2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മൂര്‍ത്തി, നിങ്ങള്‍ക്ക് തെറ്റി

ഇന്‍ഫോസിസ് സഹസ്ഥാപകനായ നാരായണ മൂര്‍ത്തിയുടെ ഒരു പ്രസ്താവന വന്‍ കോളിളക്കംസൃഷ്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ 30 വര്‍ഷങ്ങളിലായി സാമ്പത്തിക നേട്ടം കൈവരിച്ച രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യ എത്തണമെങ്കില്‍ ഇവിടുത്തെ യുവാക്കള്‍ ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യാന്‍ തയാറാവണം എന്നാണ് നാരായണ മൂര്‍ത്തിയുടെ അഭിപ്രായം. മുന്‍ ഇന്‍ഫോസിസ് സി.എഫ്.ഒ ആയിരുന്ന മോഹന്‍ദാസ് പൈയ്യുമായി ഒരു പോഡ്കാസ്റ്റിനുവേണ്ടി നടത്തിയ അഭിമുഖത്തിലാണ് മൂര്‍ത്തിയുടെ പ്രസ്താവന. ലോകത്തിലെ തന്നെ ഏറ്റവും താഴ്ന്ന തൊഴില്‍ ഉല്‍പാദനമുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്നും മൂര്‍ത്തി പറഞ്ഞു. അതിനാല്‍ എന്റെ അപേക്ഷ നമ്മുടെ നാട്ടിലെ യുവാക്കള്‍ ഇത് എന്റെ രാജ്യമാണ് അതിനാല്‍ എന്റെ രാജ്യത്തിനുവേണ്ടി 70 മണിക്കൂര്‍ ജോലി ചെയ്യാന്‍ ഞാന്‍ തയാറാണ് എന്ന് പറയാന്‍ തയാറാവണമെന്നും മൂര്‍ത്തി പറഞ്ഞു. രണ്ടാം ലോക യുദ്ധത്തിനുശേഷം ജര്‍മ്മനിയും ജപ്പാനും ഇതാണ് ചെയ്തതെന്നും മൂര്‍ത്തി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ തൊഴിലാളികള്‍ കൂടുതല്‍ സമയം ജോലി ചെയ്യണമെന്ന പ്രസ്താവന ആദ്യം പുറത്തുപറയുന്നത് നാരായണ മൂര്‍ത്തി അല്ല. കഴിഞ്ഞവര്‍ഷം ബോംബെ ഷേവിങ് കമ്പനിയുടെ സി.ഇ.ഒ ആയിരുന്ന ശന്തനു ദേശ്പാണ്ഡെയും സമാന അഭിപ്രായക്കാരനാണ്. വ്യക്തിയുടെ തൊഴില്‍ ജീവിതത്തിന്റെ തുടക്കത്തില്‍ പ്രതിദിനം 18 മണിക്കൂര്‍ തൊഴിലെടുക്കാന്‍ അയാള്‍ സന്നദ്ധനാവണമെന്നാണ് പാണ്ഡെയുടെ നിരീക്ഷണം.

എന്നാല്‍ ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ 2023ലെ കണക്കുകള്‍ പ്രകാരം ലോകത്ത് തന്നെ ഏറ്റവും കഠിനാധ്വാനികളായ തൊഴിലാളികളുള്ളത് ഇന്ത്യയിലാണ്. തൊഴിലാളികളായ ഇന്ത്യക്കാരുടെ ഒരാഴ്ചയിലെ ശരാശരി തൊഴില്‍സമയം 47.7 മണിക്കൂറുകളാണ്. ലോകത്തെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ കണക്കുമായി ഇത് താരതമ്യപ്പെടുത്തിയാല്‍ ആഴ്ചയില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ശരാശരി തൊഴില്‍ സമയമുള്ളതും ഇന്ത്യയ്ക്കാണ്. ജോലിക്കാരായ ഓരോ വ്യക്തിയുടെയും ഒരാഴ്ചയിലെ ശരാശരി തൊഴില്‍ സമയം കണക്കാക്കിയാണ് ഇത്തരമൊരു റാങ്കിങ് പട്ടിക ഐ.എല്‍.ഒ തയാറാക്കിയിരിക്കുന്നത്. ചൈനയിലെ തൊഴിലാളികള്‍ 46.1 മണിക്കൂര്‍, വിയറ്റ്‌നാം 41.5 മണിക്കൂര്‍, മലേഷ്യ 43.2 മണിക്കൂര്‍, ജപ്പാന്‍ 36.6 ആറുമണിക്കൂര്‍, അമേരിക്ക 36.4 മണിക്കൂര്‍, ബ്രിട്ടന്‍ 35.9 മണിക്കൂര്‍ എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലെ തൊഴിലാളികളുടെ ആഴ്ചയിലെ ശരാശരി തൊഴില്‍ സമയം.

