2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ആദര്‍ശ രംഗത്ത് പ്രവര്‍ത്തന സജ്ജരാവുക: എംടി അബ്ദുല്ല മുസ്ലിയാര്‍

ആദര്‍ശ രംഗത്ത് പ്രവര്‍ത്തന സജ്ജരാവുക: എംടി അബ്ദുല്ല മുസ്ലിയാര്‍

ബഹു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ, മത വിദ്യാഭ്യാസ രംഗത്തും സാമൂഹ്യ, സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ലോകത്തിനു തന്നെ മാതൃകയായി തിരു നബി (സ)യുടെ തിരു സുന്നത്തും സഹാബത്തിന്റെ ചര്യയും മുറുകെ പിടിച്ച് പരിശുദ്ധ അഹ്ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ പ്രചരിപ്പിച്ചും നിലനിര്‍ത്തിയും പ്രവര്‍ത്തിക്കുന്ന മഹത്തായ സംഘടനയാണ്. സമസ്തയുടെ പ്രവര്‍ത്തകര്‍ പുണ്യ സമസ്തയുടെ നൂറാം വാര്‍ഷികം കൊണ്ടാടാന്‍ പോവുകയാണ്. വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്ത് സ്വദേശത്തും വിദേശത്തും 100ാം വാര്‍ഷിക പദ്ധതികള്‍ നടപ്പാക്കി കൊണ്ടിരിക്കുകയാണ്. മുസ്‌ലിം കേരളത്തെ മലീനസമാക്കാന്‍ ശ്രമിക്കുന്ന പലതരത്തിലുള്ള നവീന വാദികളെ ഇരുത്തേണ്ടിടത്ത് ഇരുത്താനും അത്തരക്കാരുടെ അബദ്ധങ്ങള്‍ സമൂഹത്തിന്റെ മുന്നില്‍ തുറന്നുകാണിക്കാനും സമസ്തയുടെ പ്രവര്‍ത്തകര്‍ ചെയ്യുന്ന സേവനങ്ങള്‍ വളരെ വലുതാണ്. നിസ്വാര്‍ത്ഥരായ പണ്ഡിതന്മാരുടെ നേതൃത്വവും ഉമറാക്കളുടെ ശക്തമായ പിന്തുണയും സഹായവും സാധാരണക്കാരുടെ ആത്മാര്‍ത്ഥമായ സഹകരണവും ഒന്നിച്ചു ചേര്‍ന്നത് കൊണ്ടാണ് സമസ്തയുടെ മുന്നേറ്റം സാധ്യമായത്.

ബഹു. നബി(സ) കുടുംബത്തെയും യഥാര്‍ത്ഥ സൂഫിയാക്കളെയും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തുകൊണ്ടുള്ള പ്രവര്‍ത്തനവും, ആത്മീയ പിന്തുണയും സമസ്തയുടെ വിജയത്തിന് കാരണമാണ്. മതപരവും പാര്‍ട്ടിപരവും വ്യക്തിപരവുമായ, ശരീഅത്തിന്ന് വിരുദ്ധമല്ലാത്തവിധം സൗഹൃദ ബന്ധങ്ങള്‍ സമസ്തയും സമസ്തയുടെ പ്രവര്‍ത്തകരും നിലനിര്‍ത്തി പോന്നിട്ടുണ്ട്. സത്യവിശ്വാസവും സല്‍കര്‍മവും പ്രചരിപ്പിക്കുകയും സത്യംകൊണ്ടും ക്ഷമകൊണ്ടും ഉപദേശിക്കുകയും ചെയ്യുക എന്ന ദൗത്യമാണ് സമസ്ത ചെയ്തുകൊണ്ടിരിക്കുന്നത്.

2016 ഫെബ്രുവരിയില്‍ ആലപ്പുഴയില്‍ നടന്ന ഐതിഹാസികമായ സമസ്തയുടെ 90ാം വാര്‍ഷിക സമ്മേളനത്തില്‍ പ്രഖ്യാപനം നടത്തിയ സമസ്തയുടെ 100ാം വാര്‍ഷികത്തിലേക്കുള്ള പ്രയാണത്തിലാണ് നാം. ഈ സംരംഭം വന്‍വിജയമാക്കേണ്ടത് മുസ്‌ലിം ഉമ്മത്തിന്റെ ബാധ്യതയാണ്. വിനയവും ക്ഷമയും മുഖമുദ്രയാക്കി അല്ലാഹുവില്‍ ഭരമേല്പിച്ച് മുന്നേറേണ്ടതുണ്ട്. അല്ലാഹുവിനോട് നമുക്ക് പ്രാര്‍ത്ഥിക്കാം.

