2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മൊയ്തീന്‍ പണം ചാക്കില്‍കെട്ടി കൊണ്ടുപോയെന്ന് പറയാന്‍ ഇ.ഡി നിര്‍ബന്ധിച്ചു; കൊല്ലുമെന്ന് പറഞ്ഞു- ഗോവിന്ദന്‍

മൊയ്തീന്‍ പണം ചാക്കില്‍കെട്ടി കൊണ്ടുപോയെന്ന് പറയാന്‍ ഇ.ഡി നിര്‍ബന്ധിച്ചു; കൊല്ലുമെന്ന് പറഞ്ഞു- ഗോവിന്ദന്‍

   

തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണബാങ്കിലെ ക്രമക്കേട് സംബന്ധിച്ച ഇഡി അന്വേഷണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കരുവന്നൂര്‍ ബാങ്കിലുണ്ടായ ക്രമക്കേടില്‍ സംസ്ഥാനസര്‍ക്കാര്‍ ഫലപ്രദമായി അന്വേഷണം നടത്തിയിട്ടുണ്ട്. ഇഡി അന്വേഷണത്തിന്റെ ഭാഗമായി ഈ തട്ടിപ്പിന് പിന്നില്‍ പാര്‍ട്ടി നേതൃത്വമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമമെന്ന് ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘പാര്‍ട്ടി സംസ്ഥാന സമിതി അംഗമായ എ.സി.മൊയ്തീന്റെ വീട് ഇഡി റെയ്ഡ് ചെയ്തു. അദ്ദേഹത്തെ ചോദ്യം ചെയ്തു. ഒരു തെളിവും കണ്ടെത്താനായില്ല. തെളിവുണ്ടാക്കാനായി ചിലരെ ചോദ്യം ചെയ്തു. അതിന്റെ ഭാഗമായി മൊയ്തീന്റെ പേരു പറയണമെന്ന് ഭീഷണിപ്പെടുത്തി. മൊയ്തീന്‍ പണം ചാക്കില്‍ കെട്ടിക്കൊണ്ടുപോയി എന്നു പറയണമെന്നാണ് ആവശ്യപ്പെട്ടത്. ഇല്ലെങ്കില്‍ പുറംലോകം കാണില്ലെന്നാണ് പറയുന്നത്. കൗണ്‍സിലര്‍ അരവിന്ദനോട് പറഞ്ഞത് നിന്റെ മകളുടെ വിവാഹനിശ്ചയം നടക്കാന്‍ പോകുന്നില്ലെന്നാണ്. എന്നിട്ട് അയാള്‍ക്ക് മേല്‍ ഇഡി തന്നെ ബലപ്രയോഗം നടത്തുക. ഇത് ചരിത്രത്തില്‍ ഇല്ലാത്ത കാര്യമാണ്. ഉത്തേരന്ത്യയില്‍ നിന്നെത്തിയ ഉദ്യോഗസ്ഥരുള്‍പ്പടെ നടത്തുന്ന കൂട്ടായ ശ്രമമായാണ് ഇതിനെ കാണുന്നത്. യഥാര്‍ഥത്തില്‍ ഇടതുപക്ഷത്തിനെയും സഹകരണമേഖലയെയും തകര്‍ക്കാനുള്ള ശ്രമമാണ് ഇതെന്നും ഗോവിന്ദന്‍ പറഞ്ഞു.

സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ കള്ള പ്രചാരണവേലയാണ് നടക്കുന്നത്. സഹകരണമേഖലയിലെ ഇഡി പരിശോധനയും ഇത്തരമൊരു നിലപാടിന്റെ ഭാഗമായാണ് ഉണ്ടാവുന്നത്. കേരളത്തിന്റെ വികസനത്തിന് വലിയ സംഭാവന നല്‍കിയ മേഖലയാണ് സഹകരണ മേഖല. സാധാരണ ജനങ്ങളുടെ നിത്യജീവിതത്തില്‍ സഹകരണപ്രസ്ഥാനം ഇടപെടുന്നുണ്ട്. സഹകരണ മേഖലയെ കൈപ്പിടിയില്‍ ഒതുക്കുന്നതിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടരുകയാണ്. ഇതിനായാണ് അമിത് ഷായുടെ ശ്രമം. സുപ്രീം കോടതിയുടെ ഇടപെടല്‍ കൊണ്ടാണ് ഒരുഘട്ടത്തില്‍ സഹകരണ പ്രസ്ഥാനം പിടിച്ചുനിന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു.

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവേണ്ട കാര്യങ്ങളില്‍ മാറ്റം വരും. നല്ല രീതിയില്‍ സര്‍ക്കാര്‍ മുന്നോട്ടുപോയി എന്നാണ് പാര്‍ട്ടി വിലയിരുത്തലെന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ക്കിടയില്‍ നല്ല രീതിയില്‍ ധനകാര്യം കൈകാര്യം ചെയ്തു. എല്ലാ വകുപ്പും ഫലപ്രദമായി മുന്നോട്ടു പോകുന്നു. ഭരണ രീതിയില്‍ മാറ്റം വേണ്ട. പക്ഷേ, പല കാര്യങ്ങളും നടപ്പിലാക്കിയത് ജനങ്ങളിലെത്തുന്നില്ല. അതിനായാണ് പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. മാസപ്പടി കേസില്‍ രേഖളിലെ പിവി എന്നത് പിണറായി വിജനല്ലെന്നു ചോദ്യത്തിനു മറുപടിയായി എം.വി.ഗോവിന്ദന്‍ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.