2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മിത്തും ജനായത്തവും

ഡോ.ടി.എസ്.ശ്യാം കുമാർ

മിത്ത് വിവാദം കേരള സമൂഹത്തിൽ വേരൂന്നിയ ബ്രാഹ്മണ്യ ലോക വീക്ഷണത്തെ ഒരിക്കൽകൂടി പ്രത്യക്ഷീകരിച്ചിരിക്കുന്നു. ദേവതാ സങ്കൽപങ്ങളാണ് ചർച്ചാ വിഷയമെന്ന് തോന്നുമെങ്കിലും ബ്രാഹ്മണ്യത്തെ ഊട്ടിയുറപ്പിക്കുന്നതിനുള്ള രണ്ടാം ശൂദ്ര ലഹളയാണ് അരങ്ങിലൊരുങ്ങുന്നതെന്ന് വ്യക്തമാണ്. വിശ്വാസം സംരക്ഷിക്കാനെന്ന പേരിൽ നാമജപം നടത്തുന്നവർ മണിപ്പൂർ കത്തിയമരുമ്പോഴും, ന്യൂനപക്ഷങ്ങൾ കഠിനമായി ഹിംസ നേരിടുമ്പോഴും, സ്വന്തം സ്ഥാപനങ്ങളിൽ ഹിംസാത്മകമായി ദലിതരെ പുറന്തള്ളുമ്പോഴും, അതിനെതിരായി നാമജപവുമായി രംഗത്തെത്തിയിട്ടില്ല.

സമൂഹത്തിൽ കഠിനമായ അസമത്വങ്ങളും പാർശ്വവൽക്കരണങ്ങളും തുടരുമ്പോൾ അതിനെതിരായി ഒരു പ്രതികരണവും നടത്താതെ ഇപ്പോൾ മിത്ത് വിവാദത്തെ ചുട്ടു നീറ്റുന്നതിനു പിന്നിൽ സ്ഥാപിത ലക്ഷ്യമാണുള്ളതെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് ദേവതാ സങ്കൽപങ്ങളെ ചരിത്രപരമായി പരിശോധിക്കേണ്ടത് അനിവാര്യമായിത്തീരുന്നത്.
ഗണപതി ആരുടെ സ്വത്താണ്?


മിത്ത് വിവാദം ഉയർന്നുവന്ന പശ്ചാത്തലത്തിൽ മുഴങ്ങിക്കേട്ട മുദ്രാവാക്യമാണ് ഗണപതി ‘ഞങ്ങളുടെ സ്വത്താണ്’ എന്ന വരേണ്യ ശൂദ്രവാദം. അമരകോശത്തിൽ ബുദ്ധന് വിനായകൻ എന്ന് പര്യായമുണ്ട്. വിനായകൻ എന്നാൽ ഗണപതി എന്ന് അർഥവും കാണാം. ബ്രാഹ്മണർ ആദ്യ കാലത്ത് പ്രതിമാപൂജകളും ബിംബാരാധനകളും നിർവഹിച്ചിരുന്നില്ല. പ്രതിമാപൂജ ചെയ്യുന്ന ബ്രാഹ്മണരെ അശുദ്ധരായാണ് മനുസ്മൃതി ഗണിച്ചിരുന്നത്. താന്ത്രിക വിദ്യകളുടെ ഉടയോരായ ഗോത്ര സമുദായങ്ങളുമായി ലയിച്ചതിന്റെ ഫലമായാണ് ബ്രാഹ്മണർ താന്ത്രിക ഗ്രന്ഥങ്ങൾ പിൽക്കാലത്ത് രചിച്ചത് എന്ന് ചരിത്രപണ്ഡിതൻ ആർ.എസ് ശർമ നിരീക്ഷിക്കുന്നുണ്ട്.

