
തിരുവനന്തപുരം: ഇടത് സര്‍ക്കാരിന്റെ വിദ്യാഭ്യാസ വിരുദ്ധ നിലപാടുകള്‍ക്കെതിരെ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ചിന് നേരെ പൊലിസ് ജല പീരങ്കി പ്രയോഗിച്ചു. നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.
മാര്‍ച്ച് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇടതുപക്ഷ ഭരണത്തിന് കീഴിലെ വിദ്യഭ്യാസ സംവിധാനം വട്ടപ്പൂജ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
എം.എസ്.എഫ് നടത്തിയ നിയമസഭാ മാർച്ച് പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യുന്നു
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് അധ്യക്ഷനായി. ലീഗ് നേതാക്കളായ ബീമാപള്ളി റഷീദ്, പ്രൊഫ: തോന്നയ്ക്കല്‍ ജമാല്‍, കണിയാപുരം ഹലീം തുടങ്ങിയവര്‍ സംസാരിച്ചു. മാര്‍ച്ചിന് എം.എസ്.എഫ് സംസ്ഥാന ഭാരവാഹികളായ ഷഫീഖ് വഴിമുക്ക്, റംഷാദ് പള്ളം, കെ.എം ഫവാസ്, അഷര്‍ പെരുമുക്ക്, കെ.എം ഷിബു, ബിലാല്‍ റഷീദ് തുടങ്ങിയവര്‍ നേതൃത്വം നല്കി.