
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സ്ഥാനത്തു നിന്ന് സോണിയാ ഗാന്ധി രാജിവയ്ക്കുന്നുവെന്ന വാര്‍ത്ത വന്നതിനു പിന്നാലെ, രാഹുല്‍ ഗാന്ധിക്കായി ക്യാംപയിനുമായി യൂത്ത് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ അടുത്ത അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുക്കാന്‍ എല്ലാ യൂത്ത് കോണ്‍ഗ്രസുകാരും ആവശ്യപ്പെടണമെന്ന് ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ശ്രീനിവാസ് ബി.വി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ഇതിനു പിന്നാലെ വിവിധ സംസ്ഥാനങ്ങളിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളും ഇതേ ആവശ്യമുന്നയിച്ച് രംഗത്തെത്തി. #MyLeaderRahulGandhi എന്ന ഹാഷ്ടാഗോടെയാണ് ക്യാംപയിന് നടക്കുന്നത്. ക്യാംപയിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ശാഫി പറമ്പിലും ഫെയ്സ്ബുക്കില്‍ പിന്തുണ പോസ്റ്റിട്ടു. ‘ഒരു നല്ല നേതാവ് ജനങ്ങളുടെ മുകളിലിരുന്ന് നയിക്കും. ഒരു ഉന്നതനായ നേതാവ് ജനങ്ങള്‍ക്കൊപ്പം നിന്ന് നയിക്കും’- രാഹുല്‍ ഗാന്ധിയെ പിന്തുണച്ചു കൊണ്ട് ശാഫി പറമ്പില്‍ പോസ്റ്റിട്ടു.