ഋഗ്വേദത്തിൽ അഗ്നിയും ഇന്ദ്രനും വരുണനും മറ്റുമാണ് ആരാധ്യ ദേവതകൾ. ഇതിഹാസ പുരാണങ്ങളുടെ രചനാകാലത്താണ് ഗണപതി ഉൾപ്പെടെയുള്ള ദേവതാ വൃന്ദങ്ങൾ ബ്രാഹ്മണ്യ അനുഷ്ഠാന പാരമ്പര്യത്തിൽ ഇടം നേടിയത്. കാളിയെ പിൽക്കാലത്ത് ബ്രാഹ്മണർ ആരാധ്യ ദേവതയാക്കി മാറ്റിയെങ്കിലും ആദ്യ കാലത്ത് കാളി ബ്രാഹ്മണ്യ പാരമ്പര്യത്തിന് സ്വീകാര്യ ദേവതയായിരുന്നില്ല. കാളിയുടെ വലിയ വിഗ്രഹത്തെ പൂജിക്കുകയും മാംസം അർപ്പിക്കുകയും ചെയ്യുന്ന ശബരരെപ്പറ്റി ബാണഭട്ടൻ ഹർഷചരിതത്തിൽ വിവരിക്കുന്നുണ്ട്.


കേരളത്തിലാവട്ടെ കാളീപൂജകരായ വ്യത്യസ്ത ജാതിവിഭാഗങ്ങളെ ബ്രാഹ്മണ്യം ഭ്രഷ്ടരായി കണക്കാക്കിയിരുന്നു എന്ന് പി. ഭാസ്കരനുണ്ണി പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളത്തിൽ എഴുതുന്നുണ്ട്. മത്സ്യ പുരാണത്തിൽ വിഷ്ണു പൂജകരായ പാഞ്ചരാത്രികന്മാരെ അശുദ്ധരായാണ് ഗണിച്ചിരുന്നത്.
ചാത്തൻ, മറുത, മാടൻ, ചാമുണ്ഡ തുടങ്ങിയ കീഴാളരുടെ ദൈവ മൂർത്തികളെ ബ്രാഹ്മണ്യം അശുദ്ധരായാണ് പരിഗണിച്ചിരുന്നതെന്ന് പ്രശ്നമാർഗം എന്ന ഗ്രന്ഥം തെളിയിക്കുന്നു. ഇതെല്ലാം വസ്തുതാപരമായി പരിശോധിച്ചാൽ ബോധ്യപ്പെടുന്നത്, ബ്രാഹ്മണ്യ വ്യവഹാരങ്ങൾ അവരുടേതാണന്ന് അവകാശവാദം ഉന്നയിക്കുന്ന ദൈവ സങ്കൽപങ്ങൾ അവരുടേതല്ല എന്നാണ്. ആന ടോട്ടമായ (കുലചിഹ്നം)

ഗോത്രവർഗങ്ങളുടെ ദൈവസങ്കൽപത്തെ ബ്രാഹ്മണ്യം സ്വാംശീകരിച്ചതോടെയാണ് ഗണപതി സങ്കൽപം ബ്രാഹ്മണ്യ വ്യവഹാരങ്ങളിൽ ഇടം പിടിച്ചതെന്ന് നരവംശശാസ്ത്ര പഠിതാക്കളും സാമൂഹിക ചരിത്രകാരന്മാരും നിരീക്ഷിച്ചിട്ടുണ്ട്. ഇങ്ങനെ നോക്കിയാൽ ശൂദ്ര ബ്രാഹ്മണ്യ വരേണ്യർ ഇന്ന് തങ്ങളുടേതാണെന്ന് അവകാശവാദം ഉന്നയിക്കുന്ന ദൈവ സങ്കൽപങ്ങൾ ഇന്ത്യയിലെ ദലിതരുടേയും കീഴാളരുടേയും ആദിവാസി ഗോത്രങ്ങളുടേതുമായിരുന്നു എന്ന് കാണാം.