സമസ്തയുടെ 100ാം വാര്‍ഷികത്തിന്റെ ഭാഗമായി പരിശുദ്ധ അഹ്‌ലുസുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതിന്ന് വേണ്ടി ആദര്‍ശ പ്രചാരണ സമ്മേളനങ്ങള്‍ പലയിടത്തും നടക്കുകയാണ്. ഇക്കഴിഞ്ഞ (23-08-2023) സമസ്തകേന്ദ്ര മുശാവറ യോഗത്തില്‍ പലവിഷയത്തിലും സമസ്തക്ക് ലഭിച്ച കത്തുകളുടെ കൂട്ടത്തില്‍ മേല്‍പറഞ്ഞ ആദര്‍ശ വിശദീകരണ സമ്മേളനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു കത്തും ലഭിച്ചിരുന്നു. സമസ്ത കീഴ്ഘടകങ്ങളുടെ ഏതാനും നേതാക്കളാണ് ആ കത്ത് നല്‍കിയിരുന്നത്.

ആദര്‍ശ സമ്മേളനം നിര്‍ത്തിവെക്കുക എന്നത് സമസ്തക്ക് യോജിക്കാന്‍ കഴിയാത്തതിനാല്‍ കത്തിനാസ്പദമായി പറഞ്ഞ കാരണങ്ങള്‍ ഇല്ലാതാക്കാന്‍ ആവശ്യമായ ഉപദേശ നിര്‍ദ്ദേശങ്ങള്‍ സംഘാടകര്‍ക്കും പ്രാസംഗികര്‍ക്കും നല്‍കാന്‍ തീരുമാനിക്കുകയും, ഇത്തരത്തില്‍ നമ്മുടെ സംഘടനാ നേതാക്കളെ പരിഗണിച്ചുകൊണ്ട് സമസ്തയുടെ അണികള്‍ നടത്തികൊണ്ടിരിക്കുന്ന ആദര്‍ശ പ്രചാരണ പരിപാടികള്‍ തുടരാനാണ് മുശാവറ തീരുമാനിച്ചത്. ഇതിന്നപ്പുറത്തുള്ള പ്രചാരണങ്ങളില്‍ തെറ്റിദ്ധരിക്കാതെ നാം ഒറ്റക്കെട്ടായി മുന്നേറാന്‍ എല്ലാവരും ശ്രമിക്കണമെന്ന് പ്രത്യേകം ഉണര്‍ത്തുന്നു.

ജില്ലാതല ഉലമാ സമ്മേളനങ്ങള്‍

പരിശുദ്ധ അഹ്ലു സുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശങ്ങളില്‍ പൊതുസമൂഹത്തിന്ന് മുന്നില്‍ തെറ്റിദ്ധാരണകള്‍ പരത്തുകയും നവീനവാദികള്‍ അവരുടെ പുതിയ, പുതിയ വാദങ്ങള്‍ വിറ്റഴിക്കാന്‍ സകല അടവുകളും പയറ്റാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന സാഹര്യത്തില്‍ അതിന്നെതിരില്‍ നമ്മുടെ പണ്ഡിതന്മാരെ സജ്ജരാക്കാന്‍ ഉലമാ സമ്മേളനങ്ങളും പഠന കേമ്പുകളും നടത്തുക അനിവാര്യമായതിനാലാണ് ബഹു. സമസ്ത മുശാവറ പണ്ഡിത സമ്മേളനങ്ങളും ക്യാമ്പുകളും നടത്താന്‍ തീരുമാനിച്ചത്.

ഇതിനോടനുബന്ധിച്ച് നമ്മുടെ മുഴുവന്‍ കീഴ്ഘടകങ്ങളുടെയും ഭാരവാഹികളെ വിളിച്ചു. ഒരു നേതൃസംഗമവും നടത്തുന്നുണ്ട്. ഇന്‍ശാ അല്ലാഹ്. സമസ്തക്ക് എന്നും താങ്ങും തണലുമായി നിന്ന ഉമറാക്കളെ ഉള്‍പ്പെടുത്തി ഉലമാ ഉമറാ സംഗമവും അതിനുശേഷം നടത്തുന്നതാണ്. സമസ്തയുടെ നൂറാം വാര്‍ഷികം വമ്പിച്ച വിജയമാക്കാന്‍ അല്ലാഹു നമുക്ക് തൗഫീഖ് ചെയ്യട്ടെ ആമീന്‍


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.