2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

വിവാദം മാധ്യമസൃഷ്ടി; ഇ.പിക്കെതിരെ പാര്‍ട്ടി അന്വേഷണമില്ലെന്ന് എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: റിസോര്‍ട്ട് വിവാദത്തില്‍ ഇ.പി ജയരാജനെതിരെ അന്വേഷണമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. വിവാദം മാധ്യമസൃഷ്ടിയാണെന്നും ആരോപണം ചോര്‍ന്നത് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങള്‍ നടത്തുന്ന ചര്‍ച്ചകള്‍ക്കൊന്നും വശംവദമാകാന്‍ പാര്‍ട്ടിയില്ല. വിഷയത്തില്‍ പാര്‍ട്ടി തലത്തില്‍ ഒരു അന്വേഷണവും ഇല്ലെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കി.

സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ ഒന്നര മാസം മുന്‍പാണ് സംസ്ഥാന സമിതി അംഗം പി.ജയരാജന്‍ ഇ.പി ജയരാജനെതിരെ ആരോപണം ഉന്നയിച്ചത്. ഇ.പിയുടെ ഭാര്യയ്ക്കും മകന്‍ പി.കെ ജയ്‌സനും പങ്കാളിത്തവുമുള്ള കണ്ണൂരിലെ വൈദേകം ആയുര്‍വേദ റിസോര്‍ട്ടിനു പിന്നിലെ ധനസമാഹരണവും വിനിയോഗവും സംബന്ധിച്ചാണ് പി ജയരാജന്‍ ആരോപണം ഉന്നയിച്ചിരുന്ന്.

സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിര്‍ദ്ദേശപ്രകാരം വിഷയത്തില്‍ ഇന്നലെ സംസ്ഥാന സമിതിയില്‍ മറുപടി പറയവെ ഇ.പി വികാരഭരിതനായിരുന്നു.
കണ്ണൂര്‍ ജില്ലാ കമ്മിറ്റി നേരത്തെ തന്നെ പരിശോധിച്ച് തള്ളിക്കളഞ്ഞ ആരോപണമാണ് ഇപ്പോള്‍ വീണ്ടും ഉന്നയിച്ചിരിക്കുന്നത്. വ്യക്തിപരമായി തേജോവധം ചെയ്യുന്നതിനാണ് ആരോപണം ഉയര്‍ത്തുന്നത്. ഇത് തനിക്കെതിരായ ആസൂത്രിതമായ നീക്കമാണെന്നും ഇ.പി ആരോപിച്ചു.

വിവാദമുണ്ടായപ്പോള്‍ പാര്‍ട്ടി നേതൃത്വം ഫലപ്രദമായി ഇടപെട്ടില്ലെന്ന പരാതിയും ഇ.പി ഉന്നയിച്ചു. വേട്ടയാടല്‍ തുടര്‍ന്നാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന മുന്നറിയിപ്പും നല്‍കിയെന്നാണ് വിവരം.

അതേസമയം, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന യാത്ര ഉടനെ ആരംഭിക്കാനിരിക്കെ പാര്‍ട്ടിയെ പൊതുസമൂഹത്തിനു മുന്നില്‍ താഴ്ത്തിക്കെട്ടുന്ന വാര്‍ത്തകള്‍ വരുന്നത് നല്ലതല്ലെന്ന വിലയിരുത്തലിലാണ് നേതൃത്വം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.