
ദമ്മാം: അന്തരിച്ച ലോക ബോക്സിങ് താരം മുഹമ്മദലിയെ കേരളക്കാരനാക്കി കേരള കായിക മന്ത്രിയുടെ പ്രസ്താവന മലയാളികളില്‍ ചിരി പടര്‍ത്തി. കായിക രംഗത്ത് തീരെ അവബോധമില്ലാത്ത ഒരാളാണോ കേരള കായികമന്ത്രിയെന്ന പരിഹാസ രൂപേണയാണ് മലയാളികള്‍ ഇതിനെതിരെ പ്രതികരിക്കുന്നത്.
പ്രമുഖ വാര്‍ത്താ ചാനലില്‍ ബോക്സിങ് താരത്തിന്റെ മരണത്തെ കുറിച്ചുള്ള വാര്‍ത്തയില്‍ അദ്ദേഹത്തിന്റെ മരണത്തിന്റെ ഓര്‍മയെ കുറിച്ച് താങ്കള്‍ക്ക് എങ്ങനെയാണ് പങ്കുവയ്ക്കാന്‍ കഴിയുന്നതെന്നായിരുന്നു അവതാരികയുടെ ചോദ്യം. ഇതിനു മന്ത്രി ഇ.പി ജയരാജന് നല്കിയതാവട്ടെ വളരെ രസകരമായ മറുപടിയും. ‘മുഹമ്മദലി അമേരിക്കയില്‍ വച്ച് മരിച്ചെന്ന വാര്‍ത്ത ഞാന്‍ ഇപ്പോഴാണ് അറിയുന്നത്. കേരളത്തിലെ കായികരംഗത്ത് പ്രഗല്ഭനായ ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹം. കായികരംഗത്ത് ഗോള്‍ഡ് മെഡല്‍ നേടി നമ്മുടെ കേരളത്തെ അദ്ദേഹം വാനോളം ഉയര്‍ത്താന്‍, ലോക രാഷ്ട്രങ്ങളിലേക്ക് ഉയര്‍ത്തി കൊണ്ടുവരാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണത്തില്‍ കേരളത്തിന്റെ കായിക ലോകത്തിന്റെ ദുഃഖം ഞാന്‍ അറിയിക്കുകയാണ്’ എന്നായിരുന്നു മന്ത്രിയുടെ മറുപടി. മറുപടി കേട്ട മലയാളികള്‍ ഊറി ചിരിക്കുകയാണ് തങ്ങളുടെ കായിക മന്ത്രിയെ കുറിച്ച്.