2023 March 27 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ശിഹാബ് തങ്ങള്‍ ഉറൂസ് മുബാറകിന് വന്‍ ഒരുക്കം അവാര്‍ഡ് ദാനവും അനുസ്മരണവും മാര്‍ച്ച് 1ന്

മലപ്പുറം: സുന്നി യുവജന സംഘം ഈസ്റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ നടത്തുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഉറൂസ് മുബാറക് പരിപാടികള്‍ വിജയിപ്പിക്കുന്നതിന് പൂക്കൊളത്തൂരില്‍ വന്‍ ഒരുക്കങ്ങളാരംഭിച്ചു. ശിഹാബ് തങ്ങള്‍ വിടപറഞ്ഞ ശഅ്ബാനില്‍ നടത്തിവരുന്ന ഉറൂസ് മുബാറക് പരിപാടി എല്ലാ വര്‍ഷവും വ്യത്യസ്ഥ പ്രദേശങ്ങളില്‍ വിപുലമായി നടത്തുന്നതിന് നേതൃത്വം നല്‍കി വരുന്നത് സുന്നി യുവജന സംഘം ഈസ്റ്റ് ജില്ലാ കമ്മിറ്റിയാണ്. എസ്.വൈ.എസ് ജില്ലാ കമ്മിറ്റിയുടെ പ്രഥമ പ്രസിഡന്റായിരുന്ന ശിഹാബ് തങ്ങളുടെ സ്മരണക്കായി മികച്ച മുദര്‍രിസിനുള്ള അവാര്‍ഡും ഉറൂസ് മുബാറകില്‍ നല്‍കി വരുന്നുണ്ട്. ആയിരങ്ങള്‍ സംബന്ധിക്കുന്ന മൗലിദ് സദസ്സും അന്നദാനവും അനുസ്മരണ സദസ്സും ഉള്‍ക്കൊള്ളുന്ന പരിപാടിയുടെ വിജയത്തിന്നായി ഒ.പി കുഞ്ഞാപ്പു ഹാജി ചെയര്‍മാനും എ.എം അബൂബക്കര്‍ കണ്‍വീനറുമായുള്ള ഉറൂസ് കമ്മിറ്റിയാണ് പ്രവര്‍ത്തിക്കുന്നത്.

ഫെബ്രുവരി 23ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട് മഖാമില്‍ പതാക ഉയര്‍ത്തി തുടക്കം കുറിച്ച വിവിധ പരിപാടികളില്‍ പ്രധാനപ്പെട്ടതാണ് മാര്‍ച്ച് ഒന്നിന് നടക്കുന്ന ശിഹാബ് തങ്ങള്‍ ഉറൂസ്. എസ്.വൈ.എസിന് കീഴിലായി എല്ലാ ദിവസവും 4 മണിക്ക് പാണക്കാട് മഖാമില്‍ ഖത്മുല്‍ ഖുര്‍ആനും കൂട്ട സിയാറത്തും നടന്നുവരുന്നുണ്ട്. മാര്‍ച്ച് 1ന് കാലത്ത് 9 മണിക്ക് പൂക്കൊളത്തൂരില്‍ നടക്കുന്ന അവാര്‍ഡ് ദാനഅനുസ്മരണ സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ് ലിയാര്‍, പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സൈതാലി മുസ്‌ലിയാര്‍ മാമ്പുഴ അനുഗ്രഹപ്രഭാഷണം നടത്തും. മികച്ച മുദരിസായി തെരഞ്ഞെടുക്കപ്പെട്ട കെ.വി അബ്ദുറഹ്മാന്‍ ദാരിമിക്കുള്ള അവാര്‍ഡ് ചടങ്ങില്‍ സമ്മാനിക്കും. ഓണംപിള്ളി മുഹമ്മദ് ഫൈസി അനുസ്മരണ പ്രഭാഷണം നടത്തും. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ ഉദ്‌ബോധനം നടത്തും. സയ്യിദ് മാനു തങ്ങള്‍ വെള്ളൂര്‍ മജ്‌ലിസുന്നൂറിന് നേതൃത്വം നല്‍കും. ബുധനാഴ്ച അസ്‌റിന് ശേഷം പാണക്കാട് മഖാമില്‍ നടക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ സദസ്സിന് സമാപനം കുറിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.