2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

75 വർഷം പിന്നിടുന്ന മുസ്‌ലിം ലീഗ്

ജേക്കബ് ജോര്‍ജ്

ഗാന്ധിജിയുടെ അനുയായിയും ഉറച്ച കോൺഗ്രസുകാരനുമായിട്ടായിരുന്നു മുഹമ്മദ് ഇസ്മാഇൗലിന്റെ വരവ്. അക്കാലത്ത് മദ്രാസ് ക്രിസ്ത്യൻ കോളജ് വിദ്യാർഥിയായിരുന്നു അദ്ദേഹം. പൂർണമായും ഖാദി ധരിക്കുന്ന കോൺഗ്രസ് പ്രവർത്തകൻ. 1920 ലായിരുന്നു ഈ തുടക്കം. മുപ്പതുകളിൽ ഇന്ത്യൻ മുസ്‌ലിംകൾ കോൺഗ്രസിൽ നിന്ന് അകലാൻ തുടങ്ങി. 1941-ൽ മദിരാശിയിൽ നടന്ന മുസ്‌ലിം ലീഗ് സമ്മേളനം മുഹമ്മദ് ഇസ്മാഇൗലിന്റെ രാഷ്ട്രീയത്തിലും വ്യക്തിജീവിതത്തിലും വഴിത്തിരിവായി. സമ്മേളനത്തിൽ പങ്കെടുത്ത അദ്ദേഹം കോൺഗ്രസ് വിട്ടു. ഖാദി ഉപേക്ഷിച്ചു. സജീവ മുസ്‌ലിം ലീഗ് പ്രവർത്തകനായി മാറുകയായിരുന്നു. 1946-ലെ പ്രവിശ്യാ തെരഞ്ഞെടുപ്പിൽ മദിരാശിയിലെ മുസ്‌ലിം സംവരണ മണ്ഡലത്തിൽനിന്ന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഇസ്മാഇൗൽ ഭരണഘടനാ നിർമാണസഭയിൽ ലീഗിന്റെ പ്രതിനിധിയായിരുന്നു. ഇന്ത്യക്കു കൈവരാൻപോകുന്ന സ്വാതന്ത്ര്യം, അവിടെ ആൾ ഇന്ത്യാ ലീഗ് ഉന്നയിക്കുന്ന സ്വതന്ത്ര പാകിസ്താൻ വാദം, വിഭജനത്തിനുശേഷം ഇന്ത്യയിൽ കഴിയുന്ന മുസ്‌ലിംകളുടെ ഭാവി- മുഹമ്മദ് ഇസ്മാഇൗലിനു മുന്നിൽ കടുത്ത യാഥാർഥ്യങ്ങൾ നിരനിരയായി വന്നു. പിന്നെ കാത്തിരുന്ന സ്വാതന്ത്ര്യം. ഒപ്പം വിഭജനവും അതുണ്ടാക്കിയ ഭീകരതയും. സ്വാതന്ത്ര്യം കിട്ടിയ ഇന്ത്യയിലെ ന്യൂനപക്ഷ മുസ്‌ലിംകളുടെ ഭാവിയെ ഇരുട്ടുമൂടിയ കാലഘട്ടം. വിഭജനത്തെ തുടർന്ന് ആൾ ഇന്ത്യാ മുസ്‌ലിം ലീഗ് പിരിച്ചുവിടുകയും ചെയ്തു.

