തിരുവനന്തപുരം: പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കെതിരെ ഉയരുന്ന പ്രചാരണങ്ങളെ ചെറുക്കുന്നതിന് ആസൂത്രിതമായ നീക്കം വേണമെന്ന് ആവശ്യപ്പെടുന്ന ശബ്ദരേഖയില്‍ വിശദീകരണവുമായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം. വി ജയരാജന്‍. ഫേസ്ബുക്ക് കമന്റുകള്‍ സംബന്ധിച്ച് വാട്‌സ്അപ്പില്‍ താന്‍ നല്‍കിയ സന്ദേശത്തിന്റെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിക്കെതിരായ പ്രചാരണങ്ങളെ എങ്ങനെ നേരിടുമെന്നാലോചിച്ചപ്പോഴാണ് ഇതിന് വ്യക്തമായ പദ്ധതി തയ്യാറാക്കിയത്. സമൂഹമാധ്യമങ്ങളില്‍ ഒരു മോശം പരാമര്‍ശവും പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തില്ല. തെറ്റായ പ്രതികരണങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് ഉണ്ടാകാതിരിക്കാനാണ് കാപ്സ്യൂള്‍ രൂപത്തില്‍ കമന്റുകള്‍ തയ്യാറാക്കി നല്‍കുന്നത് എന്നും എം.വി ജയരാജന്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ മോശമായി പെരുമാറരുത് എന്ന് പാര്‍ട്ടിയ്ക്ക് അകത്ത് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പല തരത്തിലും പ്രകോപിപ്പിക്കുമെങ്കിലും നിയന്ത്രണം കൈവിടരുതെന്ന് നിര്‍ദേശം നല്‍കിയതായും എം.വി ജയരാജന്‍ വ്യക്തമാക്കി.
തൊഴില്‍ രഹിതരെ സര്‍ക്കാരിനെതിരെ തിരിച്ചുവിടാന്‍ യു.ഡി.എഫും ബി.ജെ.പിയും ശ്രമിക്കുന്നുണ്ട്. മാധ്യമങ്ങളിലൂടെയും നവമാധ്യമങ്ങളിലൂടെയും സി.പി.എമ്മിനെതിരെ പടച്ചിടുന്ന പച്ചക്കള്ളങ്ങള്‍ പൊളിച്ചടക്കുക എന്നതാണ് ഉദ്ദേശം. എല്‍.ഡി.എഫ് തൊഴില്‍ അന്വേഷകര്‍ക്കെതിരല്ലെന്നും അദ്ദേഹം പറഞ്ഞു.
സഭ്യേതര ഭാഷകള്‍ ഉപയോഗിച്ച് പ്രതികരിക്കാന്‍ പാടില്ലെന്ന് കര്‍ശന നിലാപാട് സിപിഎം എടുത്തിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളെ ക്രിയാത്മകമായി ഉപയോഗിക്കണമെന്നും എം.വി ജയരാജന്‍ പറഞ്ഞു.
Comments are closed for this post.