൂടെയാണ് പ്രഖ്യാപനം.
മധ്യ ദീര്‍ഘ ദൂര മിസൈല്‍ ഹ്വാസോങ്12 വിക്ഷേപിക്കുമെന്നാണ് ഉത്തര കൊറിയയുടെ മുന്നറിയിപ്പ്. മിസൈലിന്റെ അന്തിമഘട്ട പരീക്ഷണം വിജയമാണെന്നും പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും സൈനിക വക്താവ് അറിയിച്ചു.
പസഫിക് മഹാസമുദ്രത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് അമേരിക്കയുടെ ശക്തമായ സൈനിക സാന്നിധ്യമുള്ള ദ്വീപാണ് ഗുവാം. അമേരിക്കയുടെ ഏതാണ്ടെല്ലാ സൈനിക വിഭാഗങ്ങളും ഇവിടെയുണ്ട്. ബോംബര്‍ വിമാനങ്ങള്‍ ഉള്‍പ്പടെ അമേരിക്കയുടെ പടക്കോപ്പുകള്‍ ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ഇവിടം തകര്‍ക്കുക വഴി അമേരിക്കക് കനത്ത പ്രഹരമേല്പ്പിക്കാം എന്നാണ് ഉന്നിന്റെയും കൂട്ടരുടേയും കണക്കുകൂട്ടല്‍.