 

1948 മാർച്ച് പത്തിന് മദ്രാസിലെ രാജാജി ഹാളിൽ മുസ്‌ലിം ലീഗിന്റെ കൗൺസിൽ യോഗം ചേർന്നു. ഇന്ത്യയിലെ മുസ്‌ലിംകളുടെയും മുസ്‌ലിം ലീഗിന്റെയും ഭാവിയെക്കുറിച്ച് ആലോചിക്കാനായിരുന്നു സമ്മേളനം. ഇന്ത്യയിൽ പുതിയ പാർട്ടിയായി ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗ് രൂപീകരിക്കാൻ തീരുമാനമെടുത്തു. മുഹമ്മദ് ഇസ്മാഇൗൽ ദേശീയ പ്രസിഡന്റായി. മാർച്ച് പത്തിന് 75 വർഷം പിന്നിട്ട ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗ് പാർട്ടി രൂപംകൊണ്ട ചെന്നൈയിലെ അതേ രാജാജി ഹാളിൽ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുമ്പോൾ ഇന്ത്യൻ രാഷ്ട്രീയം ആകെ മാറിക്കഴിഞ്ഞിരിക്കുന്നു.
സ്വാതന്ത്ര്യം നേടിയ ഇന്ത്യയിൽ കോൺഗ്രസായിരുന്നു ഏറ്റവും വലിയ പാർട്ടി. പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവായിരുന്നു അനിഷേധ്യ നേതാവ്. അന്ന് കോൺഗ്രസിനോടു ചേർന്നുനിൽക്കാനാണ് ലീഗ് ആഗ്രഹിച്ചത്. പക്ഷേ ലീഗിനെ കൂടെ ചേർക്കുന്നതിനോട് കോൺഗ്രസ് ഹൈക്കമാൻഡിന് ഒട്ടും താൽപര്യമുണ്ടായിരുന്നില്ല. പ്രത്യേകിച്ച് പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്. കോഴിക്കോട്ട് ഒരു വലിയ പൊതുസമ്മേളനത്തിൽ പ്രസംഗിച്ച നെഹ്‌റു മുസ്‌ലിം ലീഗിനെ വിശേഷിപ്പിച്ചത് ചത്ത കുതിരയെന്നാണ്. പക്ഷേ, ലീഗ് സ്വന്തമായുണ്ടാക്കിയ വഴിയിലൂടെ വളരുകയായിരുന്നു. കുറഞ്ഞപക്ഷം കേരളത്തിലെങ്കിലും. കേരളപ്പിറവിയോടെ മുസ്‌ലിം ലീഗിന്റെ സംസ്ഥാന കമ്മിറ്റിയും രൂപംകൊണ്ടു. വിവിധ ജാതി, മതക്കാരുടെയും ഭാഷക്കാരുടെയും അവരുടെ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെയുമൊപ്പം പ്രവർത്തിക്കാനുള്ള പരിശീലനമാണ് മുഹമ്മദ് ഇസ്മാഇൗൽ ലീഗിനു നൽകിയത്. കേരളത്തിൽ വേരുറപ്പിക്കാനും മുഖ്യധാരാ പാർട്ടിയായി വളരാനും ലീഗിനെ സഹായിച്ചത് അദ്ദേഹത്തിൻ്റെ വിശാല കാഴ്ചപ്പാടായിരുന്നു. പിന്നീട് ലീഗിന്റെ നേതൃത്വത്തിലെത്തിയ നേതാക്കളും ഇതേ കാഴ്ചപ്പാടു തുടരുകയും ചെയ്തു. ഇന്ന് സംസ്ഥാന രാഷ്ട്രീയത്തിൽ ലീഗ് ആർജിച്ചിരിക്കുന്ന പേരും പെരുമയും സ്ഥാനവുമെല്ലാം ഈ കാഴ്ചപ്പാടുകൊണ്ടു മാത്രം കിട്ടിയതാണ്.

   

.


