2022 May 24 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സമ്പത്ത് 100 ബില്യണ്‍ ഡോളര്‍ കടന്നു: ജെഫ് ബെസോസ്, ഇലോണ്‍ മസ്‌ക്- കൂട്ടത്തിലേക്ക് മുകേഷ് അംബാനി

 

മോസ്‌കോ: ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി 100 ബില്യണ്‍ ഡോളര്‍ ക്ലബ്ലില്‍. ഈ വര്‍ഷം മാത്രം 23.8 ബില്യണ്‍ ഡോളര്‍ വരുമാനം സമ്പത്തില്‍ ഉയര്‍ച്ചയുണ്ടായതോടെയാണ് ലോകത്തെ 11 പേര്‍ മാത്രമുള്ള സംഘത്തിലേക്ക് മുകേഷ് അംബാനി എത്തിയത്. 100.6 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ മൊത്തം സമ്പത്ത്.

എണ്ണ, പെട്രോകെമിക്കല്‍ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന പിതാവ് അംബാനിയുടെ കമ്പനി, തന്നിലേക്കെത്തിയതോടെ പുതുരംഗത്തേക്ക് വ്യാപിക്കാനായതോടെയാണ് മുകേഷ് അംബാനിക്ക് കുതിപ്പുണ്ടായത്. 2014 ല്‍ നരേന്ദ്ര മോദി അധികാരത്തിലേറിയതോടെ മുകേഷ് അംബാനിക്ക് വച്ചടി വച്ചടി കയറ്റമായിരുന്നു. 2016ല്‍ ജിയോ അവതരിപ്പിച്ചുകൊണ്ട് ടെലികമ്മ്യൂണിക്കേഷന്‍സ് രംഗത്തേക്ക് കൂടി വന്നതോടെയാണ് വമ്പന്‍ കുതിപ്പുണ്ടായത്. ജിയോ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ അതികായനായി വളരുകയും ചെയ്തു. കൂടാതെ, റീട്ടെയില്‍ രംഗത്തും വന്‍ കുതിപ്പുണ്ടാക്കാന്‍ റിലയന്‍സിനായി. കഴിഞ്ഞവര്‍ഷം മാത്രം മുകേഷ് അംബാനിയുടെ റീട്ടെയില്‍, ടെക്‌നോളജി രംഗത്ത് 27 ബില്യണ്‍ ഡോളര്‍ വരുമാനമുണ്ടാക്കിയത്. ഫെയ്‌സ്ബുക്ക്, ഗൂഗിള്‍, കെ.കെ.ആര്‍ ആന്റ് കമ്പനി, സില്‍വര്‍ ലേക്ക് എന്നീ ഭീമന്‍ കമ്പനികള്‍ക്ക് ഷെയര്‍ വില്‍ക്കുക കൂടി ചെയ്തതോടെ മുന്നേറ്റം ശക്തമായി.

ബ്ലൂബെര്‍ഗ് ബില്യണയര്‍ ഇന്‍ഡക്‌സിലാണ് അംബാനിയുടെ ഇടം വ്യക്തമാക്കുന്നത്. 222.1 ബില്യണ്‍ ഡോളര്‍ സമ്പത്തുള്ള ഇലോണ്‍ മസ്‌കാണ് പട്ടികയിലെ ഒന്നാമന്‍. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസാണ് രണ്ടാമതുള്ളത്. സമ്പത്ത് 190.8 ബില്യണ്‍ ഡോളര്‍.

