2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പള്ളിയില്‍ കയറുമ്പോള്‍ ഷൂ അഴിച്ചു വെക്കണമെന്ന് അഭ്യര്‍ത്ഥിച്ചു; മുസ്‌ലിം യുവാവിന് യോഗി പൊലിസിന്റെ ക്രൂര മര്‍ദ്ദനം

പള്ളിയില്‍ കയറുമ്പോള്‍ ഷൂ അഴിച്ചു വെക്കണമെന്ന് അഭ്യര്‍ത്ഥിച്ചു; മുസ്‌ലിം യുവാവിന് യോഗി പൊലിസിന്റെ ക്രൂര മര്‍ദ്ദനം

ലഖ്‌നോ: പള്ളിയില്‍ കയറുമ്പോള്‍ പൊലിസുകാരോട് ഷൂ അഴിക്കാന്‍ അഭ്യര്‍ഥിച്ച മുസ്‌ലിം യുവാവിന് പൊലിസിന്റെ ക്രൂരമര്‍ദ്ദനം. ഉത്തര്‍പ്രദേശിലെ ദര്‍വേസ്പൂര്‍ സ്വദേശി ജുനൈദ് ബാബുവാണ് ക്രൂരമര്‍ദനത്തിനിരയായത്. കോഖ്‌രാജ് പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് മര്‍ദിച്ചതെന്നാണ് ജുനൈദ് പറയുന്നത്.

പൊലിസ് മര്‍ദനത്തെ കുറിച്ച് യുവാവ് വിശദീകരിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ബാങ്ക് വിളിക്കുള്ള ഉച്ചഭാഷിണി നീക്കം ചെയ്യാനായി രണ്ട് കോണ്‍സ്റ്റബിള്‍സ് വന്നു. ഷൂസ് ധരിച്ചു കൊണ്ടാണ് അവര്‍ പള്ളിയില്‍ പ്രവേശിച്ചത്. അങ്ങിനെ ചെയ്യരുതെന്ന് ഞാന്‍ എത്ര പറഞ്ഞിട്ടും അവര്‍ കേട്ടില്ല’ ജുനൈദ് പറയുന്നു. ജുനൈദിന്റെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥനയില്‍ രോഷാകുലരായ പൊലിസുകാര്‍ ‘ഇവന്‍ കൂടുതല്‍ സംസാരിക്കുന്നു’ എന്ന് പറഞ്ഞ് പൊലിസ് വാഹനത്തില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

പൊലിസ് വടി ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചതായും കൈകളിലും ചെവിയിലുമുള്‍പ്പെടെ പരിക്കേറ്റതായും വിഡിയോയില്‍ ജുനൈദ് പറയുന്നു. ശരീരത്തില്‍ അടിയേറ്റ രീതിയിലുള്ള പാടുകളുമുണ്ട്. മര്‍ദന വിവരം ആരോടെങ്കിലും പറഞ്ഞാല്‍ ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അവിടെ നിന്ന് പുറത്തുവിടുന്നതിന് മുമ്പ് തന്റെ വിഡിയോ പകര്‍ത്തിയെന്നും ജുനൈദ് ആരോപിച്ചു.

അതേസമയം, ജുനൈദിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് കോഖ്‌രാജ് പൊലിസ് ഇന്‍സ്‌പെക്ടര്‍ കെ. മൗര്യ രംഗത്തെത്തി. ജുനൈദ് പൊലീസിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം, തങ്ങള്‍ എല്ലാ മതത്തെയും ബഹുമാനിക്കുന്നെന്നും എല്ലാവരെയും ഒരുപോലെയാണ് കാണുന്നതെന്നും അവകാശപ്പെട്ടു. ജുനൈദിന്റെ ശരീരത്തിലെ പരിക്കുകളെ കുറിച്ച് ചോദിച്ചപ്പോള്‍, അത് ലൗഡ്‌സ്പീക്കര്‍ താഴെയിറക്കാന്‍ ശ്രമിക്കുന്നതിനിടെ താഴെവീണപ്പോള്‍ സംഭവിച്ചതാണെന്നായിരുന്നു പൊലിസിന്റെ വാദം. ജുനൈദിന്റെ പരാതി ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും സത്യം പുറത്തുകൊണ്ടുവരുമെന്നും മൗര്യ പറഞ്ഞു. ഗ്രാമത്തില്‍ നിന്നുള്ള മൂന്ന് ഹിന്ദു യുവാക്കളാണ് പൊലിസ് സ്റ്റേഷനില്‍ വന്ന് ഉച്ചഭാഷിണിയെക്കുറിച്ച് പരാതിപ്പെട്ടതെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.