2023 December 02 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പൗരത്വ നിയമത്തിനെതിരെയുള്ള പൊതുപരിപാടികളില്‍ രാഷ്ട്രീയം നോക്കാതെ പങ്കെടുക്കുകയെന്നതാണ് മുസ്‌ലിം സംഘടനകളുടെ തീരുമാനം; ശൃംഖലയില്‍ പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് മുസ്‌ലിം ലീഗ്

   

 

കോഴിക്കോട്: എല്‍.ഡി.എഫിന്റെ മനുഷ്യമഹാശൃംഖലയുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗില്‍ ഭിന്നതയുണ്ടെന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് വാസ്തവ വിരുദ്ധമായ കാര്യങ്ങളാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പ്രസ്താവനയില്‍ അറിയിച്ചു. ശൃംഖലയിലേക്ക് വിവിധ സംഘടനകളിലെ നേതാക്കള്‍ പോയതിനെ കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് പി.കെ കുഞ്ഞാലിക്കുട്ടി, പൗരത്വവിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പിക്ക് എതിരെ ആര് പ്രക്ഷോഭം നടത്തിയാലും അതിലേക്ക് അത്തരം ആളുകള്‍ പോയതില്‍ അസ്വാഭാവികതയില്ലെന്നും വിവാദമാക്കേണ്ടതില്ലെന്നുമാണ് അഭിപ്രായപ്പെട്ടത്.

പൗരത്വ നിയമത്തിനെതിരെയുള്ള പൊതു പരിപാടികള്‍ രാഷ്ട്രീയം നോക്കാതെ പങ്കെടുക്കുക എന്നുള്ളത് മുസ്‌ലിം സംഘടനകളുടെ പൊതുവായ തീരുമാനമാണ്. കോഴിക്കോട് യു.ഡി.എഫ് സംഘടിപ്പിച്ച മലബാര്‍ മേഖല റാലിയിലും കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഏതാണ്ട് എല്ലാ മതസംഘടനാ നേതാക്കളും പങ്കെടുത്തിരുന്നു. മനുഷ്യശൃംഖലയിലും ഇതുപോലെ ആരെങ്കിലും പങ്കെടുത്തിട്ടുണ്ടാവാം. ഇപ്പോള്‍ സി.എ.എക്കെതിരെ നടക്കുന്ന പരിപാടിയില്‍ എല്ലാവരും ഉണ്ടാവാമെന്ന പൊതു സ്വഭാവമുള്ള പ്രസ്താവനയാണ് എം.കെ മുനീറും നടത്തിയത്. എന്നാല്‍, അത് പ്രാദേശികമായ ഒരു നേതാവ് പങ്കെടുത്തതു സംബന്ധിച്ചല്ല.

എല്‍.ഡി.എഫ് ഒരു പ്രക്ഷോഭം പ്രഖ്യാപിച്ച ശേഷം അതിലേക്ക് ക്ഷണിക്കുമ്പോള്‍ അതില്‍ പങ്കെുടുക്കാന്‍ യു.ഡി.എഫിന് സ്വാഭാവികമായും ബുദ്ധിമുട്ടുണ്ട്. പൊതുലക്ഷ്യം വച്ച് സാധാരണക്കാര്‍ പങ്കെടുക്കുന്നതും പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ പങ്കെടുക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്നും കെ.പി.എ മജീദ് പറഞ്ഞു.

എന്നാല്‍, തന്നോട് മുസ്‌ലിംലീഗ് നേതാക്കള്‍ ശൃംഖലയില്‍ പോയതിനെ കുറിച്ചുള്ള പ്രചാരണത്തെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ആരാഞ്ഞു. ശ്രദ്ധയില്‍ പെട്ടില്ലെന്നും അത്തരമൊരു സംഭവം നടന്നിട്ടുണ്ടെങ്കില്‍ അന്വേഷിച്ച് കോഴിക്കോട് ജില്ലാ കമ്മിറ്റി നടപടിയെടുക്കുമെന്നുമാണ് പ്രതികരിച്ചത്. ഇക്കാര്യത്തില്‍ സംഘടനയില്‍ രണ്ട് അഭിപ്രായമില്ല. ഇത്തരം നിസാര കാര്യത്തെ പര്‍വ്വതീകരിക്കുന്നത് ബി.ജെ.പിയെ സഹായിക്കാന്‍ മാത്രമേ ഉപകരിക്കൂവെന്നും കെ.പി.എ മജീദ് വ്യക്തമാക്കി.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.