ഇന്നത്തെ നിലയിലേക്കു ലീഗ് വളർന്നത് പല എതിർപ്പും നേരിട്ടാണ്. ഐക്യകേരളത്തിന്റെ രൂപീകരണവും സംസ്ഥാന ലീഗ് രൂപീകരണവും ഒന്നിച്ചുവന്നപ്പോഴും കോൺഗ്രസ് ലീഗിനെ അകറ്റിനിർത്തി. കോൺഗ്രസിന്റെ ദൃഷ്ടിയിൽ മുസ്‌ലിം ലീഗ് ഒരു തൊട്ടുകൂടാ പാർട്ടിയായിരുന്നു. 1957-ൽ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് ഈ പശ്ചാത്തലത്തിലാണ് കടന്നുവന്നത്. കോൺഗ്രസുമായി കൂട്ടുകെട്ടുണ്ടാക്കി മത്സരിക്കാൻ ലീഗ് താൽപ്പര്യം പ്രകടിപ്പിച്ചെങ്കിലും കോൺഗ്രസ് നേതാക്കൾ വഴങ്ങിയില്ല. തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടി മുമ്പിലെത്തി. സ്വതന്ത്രന്മാരെ കൂട്ടി മന്ത്രിസഭയുണ്ടാക്കി. ഇ.എം.എസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായി. മലബാറിൽ ജനസ്വാധീനം ഉറപ്പിക്കാൻ മുസ്‌ലിം ലീഗിനു കഴിഞ്ഞു. എട്ടു നിയമസഭാ സീറ്റ് ലീഗിനു കിട്ടി. പി.എസ്.പിയോടൊപ്പമാണ് മത്സരിച്ചതെങ്കിലും തിരുവിതാംകൂർ പാർട്ടിയായ പി.എസ്.പിയുമായുള്ള കൂട്ടുകെട്ടുകൊണ്ട് രണ്ടുകക്ഷികൾക്കും വലിയ പ്രയോജനമുണ്ടായില്ല. കോൺഗ്രസും മുസ്‌ലിം ലീഗും പി.എസ്.പിയും പ്രതിപക്ഷത്തിരുന്നു.
ഇ.എം.എസ് സർക്കാരിന്റെ വിദ്യാഭ്യാസ പരിഷ്‌കാരം കാത്തോലിക്കാ സഭയെ രോഷാകുലരാക്കി. വ്യാപക സമരത്തിന് കോപ്പുകൂട്ടിയ കാത്തോലിക്കാ സഭയോട് എൻ.എസ്.എസ് സ്ഥാപക നേതാവ് മന്നത്ത് പത്മനാഭൻ കൂടി ചേർന്നതോടെ സമരത്തിന്റെ ശക്തി കൂടി. അതു വിമോചന സമരമായി മാറി. കോൺഗ്രസ് അതിന്റെ മുൻനിരയിൽ നിന്നു. പി.എസ്.പിയും കോൺഗ്രസിനൊപ്പം നിന്നു. 1959 ജൂൺ 12നായിരുന്നു വിമോചന സമരപ്രഖ്യാപനം. 1959 ജൂൺ 29ന് വിമോചനസമരത്തിൽ പങ്കെടുക്കാൻ മുസ്‌ലിംലീഗും തീരുമാനിച്ചു. 1959 ജൂലൈ 31ന് ഭരണഘടനയുടെ 356-ാം വകുപ്പു പ്രകാരം കേരള സർക്കാരിനെ രാഷ്ട്രപതി പിരിച്ചുവിട്ടു. സംസ്ഥാന ഭരണം രാഷ്ട്രപതിയുടെ നിയന്ത്രണത്തിലായി. വിമോചന സമരത്തിൽ മുസ്‌ലിം ലീഗിനെ കൂടി കൂട്ടണമെന്നത് കത്തോലിക്കാ സഭയുടെ ആവശ്യമായിരുന്നു. കോൺഗ്രസിനും പി.എസ്.പിക്കും കൂട്ടത്തിൽ മുസ്‌ലിം ലീഗിനെ ആവശ്യമായിരുന്നു. സമരത്തിൽ മുസ്‌ലിം സമുദായത്തിന്റെ പിന്തുണയാണ് അവർ ലക്ഷ്യംവച്ചത്. മലബാറിൽ നടന്ന സമരങ്ങളിൽ കോൺഗ്രസിന്റെയും ലീഗിന്റെയും പ്രവർത്തകർ ഒന്നിച്ചു അണിനിരന്നു.

