പാലക്കാട്: ഒന്നരവര്‍ഷം മുമ്പ് മരിച്ചയാള്‍ക്ക് ഗതാഗത നിയമലംഘനത്തിന് നോട്ടീസ് അയച്ച് മോട്ടോര്‍ വാഹന ഡിപ്പാര്‍ട്ട്‌മെന്റ്. സംഭവം വിവാദമായതോടെ പിഴവ് സമ്മതിച്ച് എം.വി.ഡി രംഗത്തെത്തി. ഒന്നര വര്‍ഷം മുന്‍പ് മരിച്ച അച്ഛന്‍ ഗതാഗത നിയമലംഘനം നടത്തിയെന്ന് പറഞ്ഞുള്ള നോട്ടീസ് ലഭിച്ചത് പാലക്കാട് സ്വദേശി വിനോദിനായിരുന്നു. വാഹന രജിസ്ട്രഷന്‍ നമ്പറില്‍ ഒരക്കം മാറി പോയതാണ് തെറ്റിധാരണയ്ക്ക്
കാരണമെന്ന് പാലക്കാട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ജയേഷ് കുമാര്‍ പറഞ്ഞു.
പിതാവിന്റെ ഇരുചക്ര വാഹനത്തില്‍ പിന്‍സീറ്റ് യാത്ര ചെയ്യുന്ന ആള്‍ക്ക് ഹെല്‍മറ്റ് ഇല്ലെന്നാണ് എ.ഐ ക്യാമറ കണ്ടെത്തിയതെന്ന് വിനോദ് പറയുന്നു. പഞ്ചറായി കിടക്കുന്ന വണ്ടി അച്ഛന്‍ മരിച്ച ശേഷം പുറത്തു പോലും എടുത്തിട്ടില്ലെന്നും മകന്‍ പറഞ്ഞു.പാലക്കാട് കാവല്‍പ്പാട് സ്വദേശിയായ ചന്ദ്രശേഖരന്‍ 89ാമത്തെ വയസ്സിലാണ് മരിച്ചത്. ഒന്നരവര്‍ഷം മുമ്പായിരുന്നു മരണം. മരിക്കുന്നതിന് 7 മാസം മുമ്പ് അദ്ദേഹം അല്‍ഷിമേഴ്‌സ് ബാധിച്ച് കിടപ്പിലായിരുന്നു.
അദ്ദേഹത്തിന്റെ വണ്ടി വീട്ടില്‍ തന്നെയുണ്ട്. പഞ്ചറായി ഷെഡിലിരിക്കുന്ന വാഹനത്തില്‍ യാത്ര ചെയ്തതിനാണ് ഇപ്പോള്‍ എഐ ക്യാമറയുടെ നോട്ടീസ് വന്നിരിക്കുന്നത്. ‘ഞങ്ങളാരും അച്ഛന്റെ വണ്ടി തൊടാറേയില്ലായിരുന്നു. ഒന്നരവര്‍ഷമായി വാഹനം പുറത്തേക്ക് എടുത്തിട്ടില്ല’ വിനോദ് പറഞ്ഞു.
ഇതിന് മുന്‍പും ഇത്തരത്തില്‍ ആളുമാറിയും മറ്റും പിഴയീടാക്കാന്‍ നോട്ടിസ് അയച്ച സംഭവം എംവിഡിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്.
Comments are closed for this post.