കോഴിക്കോട്: കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ രൂക്ഷ വിമര്‍ശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മുരളീധരന്‍ ‘കേരള സംസ്ഥാന വികസനം മുടക്കി വകുപ്പ് മന്ത്രി’യെ പോലെയാണ് പെരുമാറുന്നതെന്ന് ‘ അദ്ദേഹം കുറ്റപ്പെടുത്തി. കേരള സംസ്ഥാന വികസനം മുടക്കി വകുപ്പ്’ എന്ന ഒരു പുതിയ വകുപ്പ് കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ ഉണ്ടോ എന്ന് സംശയം തോന്നുന്ന തരത്തിലാണ് മുരളീധരന്റെ ഓരോ പ്രവര്‍ത്തനവുമെന്നും മന്ത്രി റിയാസ് കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഉള്ള രണ്ട് വര്‍ഷത്തെ മുരളീധരന്റെ പ്രസ്താവനകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും റിയാസ് പറഞ്ഞു. കേരളത്തിന്റെ വികസനം മുടക്കുന്നതിനും സംസ്ഥാനത്ത് ഉണ്ടായിട്ടുള്ള ഏതെങ്കിലും ദൗര്‍ഭാഗ്യകരമായ സംഭവങ്ങളില്‍ സന്തോഷം രേഖപ്പെടുത്തുന്ന തരത്തിലുമുള്ള പ്രസ്താവനകളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. സില്‍വര്‍ ലൈനിനെതിരായ മുരളീധരന്റെ പ്രസ്താവനകള്‍ അടക്കം നിരത്തിയായിരുന്നു റിയാസിന്റെ ആക്രമണം.
ദേശീയപാത വികസനം മുടക്കാന്‍ മുരളീധരന്‍ എന്തെല്ലാം ശ്രമങ്ങളാണ് നടത്തിയത് എന്ന് നമുക്ക് അറിയാമെന്നും മന്ത്രി റിയാസ് പറഞ്ഞു. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയിട്ടുള്ള അടിസ്ഥാനരഹിതമായ പ്രസ്താവനകളും നമുക്കറിയാം-റിയാസ് ചൂണ്ടിക്കാട്ടി.
ഇന്ത്യയില്‍ 65 ലക്ഷത്തിലധികം ആളുകള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന ഏക സംസ്ഥാനം കേരളമാണ്. ആ പെന്‍ഷന്‍ തുക കേന്ദ്രഫണ്ട് ആണെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടത്തിയെന്നും റിയാസ് പരിഹസിച്ചു. നാല്‍പതിനായിരം കോടി രൂപ കേന്ദ്ര ബജറ്റില്‍ വെട്ടിക്കുറച്ചപ്പോള്‍ അദ്ദേഹം ആഹ്ലാദനൃത്തമാടി. ഇപ്പോള്‍ വീണ്ടും 8,000 കോടി വെട്ടിക്കുറച്ചു. ഇത് കേരളത്തിലെ ജനങ്ങള്‍ക്ക് നേരെയുള്ള വെട്ടല്‍ ആണ്. ഇക്കാര്യത്തില്‍ കേരളത്തിലെ ജനങ്ങള്‍ നേരിടാന്‍ പോകുന്ന പ്രയാസം മനസ്സിലാക്കി അതിനെതിരെ പ്രതികരിക്കുന്നതിന് പകരം കേന്ദ്രമന്ത്രി അതിലും സന്തോഷിക്കുകയാണ്. അതുകൊണ്ടുതന്നെ അദ്ദേഹം കേരളസംസ്ഥാന വികസനം മുടക്കല്‍ വകുപ്പ് മന്ത്രി എന്ന നിലയിലാണ് അറിയപ്പെടേണ്ടതെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആവര്‍ത്തിച്ചു.
Comments are closed for this post.