 


ഇ.എം.എസ് സർക്കാരിന്റെ വീഴ്ചയെ തുടർന്ന് 1960-ൽ വീണ്ടും തെരഞ്ഞെടുപ്പു വന്നപ്പോൾ ലീഗിനെ കൂടെക്കൂട്ടാൻ പിന്നെയും കോൺഗ്രസ് മടികാണിച്ചെങ്കിലും അവസാനം കോൺഗ്രസ് -ലീഗ്-പി.എസ്.പി കൂട്ടുകെട്ടുണ്ടാക്കി. തെരഞ്ഞെടുപ്പിൽ മുന്നണി ജയിച്ചപ്പോൾ പിന്നെയും പ്രശ്‌നമായി. മന്ത്രിസഭയിൽ ലീഗിന് പ്രാതിനിധ്യം കൊടുക്കാൻ കോൺഗ്രസ് തയാറായില്ല. പലവട്ടം ചർച്ച നടത്തിയിട്ടും കോൺഗ്രസ് അയഞ്ഞില്ല. ഒടുവിൽ പി.എസ്.പി നേതാവ് പട്ടം താണുപിള്ളയെ മുഖ്യമന്ത്രിയാക്കാനും പ്രശ്‌നപരിഹാരത്തിനുള്ള ചുമതല അദ്ദേഹത്തെ ഏൽപ്പിക്കാനും തീരുമാനമായി. ലീഗിന് സ്പീക്കർ സ്ഥാനം കൊടുക്കാൻ പട്ടം തന്നെ ധാരണയുണ്ടാക്കി. കെ.എം സീതി സാഹിബിനെ സ്പീക്കർ സ്ഥാനത്തേക്കു ലീഗ് നിർദേശിച്ചു. കോൺഗ്രസ് ഉപാധിവച്ചു- പാർട്ടി അംഗത്വം ഒഴിഞ്ഞിട്ടു മത്സരിക്കണം. ലീഗ് നേതാക്കൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്. പക്ഷേ ലീഗ് ആ ഉപാധിയും അംഗീകരിച്ചു. സീതി സാഹിബ് സ്പീക്കറായി ചുമതലയേറ്റു. അദ്ദേഹത്തിന്റെ മരണശേഷം സി.എച്ച് മുഹമ്മദ് കോയ സ്പീക്കറായി.


