2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

രാജസ്ഥാനില്‍ വിദ്വേഷക്കൊല: മുസ് ലിം യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊന്നു

ജയ്പൂര്‍: രാജസ്ഥാനില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ മുസ് ലിം യുവാവിനെ അക്രമാസക്ത ആള്‍ക്കൂട്ടം മര്‍ദിച്ച് കൊന്നു. കൊട്പുട്‌ലി- ബെഹ്‌റോര്‍ ജില്ലയിലെ ഹര്‍സോര പൊലിസ് സ്റ്റേഷന് കീഴിലുള്ള നരോള്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. വസീം (37) ആണ് കൊല്ലപ്പെട്ടത്. ബന്ധുവായ ആസിഫ്, സുഹൃത്ത് അസ്ഹറുദ്ദീന്‍ എന്നിവര്‍ക്ക് പരുക്കേറ്റു. വസീമിന് ഭാര്യയും നാലുമക്കളും ഉണ്ട്. മക്കളില്‍ ഒരാള്‍ ഭിന്നശേഷിക്കാരനാണ്.

മരവ്യാപാരികളായ മൂന്നുപേരും ഇതുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായി പിക്കപ്പ് വാനില്‍ പോയി മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. ഇവരുടെ വാഹനം ജെ.സി.ബി കൊണ്ട് തടഞ്ഞുനിര്‍ത്തിയ ആറേഴു പേരടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നുവെന്നും ഇതിലേക്ക് ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേരുകയായിരുന്നുവെന്നും പരുക്കേറ്റ ആസിഫ് പറഞ്ഞു. സംഭവമറിഞ്ഞെത്തിയ പൊലിസിന് മുന്നിലിട്ടും അക്രമികള്‍ മര്‍ദനം തുടര്‍ന്നതായും തങ്ങളെ പശുമോഷ്ടാക്കളെന്ന് അക്രമികള്‍ വിശേഷിപ്പിച്ചതായും ഇരകള്‍ പറഞ്ഞു.

സംഭവത്തില്‍ വസീമിന്റെ പിതാവ് ത്വയ്യിബിന്റെ പരാതിയില്‍ ഐ.പി.സിയിലെ കൊലപാതകം (302), കലാപം (147), ആയുധവുമായി സംഘടിക്കല്‍ (148), നിയമവിരുദ്ധമായി സംഘംചേരല്‍ (149), മുറിവേല്‍പ്പിക്കല്‍ (323) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഫോറസ്റ്റ് വകുപ്പ് ഉദ്യോഗസ്ഥനടക്കം ഏതാനും പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്.

അതേസമയം, സംഭവം വിദ്വേഷക്കൊലയാണെന്ന് വസീമിന്റെ കുടുംബം പറഞ്ഞു. മുസ്ലിമായത് കൊണ്ടാണ് വസീം കൊല്ലപ്പെട്ടത്. സംഭവത്തില്‍ നടപടിയെടുക്കാന്‍ ആലോചിക്കുന്നുണ്ടെങ്കില്‍ അവരെ അറസ്റ്റ്‌ചെയ്യട്ടെ. വാഹനം പിടിച്ചെടുക്കട്ടെ. എന്താ ആകട്ടെ, വസീം കൊല്ലപ്പെട്ടു. ഇതെല്ലാം വര്‍ഗീയ സംഭവങ്ങളാണ്– വസീമിന്റെ ബന്ധുവായ സുബൈര്‍ ഖാന്‍ പറഞ്ഞു.

Content Highlights:muslim man lynched over chopping wood in alwar two more injured


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.