കൊച്ചി: കൊച്ചി കോര്‍പറേഷന്‍ ആര് ഭരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ച് മുസ്ലിം ലീഗ് വിമതന്‍ ടി. കെ അഷ്റഫ്. ഇതോടെ കൊച്ചി കോര്‍പറേഷനില്‍ ഇടതുമുന്നണിക്ക് ഭരണം ലഭിക്കും. പത്ത് വര്‍ഷത്തിന് ശേഷമാണ് കൊച്ചി കോര്‍പറേഷന്‍ ഇടതു മുന്നണിയ്ക്ക് ലഭിക്കുന്നത്.
സി.പി.എം നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തിയെന്നും നഗരത്തില്‍ സുസ്ഥിര ഭരണം കാഴ്ച്ചവെക്കുന്ന മുന്നണിയുമായി മുന്നോട്ടുപോകാന്‍ താല്‍പര്യപ്പെടുന്നതായും അഷ്‌റഫ് പ്രതികരിച്ചു.
കോര്‍പറേഷന് സുസ്ഥിര വികസം ഉറപ്പ് നല്‍കുന്നവര്‍ക്ക് പിന്തുണ നല്‍കുമെന്നും കഴിഞ്ഞ അഞ്ച് വര്‍ഷവും തമ്മില്‍തല്ല് മാത്രമാണ് നടന്നതെന്നും മുന്നണികള്‍ നല്‍കുന്ന വാഗ്ദാനമെന്തായാലും അത് സ്വീകരിക്കുമെന്നും ടി. കെ. അഷ്റഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.
74 സീറ്റുകളുള്ള കൊച്ചി കോര്‍പറേഷനില്‍ ആര്‍ക്കും നിലവില്‍ കേവല ഭൂരിപക്ഷമില്ല. ഇടതുമുന്നണിക്ക് 34 സീറ്റുകള്‍ ലഭിച്ചപ്പോള്‍ യു.ഡി.എഫിന് 31 സീറ്റുകളാണ് ലഭിച്ചത്. അഞ്ച് സീറ്റുകള്‍ ബി.ജെ.പിയും നാല് സീറ്റുകള്‍ വിമതരും നേടി.
Comments are closed for this post.