ദൈവം എന്ന അപരപ്രിയത്വം
വിനായകാഷ്ടകത്തിൽ നാരായണ ഗുരു വിഘ്നേശ്വരനെ ‘ശിവ പ്രേമ പിണ്ഡം’ എന്നാണ് വിശേഷിപ്പിക്കുന്നത്. അതായത് സാക്ഷാൽ സ്നേഹമായി ഗുരു ദൈവത്തെ ഭാവന ചെയ്യുന്നു. ഗുരുവിന്റെ സ്തോത്രങ്ങളിലും ദാർശനിക കൃതികളിലും ദൈവത്തെ വിശേഷിപ്പിക്കുമ്പോൾ ‘അരുൾ’ എന്ന പദമാണ് പ്രയോഗിക്കുന്നത്. ഈ അരുൾ കേവല കാരുണ്യമല്ല. മൈത്രിയും തുല്യഭാവനയുമാണ് അരുളിന്റെ കാതൽ. അത് ഔദാര്യത്തിലല്ല, സാഹോദര്യത്തിലാണ് ഊന്നുന്നത്. സാഹോദര്യമാവട്ടെ ഇന്ത്യൻ സാമൂഹിക ബോധത്തിൽ സഹജമായ മേൽക്കീഴ് ശ്രേണിയെ നിരാകരിച്ചുകൊണ്ട് തുല്യതയെ സ്ഥാനപ്പെടുത്തുന്നു.

ഇങ്ങനെ തന്നിലും അപരത്തിലും സഹജമായ അരുളായി ദൈവത്തെ ഭാവന ചെയ്യുന്നതോടെ സ്വകീയ പ്രിയം അപരപ്രിയ ഹേതുവായിത്തീരുന്നു. അതുകൊണ്ടാണ് ഗുരു വിനായകനെ ശിവപ്രേമ പിണ്ഡം എന്ന് വിശേഷിപ്പിച്ചത്. ദൈവ ഭാവനയെ സാഹോദര്യമായി ദർശിച്ചതുകൊണ്ടാണ് ഗുരുവിന് സാമൂഹിക അസമത്വങ്ങൾക്കെതിരായി പോരാട്ടമുയർത്താൻ സാധിച്ചത്. ഗുരു കേവലമൊരു സന്യാസിയായി മാറിത്തീരാതെ അതുല്യനായ ‘ഗുരുവായി’കാലത്തിൽ രേഖപ്പെട്ടതിന് കാരണവും മറ്റൊന്നല്ല.


ഗുരു ദർശിച്ചതുപോലെ സാഹോദര്യത്തെയും അരുളിനെയും ദൈവമായി ദർശിച്ചിരുന്നുവെങ്കിൽ ശൂദ്ര ലഹളക്കാർ മണിപ്പൂരിലെ ഹിംസകൾക്കെതിരായും ഇന്ത്യയിൽ നടമാടുന്ന അസമത്വ വിവേചനങ്ങൾക്കെതിരായും ശബ്ദം ഉയർത്തുമായിരുന്നു. ദൈവത്തെ നീതിയായി കാണുന്നതിന് പകരം അധികാര ബലതന്ത്രത്തിനുള്ള ഉപകരണമായാണ് കാണുന്നതെന്ന് ഇതിൽനിന്ന് സ്പഷ്ടമാണ്.


ഭക്തിക്ക് പങ്കുവയ്ക്കുക എന്ന ഒരർഥം കൂടിയുണ്ട്. എന്നാൽ ഭക്തിയുടെ കുത്തക അവകാശപ്പെടുന്നവർ തന്നെയാണ് ദലിതരുടെയും പാർശ്വവൽകൃതരുടെയും അവകാശങ്ങളെയും അധികാരത്തെയും കാർന്നുതിന്നുകൊണ്ട് ഭക്തിയുടെ ആധാര മൂല്യമായ പങ്കുവയ്ക്കലിനെ തിരസ്കരിക്കുന്നത്. ഭക്തിയെ, ‘പങ്കുവയ്ക്കലായി’ ദർശിക്കുന്നില്ല എന്നാണ് പ്രാതിനിധ്യ ജനായത്തത്തിനെതിരായ ഇവരുടെ ലഹളകൾ സൂചിപ്പിക്കുന്നത്.

Content Highlights:Today’s Article by t.s syam kumar


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.