നരേന്ദ്ര മോദി, മനോജ് മോദി- അംബാനിയുടെ സാമ്രാജ്യം വളര്‍ന്നതിങ്ങനെ…

പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലേറിയതു മുതലാണ് മുകേഷ് അംബാനിയുടെ വമ്പന്‍ കുതിപ്പുകള്‍ തുടങ്ങുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പല നയങ്ങളും മുകേഷ് അംബാനിയുടെ ബിസിനസിന് വളര്‍ച്ചയൊരുക്കുന്ന രീതിയിലാവുന്നതും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. ജിയോ അവതരിപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉപയോഗിച്ചുകൊണ്ടായിരുന്നു. പരസ്യങ്ങളില്‍ വ്യാപകമായി മോദിയുടെ ചിത്രം ഉപയോഗിച്ചതിനെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചെങ്കിലും മോദി മറുത്തൊന്നും പറഞ്ഞിരുന്നില്ല. തുടര്‍ന്നുള്ള ഓരോ പദ്ധതിക്കും കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളും മറ്റും സമ്പൂര്‍ണ പിന്തുണ നല്‍കി. പുതുതായി അവതരിപ്പിക്ക കാര്‍ഷിക നയങ്ങള്‍ പോലും അംബാനിയുടെയും അദാനിയുടെ കാര്‍ഷിക ബിസിനസ് പ്രവേശം ലക്ഷ്യംവച്ചുള്ളതാണെന്നും കടുത്ത ആരോപണമുയരുന്നുണ്ട്.

ഇക്കഴിഞ്ഞ ജൂണില്‍ തങ്ങളുടെ സ്വപ്‌നപദ്ധതിയായി അംബാനി ‘ഗ്രീന്‍ എനര്‍ജി’ പ്രഖ്യാപിച്ചു. മൂന്നുവര്‍ഷത്തിനിടെ 10 ബില്യണ്‍ ഡോളറില്‍ അധികം നിക്ഷേപിക്കുമെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പ്രഖ്യാപിച്ചത്. ‘ക്ലീന്‍ എനര്‍ജി’ ഉല്‍പാദിപ്പിക്കുകയെന്ന മോദിയുടെ സ്വപ്‌നപദ്ധതിക്കൊപ്പമാണ് ഇതും അവതരിപ്പിക്കപ്പെട്ടത്.

മനോജ് മോദി

മറ്റൊരു മോദി കൂടിയുണ്ട്, അംബാനിയുടെ വളര്‍ച്ചയ്ക്ക് പിന്നിലെ വലങ്കൈ. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സാമ്രാജ്യത്തില്‍ അംബാനി കഴിഞ്ഞാല്‍ ശക്തമായ അധികാരമുള്ള മനോജ് മോദി. കമ്പനിക്ക് പുറത്ത് പൊതുവെ പ്രത്യക്ഷപ്പെടാത്ത മനോജ് മോദിയാണ് റിലയന്‍സിന് പല കമ്പനികളുമായും ബന്ധം സ്ഥാപിക്കാനായതിനും വമ്പന്‍ ഡീലുകള്‍ ഉറപ്പിക്കാനായതിനും പിന്നില്‍. കഴിഞ്ഞ ഏപ്രിലില്‍ ഫെയ്‌സ്ബുക്കുമായി 5.7 ബില്യണ്‍ ഡോളറിന്റെ കരാറിലെത്തിയതിനു പിന്നിലെ മുഖ്യപങ്ക് മനോജ് മോദിക്കാണ്.

2016ല്‍ റിലയന്‍സ് ജിയോ അവതരിപ്പിക്കുമ്പോഴും ഫൈബര്‍ ഒപ്റ്റിക് കേബിള്‍ നെറ്റ്‌വര്‍ക്ക് പദ്ധതി തുടങ്ങുമ്പോഴും ചുക്കാന്‍ പിടിച്ചത് മനോജ് മോദി തന്നെ. മറ്റു ടെലകോം കമ്പനികളെയെല്ലാം അടിച്ചമര്‍ത്തി, 40 കോടി ഉപയോക്താക്കളുമായി ജിയോ ആധിപത്യം സ്ഥാപിച്ചതിനു പിന്നിലും മനോജ് മോദിയുടെ തന്ത്രങ്ങളും ഇടപെടലുകളുമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.