2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സഹപാഠികളാല്‍ മുഖത്തടിപ്പിച്ച മുസ്‌ലിം വിദ്യാര്‍ഥി സ്‌കൂള്‍ മാറുന്നു; കുട്ടിയുടെ പഠന ചെലവ് ഏറ്റെടുത്ത് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്

സഹപാഠികളാല്‍ മുഖത്തടിപ്പിച്ച മുസ്‌ലിം വിദ്യാര്‍ഥി സ്‌കൂള്‍ മാറുന്നു; കുട്ടിയുടെ പഠന ചെലവ് ഏറ്റെടുത്ത് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്

മുസഫര്‍ നഗര്‍: അപമാനത്തിന്റെ കല്‍ച്ചീളുകള്‍ ഏറ്റുവാങ്ങിയിടത്തു നിന്ന് അവന്‍ വിടപറയുന്നു. ഉത്തര്‍ പ്രദേശിലെ മുസഫര്‍ നഗറില്‍ അധ്യാപികയുടെ നിര്‍ദേശപ്രകാരം സഹപാഠികളുടെ അടിയേറ്റ് അപമാനിതനായി നിന്ന് ആ കുഞ്ഞു വിദ്യാര്‍ത്ഥി. തനിക്കുമേല്‍ ഇനിയൊരു വംശീയ വിദ്വേഷത്തിന്റെ തീമഴ പെയ്യില്ലെന്ന പ്രതീക്ഷയോടെ. ഇനി പുതിയ ലോകം പുതിയ കൂട്ടുകാര്‍. വെറുപ്പിന്റെ കഥകള്‍ക്കു പകരം സ്‌നേഹത്തിന്റെ ചേര്‍ത്തു പിടിക്കലുകള്‍ കൂട്ടാവണേ എന്ന പ്രാര്‍ത്ഥനോടെ അവനും രക്ഷിതാക്കളും. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് കുട്ടിയുടെ മുഴുവന്‍ വിദ്യാഭ്യാസ ചെലവും ഏറ്റെടുക്കും.

ഏതാനും കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു സ്വകാര്യ സ്‌കൂളിലേക്കാണ് മാറുകയെന്ന് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ജില്ല പ്രസിഡന്റ് മൗലാന മുകറം വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു. ഷാഹ്പൂരിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ അഡ്മിഷന്‍ ശരിയാക്കിയിട്ടുണ്ടെന്നും കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് സംഘടന വഹിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. കുട്ടിയെ സ്‌കൂളില്‍ കൊണ്ടുപോകാനും തിരിച്ചെത്തിക്കാനും വാഹന സൗകര്യം ഒരുക്കുമെന്നും അവന്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന കാലമത്രയും പഠന ചെലവ് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘടന പ്രസിഡന്റ് അര്‍ഷദ് മദനിയുടെ നിര്‍ദേശപ്രകാരം കുട്ടിയുടെ വീട് കഴിഞ്ഞ ദിവസം ഭാരവാഹികള്‍ സന്ദര്‍ശിച്ചിരുന്നു. ശേഷം കുട്ടിയുടെ പിതാവും ഭാരവാഹികളും പുതിയ സ്‌കൂളിലെത്തി അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി.

ആഗസ്റ്റ് 24നാണ് മുസ്‌ലിം വിദ്യാര്‍ഥിയെ സഹപാഠികള്‍ മുഖത്തടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. മുസഫര്‍നഗറിലെ നേഹ പബ്ലിക് സ്‌കൂളിലായിരുന്നു സംഭവം. തൃപ്തി ത്യാഗി എന്ന അധ്യാപിക വിദ്യാര്‍ഥികളോട് മുസ്‌ലിം ബാലന്റെ മുഖത്തടിക്കാന്‍ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ അധ്യാപികക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 323,504 എന്ന വകുപ്പുകള്‍ പ്രകാരം പൊലിസ് കേസെടുത്തിട്ടുണ്ട്.

മുസ്‌ലിം വിദ്യാര്‍ഥിയെ സഹപാഠിയെക്കൊണ്ട് അടിപ്പിച്ച സംഭവം: ‘തെറ്റു ചെയ്തു’, മാപ്പപേക്ഷയുമായി അധ്യാപിക

സംഭവത്തെ തുടര്‍ന്ന് രാജ്യത്താകെ പ്രതിഷേധമുയര്‍ന്നിരുന്നു. കുട്ടിയെ മുഖത്തടിപ്പിച്ച സംഭവത്തില്‍ ലജ്ജയില്ലെന്നായിരുന്നു അധ്യാപികയുടെ ആദ്യ പ്രതികരണം. ഗ്രാമത്തിലെ ജനങ്ങള്‍ തനിക്കൊപ്പമാണെന്നും കുട്ടികളെ നിയന്ത്രിച്ചേ മതിയാകൂവെന്നും അതിന് തങ്ങള്‍ പിന്തുടരുന്ന രീതിയിതാണെന്നുമായിരുന്നു അവരുടെ വാദം. എന്നാല്‍, അധ്യാപിക പിന്നീട് തെറ്റ് ഏറ്റുപറഞ്ഞ് രംഗത്തെത്തി. കുട്ടികളെ കൊണ്ട് അങ്ങനെ പറയിപ്പിച്ചതിന് പിന്നില്‍ വര്‍ഗീയ ലക്ഷ്യമുണ്ടായിരുന്നില്ലെന്നും കുട്ടി ഹോംവര്‍ക്ക് ചെയ്യാതെ വന്നതിനുള്ള ശിക്ഷ മാത്രമായിരുന്നു അതെന്നും അവര്‍ വിഡിയോ സന്ദേശത്തില്‍ പറഞ്ഞു. താന്‍ ഭിന്നശേഷിക്കാരിയായതിനാല്‍ എഴുന്നേല്‍ക്കാന്‍ സാധിക്കാത്തതിനാലാണ് മറ്റ് വിദ്യാര്‍ഥികളോട് കുട്ടിയെ അടിക്കാന്‍ ആവശ്യപ്പെട്ടത്. തന്റെ വിഡിയോ ചിത്രീകരിച്ചതും പ്രചരിപ്പിച്ചതും മനഃപൂര്‍വം ഹിന്ദു-മുസ്‌ലിം വര്‍ഗീയതയുണ്ടാക്കാനാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അധ്യാപികയുടെ നടപടി വിവാദമായതിനെ തുടര്‍ന്ന് സ്‌കൂള്‍ അനിശ്ചിതകാലത്തേക്ക് പൂട്ടിയിട്ടിരിക്കുകയാണ്. സംഭവത്തിന് ശേഷം കുട്ടി മാനസികമായി തകര്‍ന്ന നിലയിലാണെന്നും രാത്രികളില്‍ ഉറങ്ങുന്നില്ലെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേസ് പിന്‍വലിക്കാന്‍ തങ്ങള്‍ക്ക് മേല്‍ സമ്മര്‍ദമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.