മാള: ജനകീയപ്രതിരോധ ജാഥയ്ക്കിടെ മൈക്ക് ശരിയായി പ്രവര്‍ത്തിക്കാത്തതിന് മൈക്ക് ഓപ്പറേറ്ററെ ശകാരിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ജനകീയ പ്രതിരോധ ജാഥയുടെ തൃശൂര്‍ പര്യടനത്തിനിടെ, മാളയില്‍ നല്‍കിയ സ്വീകരണ യോഗത്തിനിടെയാണ് സംഭവം. നിന്റെ മൈക്കിന്റെ തകരാറിന് ഞാനാണോ ഉത്തരവാദിയെന്നാണ് ഗോവിന്ദന്‍ യുവാവിനോട് ചോദിക്കുന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
മാധ്യമസ്ഥാപനത്തിന്റെ കോഴിക്കോടുള്ള ഓഫിസ് ക്രൈംബ്രാഞ്ച് റെയ്ഡ് ചെയ്ത സംഭവത്തില്‍ ഗോവിന്ദന്‍ വിശദീകരണം നല്‍കുകയായിരുന്നു. സംസാരിച്ചുകൊണ്ടിരിക്കെ മൈക്ക് ഇളകുകയും ശബ്ദം ശരിയായി വരാതിരിക്കുകയും ചെയ്തതോടെയായിരുന്നു മൈക്ക് ഓപ്പറേറ്റര്‍ പരിഹരിക്കാനെത്തിയത്. ഇതിനിടെ മൈക്കിനടുത്തേക്ക് നിന്ന് സംസാരിക്കണമെന്ന് ഓപ്പറേറ്റര്‍ പറഞ്ഞതാണ് ഗോവിന്ദനെ ചൊടിപ്പിച്ചത്.
‘പോട്, പോയേ.. നിന്റെ മൈക്കിന്റെ തകരാറിന് ഞാനാണോ ഉത്തരവാദി’ എന്നു ചോദിച്ച് അദ്ദേഹം മൈക്ക് ഓപ്പറേറ്ററെ വേദിയില്‍ നിന്ന് ഇറക്കിവിട്ടു. ഇതിനു പിന്നാലെ മൈക്ക് കൈകാര്യം ചെയ്യുന്ന യുവാവിനെ കുറ്റപ്പെടുത്തി സദസിനോടു സംസാരിക്കുകയും ചെയ്തു.
”മൈക്കിന്റെ അടുത്തുനിന്നു പറയണമെന്നാണ് ചങ്ങാതി പറയുന്നത്. ആദ്യമായി മൈക്കിനു മുന്നില്‍ നില്‍ക്കുന്നയാളോട് വിശദീകരിക്കുന്നതു പോലെയാണ് പറയുന്നത്. ഇതെന്താണെന്ന് അറിയാമോ, കുറേ സാധനങ്ങളുണ്ട്. പക്ഷേ, ഇതൊന്നും കൈകാര്യം ചെയ്യാനറിയില്ല. ഈ മൈക്ക് ചെറിയ കാര്യമല്ല. ഇത് ഏറ്റവും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചു കൈകാര്യം ചെയ്യേണ്ട ഉപകരണമാണ്. കുറേ ഉപകരണങ്ങള്‍ വാരിവലിച്ചു കൊണ്ടുവന്നതു കൊണ്ടൊന്നും കാര്യമില്ല. ആള്‍ക്കാരോടു സംവദിക്കാന്‍ ഉതകുന്ന രീതിയിലുള്ള മൈക്ക് സിസ്റ്റത്തെ കൈകാര്യം ചെയ്യാന്‍ അറിയണം. അവിടുന്നും ഇവിടുന്നും ചിലര്‍ ശബ്ദമില്ലെന്നു പറയുമ്പോള്‍ വേഗം വന്ന് മൈക്കിന് അടുത്തുനിന്ന് പറയണമെന്നാണ്. ഇതാണ് ഞാന്‍ പറഞ്ഞ കാര്യം. ഇതിനെക്കുറിച്ച് നല്ല ധാരണ വേണം. അല്ലാതെ നല്ല സാധനം കയ്യിലുണ്ടായിട്ടു കാര്യമില്ല. ഇത്രയൊന്നും സാധനങ്ങള്‍ വേണ്ട. അല്ലാതെ തന്നെ ഈ ഹാളിലുള്ള മുഴുവന്‍ ആളുകള്‍ക്കും കേള്‍ക്കാന്‍ കഴിയും.’ – ഗോവിന്ദന്‍ പറഞ്ഞു.
Comments are closed for this post.