
സ്വന്തം ലേഖകന്‍
തൊടുപുഴ: മൂന്നാര്‍ വീണ്ടും തണുത്തുവിറയ്ക്കുന്നു. താപനില മൈനസ് രണ്ട് ഡിഗ്രിയില്‍ എത്തി. ഇന്നലെ മൂന്നാറിന് സമീപമുള്ള ലക്ഷ്മിയിലാണ് ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയത്. സൈലന്റ് വാലി, ചെണ്ടുവര, ഉപാസി സ്റ്റേഷന് എന്നിവിടങ്ങളില്‍ താപനില മൈനസ് ഒന്ന് രേഖപ്പെടുത്തിയപ്പോള്‍ സെവന്‍മല, മാട്ടുപ്പെട്ടി എന്നിവിടങ്ങളില്‍ പൂജ്യം ഡിഗ്രിയായിരുന്നു. മൂന്നാര്‍ ടൗണില്‍ ഒരു ഡിഗ്രി രേഖപ്പെടുത്തി. മഞ്ഞുവീണ് വെള്ളപുതച്ചതാണ് മൂന്നാറിലെ പുലര്‍കാലം. തേയിലച്ചെടികളും ഉദ്യാനങ്ങളുമെല്ലാം മഞ്ഞുകട്ടകള്‍ കൊണ്ട് മൂടിയ കാഴ്ച അവിസ്മരണീയമാണ്. വരുംദിനങ്ങളില്‍ താപനില താഴ്ന്നുതന്നെ നില്‍ക്കാനാണ് സാധ്യത.
മൂന്നാറില്‍ ഡിസംബര്‍ അവസാനമാണ് താപനില ആദ്യം മൈനസിലെത്തിയത്. പിന്നീട് കനത്ത മഴ വന്നതോടെ മാറിനിന്ന ശൈത്യകാലം മൂന്നാഴ്ചയ്ക്കുശേഷം ജനുവരി അവസാനവാരം തിരികെയെത്തി. ജനുവരി 28 ഓടെ ഉയര്‍ന്നുതുടങ്ങിയ താപനില പിന്നീട് രണ്ടാഴ്ചയ്ക്കുശേഷം ഇന്നലെയാണ് വീണ്ടും മൈനസിലെത്തിയത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് ഫെബ്രുവരിയില്‍ ഇത്തരത്തില്‍ തണുപ്പ് അനുഭവപ്പെടുന്നത്.
കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം ജനുവരി, ഫെബുവരി മാസങ്ങളാണ് കേരളത്തില്‍ ശൈത്യകാലമായി കണക്കുകൂട്ടുന്നത്. എന്നാല്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജനുവരി അവസാന വാരത്തോടെ ചൂട് കൂടുന്നതാണ് പതിവ്. ഈ വര്‍ഷവും അതിന് മാറ്റംവന്നില്ലെങ്കിലും രാത്രി കാലങ്ങളിലെ താപനില കുറയുകയായിരുന്നു. സംസ്ഥാനത്തിന്റെ കാലാവസ്ഥ കലണ്ടറിലുണ്ടായ മാറ്റത്തിന്റെ സൂചനയാണിതെന്ന് വിദഗ്ധര്‍ പറയുന്നു. താപനില പൂജ്യത്തില്‍ താഴെ എത്തുന്നതോടെ മഞ്ഞുപെയ്യുന്നത് തേയിലച്ചെടികള്‍ക്ക് വിനയാകും.