1967 ആയിരുന്നു ലീഗ് ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ല്. സപ്തകക്ഷി മുന്നണിയുണ്ടാക്കാൻ തുനിഞ്ഞിറങ്ങിയ ഇ.എം.എസ് നമ്പൂതിരിപ്പാട് ലീഗ് നേതൃത്വവുമായി അടുത്ത ബന്ധമുണ്ടാക്കി. ലീഗാവട്ടെ, കോൺഗ്രസിൽ നിന്ന് അകന്നുകഴിഞ്ഞിരുന്നു. കോഴിക്കോട്ട് ലീഗ് നേതാവ് ബി.വി അബ്ദുല്ലക്കോയയുടെ വീട്ടിലെത്തിയ ഇ.എം.എസും അഴീക്കോടൻ രാഘവനും നേതാക്കളുമായി ചർച്ച നടത്തി ധാരണയുണ്ടാക്കി. 1967 ഫെബ്രുവരി 19നു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സപ്തകക്ഷി മുന്നണി ജയിച്ചു. ഇ.എം.എസ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. ലീഗ് മന്ത്രിമാരായി സി.എച്ച് മുഹമ്മദ് കോയയും എം.പി.എം അഹമ്മദ് കുരിക്കളും സത്യപ്രതിജ്ഞ ചെയ്തു. ലീഗ് അങ്ങനെ ആദ്യമായി അധികാരക്കസേരയിലേക്ക്.
നിയമസഭയിൽ കോൺഗ്രസിനു ഒമ്പത് അംഗങ്ങൾ. ഒമ്പത് അംഗങ്ങളുടെ നേതാവായെത്തിയ കെ. കരുണാകരൻ പുതിയ തന്ത്രങ്ങളൊരുക്കി. സി.പി.ഐയെയും ആർ.എസ്.പിയെയുമെല്ലാം കൂടെക്കൂട്ടി കരുണാകരൻ ഇ.എം.എസിന്റെ സപ്തകക്ഷി മുന്നണി പൊളിച്ചു. കരുണാകരന്റെ കാർമകിത്വത്തിൽ പുതിയ മുന്നണി രൂപംകൊണ്ടു. ഐക്യമുന്നണി. ചർച്ചകൾക്കും നീക്കങ്ങൾക്കും നേതൃത്വം കൊടുത്തത് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ. സി.പി.ഐ നേതാവ് സി. അച്യുതമേനോൻ, മുഖ്യമന്ത്രിയായി. സി.എച്ച് മുഹമ്മദ് കോയയും കെ. അവുക്കാദർ കുട്ടി നഹയും മന്ത്രിമാരായി. ആഭ്യന്തരം, വിദ്യാഭ്യാസം, ടൂറിസം എന്നിങ്ങനെ പ്രധാന വകുപ്പുകളുടെ ചുമതലയായിരുന്നു സി.എച്ചിന്. തൊട്ടതിനൊക്കെയും കരുണാകരൻ സി.എച്ചിനെ ഒപ്പംനിർത്തി. സി.പി.ഐ, ആർ.എസ്.പി, കേരളാ കോൺഗ്രസ് തുടങ്ങിയ കക്ഷികളുമായെല്ലാം ലീഗ് നേതൃത്വം അടുത്ത സൗഹാർദത്തിലായിരുന്നു. രാഷ്ട്രീയത്തിൽ പല ഞാണിന്മേൽ കളികളും നടക്കുന്നതിനിടയ്ക്ക് ഒരു തവണ മുഖ്യമന്ത്രി പദവും സി.എച്ചിനെ തേടിയെത്തി. 1979 ഒക്ടോബർ 12-ാം തീയതി സി.എച്ച് മുഹമ്മദ് കോയ കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

 


1980 ലെ നായനാർ സർക്കാരിനെ വീഴ്ത്തി കെ. കരുണാകരൻ മുഖ്യമന്ത്രി. ഐക്യജനാധിപത്യമുന്നണിയായി ആ കൂട്ടുകെട്ട് വളർന്നുകഴിഞ്ഞിരുന്നു. 1995-ൽ കരുണാകരനു രാജിവയ്ക്കേണ്ടിവന്നപ്പോൾ എ.കെ ആന്റണി മുഖ്യമന്ത്രി. അപ്പോഴേക്ക് ലീഗ് നേതാവായി പി.കെ കുഞ്ഞാലിക്കുട്ടി ഉയർന്നുകഴിഞ്ഞിരുന്നു.


ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചപ്പോൾ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി. ഒരുവശത്ത് പി.കെ കുഞ്ഞാലിക്കുട്ടിയേയും മറുവശത്ത് കെ.എം മാണിയേയും ചേർത്തുനിർത്തി ഉമ്മൻചാണ്ടി ഭരിച്ചു. മുന്നണിയെ നയിച്ചു. കോൺഗ്രസിന്റെ വിജയത്തിൽ എന്നും മുസ്‌ലിം ലീഗ് നിർണായക പങ്കുവഹിച്ചു. ശക്തവും പക്വവുമായ നേതൃത്വമാണ് എപ്പോഴും ലീഗിനുണ്ടായിരുന്നത്. ഒരു പാർട്ടിയുടെ വിജയത്തിന് ഏറ്റവും അത്യാവശ്യം മികവുള്ള നേതൃത്വമാണ്. 75 വർഷത്തെ പ്രയാണത്തിൽ എല്ലാഘട്ടത്തിലും മികച്ച നേതൃത്വമുണ്ടായിരുന്നുവെന്നതാണ് ലീഗിന്റെ ഏറ്റവും വലിയ നേട്ടം


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.