ഐ.എല്‍.ഒയുടെ നിര്‍വചനപ്രകാരം ദീര്‍ഘജോലിസമയം എന്നാല്‍, ആഴ്ചയില്‍ 48 മണിക്കൂറില്‍ അധികം പതിവായി ജോലി എടുക്കുന്നതാണ്. ഈ നിര്‍വചനമാകട്ടെ അന്താരാഷ്ട്ര തൊഴില്‍ നിബന്ധനകളിലെ തൊഴില്‍ സമയ നിബന്ധനകളുമായി ചേര്‍ന്നുപോകുന്നുമുണ്ട്. ഇതുപ്രകാരം, സാധാരണ പ്രവൃത്തി സമയത്തെ ആഴ്ചയില്‍ 48 മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ട്. ദീര്‍ഘസമയം ജോലിയെടുക്കുന്നത് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍, ജോലിയും സ്വകാര്യ ജീവിതവും തമ്മിലുള്ള അസന്തുലിതാവസ്ഥ എന്നിവയെ പരിശോധിക്കുന്ന രേഖകളുടെ അടിസ്ഥാനത്തിലാണ് ആഴ്ചയിലെ പ്രവൃത്തിസമയം നാല്‍പതിയെട്ട് മണിക്കൂറായി നിജപ്പെടുത്തിയിട്ടുള്ളത്. അതേസമയം, ഐ.എല്‍.ഒയുടെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പുറത്തുവന്ന ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് പ്രകാരം ജപ്പാന്‍കാരെക്കാള്‍ ദീര്‍ഘസമയം ജോലിക്ക് വേണ്ടി ചെലവഴിക്കുന്നത് ഇന്ത്യക്കാരാണ്.
2019ലെ പകര്‍ച്ചവ്യാധിക്കുമുമ്പ് പ്രതിവര്‍ഷം 20123 മണിക്കൂറാണ് ഇന്ത്യക്കാര്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്നതെങ്കില്‍ ജപ്പാന്‍കാര്‍ 1691 മണിക്കൂര്‍ മാത്രമായിരുന്നു ജോലിക്കായി ചെലവഴിച്ചിരുന്നത്. അഥവാ ജപ്പാന്‍കാരെക്കാള്‍ 25.5 ശതമാനം കൂടുതല്‍ സമയം ഇന്ത്യക്കാര്‍ പണിയെടുക്കുന്നുണ്ടെന്ന് സാരം. ഇതു കൂടാതെ സ്ഥിര ജോലിക്കാരായ തൊഴിലാളികളും മാസവേതനക്കാരായ തൊഴിലാളികളും സമാനമായി ദീര്‍ഘസമയം ജോലിയില്‍ ഏര്‍പ്പെടുന്നുണ്ടെന്നാണ് ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. സ്വയം തൊഴിലാളികളോ കൂലിപ്പണിക്കാരായോ ആയ തൊഴിലാളികളേക്കാള്‍ കൂടുതല്‍ സമയം ഇത്തരക്കാര്‍ ജോലിക്കായി ചെലവാക്കുന്നുണ്ടെന്നും ഇതില്‍ സൂചിപ്പിക്കുന്നു. ആളുകള്‍ക്ക് നിത്യജീവിതത്തിലെ ചെലവുകള്‍ കഴിഞ്ഞുപോകണമെങ്കില്‍ ഇത്തരത്തില്‍ ദീര്‍ഘസമയം പ്രവൃത്തിയിലേര്‍പ്പെടണമെന്ന സാഹചര്യമാണുള്ളത്. എന്നിട്ടുപോലും വളരെ കുറഞ്ഞ വേതനമാണ് ഇവര്‍ക്ക് ലഭിക്കുന്നതും. ഈയിടെ പുറത്തുവന്ന ഒരു സര്‍ക്കാര്‍ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ 90% ത്തോളം ആളുകള്‍ പ്രതിമാസം 25000 ത്തില്‍ താഴെ മാത്രമാണ് സമ്പാദിക്കുന്നത്.

