2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘മുസ്‌ലിം ലീഗ് മതേതരപാര്‍ട്ടി, മതേതരമല്ലാത്തതൊന്നും ആ പാര്‍ട്ടിയെ സംബന്ധിച്ചില്ല’ ചോദ്യകര്‍ത്താവ് ലീഗിനെ കുറിച്ച് പഠിച്ചിട്ടില്ലേ എന്നും രാഹുല്‍ ഗാന്ധി

‘മുസ്‌ലിം ലീഗ് മതേതരപാര്‍ട്ടി, മതേതരമല്ലാത്തതൊന്നും ആ പാര്‍ട്ടിയെ സംബന്ധിച്ചില്ല’ ചോദ്യകര്‍ത്താവ് ലീഗിനെ കുറിച്ച് പഠിച്ചിട്ടില്ലേ എന്നും രാഹുല്‍ ഗാന്ധി

വാഷിങ്ടണ്‍: മുസ്‌ലിം ലീഗ് പൂര്‍ണമായും മതേതര പാര്‍ട്ടിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ വാഷിങ്ടണിലെ നാഷനല്‍ പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ മുസ്‌ലിം ലീഗുമായുള്ള സഖ്യം ചൂണ്ടിക്കാട്ടിയാിരുന്നു ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ‘മുസ്‌ലിം ലീഗ് പൂര്‍ണമായും മതേതരപാര്‍ട്ടിയാണ്. ആ പാര്‍ട്ടിയെ സംബന്ധിച്ച് മതേതരമല്ലാത്ത ഒന്നുമില്ല. ചോദ്യകര്‍ത്താവ് മുസ്‌ലിം ലീഗിനെക്കുറിച്ച് പഠിച്ചിട്ടില്ലെന്നാണ് തോന്നുന്നത്’ രാഹുല്‍ പറഞ്ഞു.

രാഹുലിന്റെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി ബി.ജെ.പി രംഗത്തെത്തി. വയനാട്ടില്‍ സ്വീകാര്യനായി തുടരേണ്ടത് രാഹുലിന്റെ ആവശ്യമാണെന്നും ഇതിനാലാണ് ഇത്തരമൊരു പ്രസ്താവനയെന്നും ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യ ആരോപിച്ചു. മതത്തിന്റെ പേരില്‍ ഇന്ത്യയെ വിഭജിച്ചതിന് ഉത്തരവാദികളായ ജിന്നയുടെ മുസ്‌ലിം ലീഗ് രാഹുല്‍ഗാന്ധിക്ക് മതേതര പാര്‍ട്ടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിന്റെ സാമൂഹിക മാധ്യമ ചുമതല വഹിക്കുന്ന സുപ്രിയ ശ്രീനേത് മാളവ്യക്ക് മറുപടിയുമായി രംഗത്തെത്തി. ‘വ്യാജ വാര്‍ത്തകളുടെ കച്ചവടക്കാരാ, നിങ്ങള്‍ അതിയായി കഷ്ടപ്പെടുന്നത് കാണുന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍, രാഹുല്‍ഗാന്ധിയുടെ യു.എസ് യാത്ര പിന്തുടര്‍ന്ന് കുറച്ചുകൂടി ഉറക്കം നഷ്ടപ്പെടുന്ന ദിവസങ്ങള്‍ക്കായി തയാറെടുക്കൂ. നിങ്ങളുടേത് ഒരു സങ്കടകരമായ ജീവിതം തന്നെ’ സുപ്രിയ ട്വിറ്ററില്‍ കുറിച്ചു.

മഹാഖഡ്ബന്ധനെ കുറിച്ചും രാഹുല്‍ വാഷിങ്ടണില്‍ പ്രതികരിച്ചു. പ്രതിപക്ഷ കക്ഷികളുമായി തടുര്‍ച്ചയായ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി.

‘പ്രതിപക്ഷം നിലവില്‍ നല്ല ഐക്യത്തിലാണ്. ഈ ബന്ധം കൂടുതല്‍ ദൃഢമായിക്കൊണ്ടിരിക്കുകയാണ്. എല്ലാ പ്രതിപക്ഷ കക്ഷികളുമായും ഞങ്ങള്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഒരുപാട് നല്ല കാര്യങ്ങള്‍ ഇവിടെ നടക്കുന്നുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. എന്നിരുന്നാലും പരസ്പരം മത്സരിക്കുന്ന ഇടങ്ങള്‍ ഉള്ളതിനാല്‍ ഈ ചര്‍ച്ച അല്‍പം സങ്കീര്‍ണമാണ്. അതുകൊണ്ടു തന്നെ ചില കൊടുക്കല്‍ വാങ്ങലുകള്‍ ആവശ്യമാണ്. എന്നാല്‍ മഹാഖഡ്ബന്ധന്‍ സംഭവിക്കും എന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്’ രാഹുല്‍ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.