സബ്‌സഹാറന്‍ ആഫ്രിക്കയിലെ ചില രാജ്യങ്ങളെ മാറ്റിനിര്‍ത്തിയാല്‍ ഒരു ഇന്ത്യന്‍ തൊഴിലാളിക്ക് ലഭിക്കുന്ന ന്യായമായ വേതനം ലോകത്തിലെ തന്നെ ഏറ്റവും താഴ്ന്നതാണെന്ന് 2021ലെ ഐ.എല്‍.ഒ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നുണ്ട്. എങ്കിലും, കഠിനാധ്വാനമാവശ്യപ്പെടുന്ന തൊഴിലുകളുടെ കാര്യത്തില്‍ യഥാര്‍ഥ വേതനം രാജ്യത്തുടനീളമുള്ള അടിസ്ഥാനവേതനത്തില്‍ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന വസ്തുതയും ഐ.എല്‍.ഒ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലുള്ളവരെക്കാള്‍ ദീര്‍ഘസമയ പ്രവൃത്തിയിലേര്‍പ്പെടുന്നവര്‍ നഗരപ്രദേശങ്ങളിലുള്ളവരാണ്. മെച്ചപ്പെട്ട ശമ്പളമുള്ളവരും സ്വയം തൊഴില്‍ ചെയ്യുന്നവരുമാണ് ഇത്തരത്തില്‍ തൊഴിലെടുക്കുന്നവരില്‍ അധികവും. രാജ്യത്തുടനീളമുള്ള കൂലിപ്പണിക്കാര്‍ ഏതാണ്ട് സമാനസമയത്തിലാണ് തൊഴില്‍വൃത്തിയിലേര്‍പ്പെടുന്നത്. ഗ്രാമങ്ങളിലും നഗരപ്രദേശങ്ങളിലും സ്ത്രീകളേക്കാള്‍ കൂടുതല്‍ സമയം ജോലി ചെയ്യുന്നത് പുരുഷന്‍മാരാണെന്ന് 201819 ലെ പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ (PLFS) വ്യക്തമാക്കുന്നു.

ഗ്രാമീണ ഇന്ത്യയില്‍, സ്വയം തൊഴിലിലേര്‍പ്പെടുന്ന പുരുഷന്മാര്‍ 48 മണിക്കൂര്‍ ജോലി ചെയ്യുമ്പോള്‍, സ്ത്രീകള്‍ ആഴ്ചയില്‍ 37 മണിക്കൂര്‍ ജോലി ചെയ്യുന്നു. സ്ഥിരവേതനവും ശമ്പളവും ലഭിക്കുന്ന ജീവനക്കാരുടെ കാര്യത്തില്‍, ഗ്രാമീണ പുരുഷന്മാര്‍ ആഴ്ചയില്‍ 52 മണിക്കൂറും സ്ത്രീകള്‍ 44 മണിക്കൂറുമാണ് ജോലി ചെയ്യുന്നത്. സാധാരണ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം, ഗ്രാമീണ പുരുഷന്മാര്‍ ആഴ്ചയില്‍ 45 മണിക്കൂറും സ്ത്രീകള്‍ 39 മണിക്കൂറും ജോലി ചെയ്യുന്നു. നഗരപ്രദേശങ്ങളില്‍, സ്വയം തൊഴില്‍ ചെയ്യുന്ന പുരുഷന്മാര്‍ ആഴ്ചയില്‍ 55 മണിക്കൂറും സ്ത്രീകള്‍ 39 മണിക്കൂറും ജോലി ചെയ്യുന്നു. ശമ്പളക്കാരായവരും മാസവേതനക്കാരായ പുരുഷന്മാരും ആഴ്ചയില്‍ 53 മണിക്കൂര്‍ ജോലി ചെയ്യുമ്പോള്‍ സ്ത്രീകള്‍ 46 മണിക്കൂര്‍ ജോലി ചെയ്യുന്നു. കൂലിപ്പണിയുടെ കാര്യത്തില്‍, നഗരത്തിലെ പുരുഷന്മാര്‍ ആഴ്ചയില്‍ 45 മണിക്കൂര്‍ ജോലി ചെയ്യുമ്പോള്‍ സ്ത്രീകള്‍ 38 മണിക്കൂര്‍ ജോലി ചെയ്യുന്നു. മേല്‍പ്പറഞ്ഞ കണക്കുകളിലെല്ലാം ജോലിക്കായി ചെലവഴിച്ച സമയം, ചെറിയ ഇടവേളകള്‍, ഉച്ചഭക്ഷണ ഇടവേളകള്‍, ജോലിയുടെ ഭാഗമായി വിവിധ ജോലി സ്ഥലങ്ങള്‍ക്കിടയില്‍ ചെലവഴിച്ച സമയം എന്നിവ ഉള്‍പ്പെടുന്നുവെങ്കിലും, ജോലിസ്ഥലത്തേക്കും തിരിച്ചും യാത്ര ചെയ്യുന്ന സമയവും ദൈര്‍ഘ്യമേറിയ ഭക്ഷണ ഇടവേളകളും അവ കണക്കാക്കുന്നില്ല.

ഇന്ത്യക്കാര്‍ ഒരു ദിവസത്തിന്റെ പത്തിലൊന്നില്‍ താഴെ സമയം മാത്രമാണ് വിശ്രമത്തിനായി ചെലവാക്കുന്നത് എന്നത് ഈ കണക്കിനോടൊപ്പം പുറത്തുവന്ന മറ്റൊരു ഞെട്ടിക്കുന്ന വിവരമാണ്. ഇത് സ്ത്രീകളുടെ കാര്യത്തില്‍ ഇതിലും താഴെയാണ്. കൂടാതെ, സ്വയം തൊഴില്‍ ചെയ്യുന്നവരും ശമ്പളം വാങ്ങുന്നവരുമായ പുരുഷന്മാരും സ്ത്രീകളും ആഴ്ചയില്‍ ആറ് ദിവസത്തിലധികം ജോലിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ചെലവഴിക്കുന്നതായും കണക്കാക്കപ്പെട്ടിട്ടുണ്ട്.

2020 സെപ്റ്റംബറില്‍ കേന്ദ്രം നാല് പുതിയ തൊഴില്‍നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നിരുന്നു. ആഗോള സംഘടനകളിലേതിന് അനുസൃതമായി ആഴ്ചയില്‍ നാല് തൊഴില്‍ദിനങ്ങള്‍ എന്ന ആശയത്തിന്റെ പ്രായോഗികതയെക്കുറിച്ച് തൊഴിലുടമകളും തൊഴില്‍ മന്ത്രാലയവും തമ്മില്‍ ചര്‍ച്ചയും നടന്നിരുന്നു. ഇതേക്കുറിച്ച് വിവിധ തല്‍പരകക്ഷികളുടെ പ്രതികരണങ്ങള്‍ സര്‍ക്കാര്‍ തേടുകയും ചെയ്തിട്ടുണ്ട്. ആഴ്ചയില്‍ നിലവിലുള്ള 48 ജോലി സമയം കണക്കിലെടുത്ത് ഒരു ദിവസം 12 മണിക്കൂര്‍ ഷിഫ്റ്റുകള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണക്കുന്നതിനാല്‍, നാല് ദിവസത്തെ പ്രവൃത്തി ആഴ്ചയെ തൊഴിലാളി യൂണിയനുകള്‍ എതിര്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഈ തൊഴില്‍നിയമങ്ങളും തൊഴില്‍സമയവുമെല്ലാം ഔപചാരിക മേഖലയിലെ തൊഴിലാളികളുടെ കാര്യത്തില്‍ മാത്രമാണ് പ്രാബല്യത്തിലുള്ളത്. അനൗപചാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇതൊന്നും ബാധകമാവില്ല. ഫിലാഡല്‍ഫിയയിലെ ഐ.എല്‍.ഒ പ്രഖ്യാപന പ്രകാരം, ‘എല്ലാ മനുഷ്യര്‍ക്കും, ജാതി, മത, ലിംഗ വ്യത്യാസമില്ലാതെ, സ്വാതന്ത്ര്യത്തോടെയും അന്തസോടുകൂടിയും സാമ്പത്തിക സുരക്ഷിതത്വവും തുല്യ അവസരങ്ങളുമുള്ള സാഹചര്യങ്ങളില്‍ അവരുടെ ഭൗതികക്ഷേമവും ആത്മീയ വികസനവും നേടാനുള്ള അവകാശമുണ്ട്’ എന്നാണ്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, ശമ്പളമുള്ള ജോലി എന്നത് തൊഴിലാളികളുടെ ഭൗതിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനപ്പുറമായി, അവരുടെ വ്യക്തിപരമായ ജീവിതം നിറവേറ്റാനുള്ള അവസരം കൂടിയാണ്. അതായത്, അവര്‍ക്ക് ആരോഗ്യകരമായ തൊഴില്‍ജീവിത സന്തുലിതാവസ്ഥ കൈവരിക്കാന്‍ കഴിയണം. ഈ റിപ്പോര്‍ട്ടിലുള്ളതുപോലെ, ജോലി സമയത്തിന്റെ രണ്ട് പ്രധാന ഘടകങ്ങള്‍ ജോലി സമയം, ജോലി സമയക്രമീകരണം എന്നിവ തൊഴിലാളികള്‍ക്ക് അവരുടെ ജോലിയെ സ്വകാര്യ ജീവിതവുമായി എത്രത്തോളം സന്തുലിതമാക്കാന്‍ കഴിയുമെന്ന് നിര്‍ണയിക്കുന്നതിനുള്ള പ്രധാന ഘടകങ്ങളാണ്. കുടുംബ ഉത്തരവാദിത്വങ്ങളും മറ്റ് വ്യക്തിപരമായ ആവശ്യങ്ങളും ഇതിലുള്‍പ്പെടുന്നു. ഉദാഹരണത്തിന്, ദൈര്‍ഘ്യമേറിയ ജോലി(ആഴ്ചയില്‍ 48 മണിക്കൂര്‍) തൊഴിലാളികളുടെ ജോലിജീവിത സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതേസമയം, കുറഞ്ഞ സമയത്തെ ജോലി ജീവിതത്തെ സന്തുലിതമാക്കാന്‍ സഹായിക്കുകയും ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ദൈര്‍ഘ്യമേറിയ ജോലിസമയക്രമീകരണങ്ങള്‍ വിപരീത ഫലമുണ്ടാക്കുമ്പോള്‍, സന്തുലിത പ്രവര്‍ത്തനസമയ ക്രമീകരണങ്ങളും ജോലി സമയത്തെ സംബന്ധിച്ച സ്വയം നിര്‍ണയാവകാശവും മെച്ചപ്പെട്ട തൊഴില്‍ജീവിത സന്തുലിതാവസ്ഥ കൈവരിക്കാന്‍ തൊഴിലാളികളെ സഹായിക്കും.

മാന്യമായ ജോലിസമയ തത്വങ്ങള്‍ക്ക് അനുസൃതമായി പുരോഗമന നയങ്ങളും സമ്പ്രദായങ്ങളും വികസിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യുന്നതിലൂടെ, തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും ആരോഗ്യകരമായ തൊഴില്‍ജീവിത സന്തുലിതാവസ്ഥയുടെ നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കുമെന്നത് ഉറപ്പാണ്. എന്നാല്‍ ഇന്ത്യന്‍ തൊഴിലാളികള്‍ ലോകത്തിലെ മറ്റാരെക്കാളും ദീര്‍ഘനേരം ജോലി ചെയ്യുന്നുവെന്നും എന്നാല്‍ അവര്‍ക്ക് ലഭിക്കുന്നത് കുറഞ്ഞ വേതനമാണെന്നുമുള്ള സത്യം നാരായണ മൂര്‍ത്തി വിസ്മരിക്കരുതായിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.