അഹമ്മദാബാദ്: ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് അഞ്ചാം കിരീടം നേടിക്കൊടുത്തതിന് പിന്നാലെ നായകന്‍ എം.എസ് ധോണി വിരമിക്കുമെന്ന വാര്‍ത്തകള്‍ക്ക് കനം വെച്ചിരുന്നു. എന്നാല്‍ ചോദ്യങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ധോണി. എളുപ്പമല്ലെങ്കിലും ഇനി ഒരു ഐപിഎല്‍ കൂടി മത്സരിക്കാന്‍ താന്‍ ശ്രമിക്കുമെന്നും തീരുമാനം എടുക്കാന്‍ തനിക്ക് ഇനിയും ഏഴ് മാസമുണ്ടെന്നും ധോണി പറഞ്ഞു. ആരാധകരില്‍ നിന്നും ഇത്രയധികം സ്‌നേഹം ലഭിക്കുമ്പോള്‍ കളി അവസാനിപ്പിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഇതാണ് വിരമിക്കല്‍ പ്രഖ്യാപിക്കാനുള്ള ഏറ്റവും നല്ല സമയം, എന്നാല്‍ എനിക്ക് എല്ലായിടത്തു നിന്നും ലഭിച്ച സ്‌നേഹത്തിന്റെ അളവ്. വിരമിക്കുകയാണ് എന്ന തീരുമാനം ഇപ്പോള്‍ വളരെ എളുപ്പത്തില്‍ എടുക്കാവുന്നതേയുള്ളൂ. എന്നാല്‍ അത് ചെയ്യാനല്ല താന്‍ ഇപ്പോള്‍ ആലോചിക്കുന്നത്. വരുന്ന 9 മാസം കഠിനാധ്വാനം ചെയ്ത് ഒരു ഐപിഎല്‍ കൂടി കളിക്കാന്‍ ശ്രമിക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. അതിനാണ് ഞാന്‍ ശ്രമിക്കുന്നത്. അത് എന്നെ സ്‌നേഹിക്കുന്നവര്‍ക്കുള്ള സമ്മാനമായിരിക്കും.’- ധോണി പറഞ്ഞു.
The interaction you were waiting for 😉
— IndianPremierLeague (@IPL) May 29, 2023
MS Dhoni has got everyone delighted with his response 😃 #TATAIPL | #Final | #CSKvGT | @msdhoni pic.twitter.com/vEX5I88PGK
ജയവും തോല്‍വിയുമൊന്നും അധികം ബാധിക്കാറില്ലെങ്കിലും പതിവിലും വികാരാധീതനായോ എന്ന ചോദ്യത്തിന് അത് സ്വാഭാവികമാണെന്നാണ് ധോണി മറുപടി നല്‍കിയത്. ‘ കരിയറിലെ അവസാന ഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. ആരാധകര്‍ നല്‍കിയ സ്‌നേഹവും പിന്തുണയും കണ്ടപ്പോള്‍, സ്‌റ്റേഡിയം മുഴുവന്‍ എന്റെ പേര് ഉറക്കെ വിളിച്ചുപറഞ്ഞപ്പോള്‍ അവരെ നോക്കി നിന്ന നിമിഷം എന്റെ കണ്ണ് നിറഞ്ഞിരുന്നു. കരിയറിലെ അവസാന നിമിഷങ്ങളാണിതെന്നും അത് ഞാന്‍ ആസ്വദിക്കുകയാണ് വേണ്ടതെന്നും പിന്നീട് തിരിച്ചറിഞ്ഞു. ചെന്നൈയില്‍ അവസാന മത്സരം കളിച്ചപ്പോഴും അങ്ങനെത്തന്നെയായിരുന്നു. വീണ്ടും അവിടെയെത്തി കളിക്കുന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്.- ധോണി കൂട്ടിച്ചേര്‍ത്തു.
ഐ.പി.എല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സ് 5 വിക്കറ്റിനാണ് കിരീടം സ്വന്തമാക്കിയത്. ഇതോടെ ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ എന്ന മുംബൈ ഇന്ത്യന്‍സിന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ ചെന്നൈക്കായി. മഴ മൂലം റിസര്‍വ് ദിനത്തിലേക്ക് മാറ്റിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റന്‍സ് 214 റണ്‍സ് സ്വന്തമാക്കിയിരുന്നു. സായ് സുദര്‍ശന്റെ 47 പന്തില്‍ നേടിയ 96 റണ്‍സിന്റെ മികവിലായിരുന്നു ഗുജറാത്ത് ഈ വമ്പന്‍ സ്‌കോറിലേക്ക് എത്തിച്ചേര്‍ന്നത്. മറുപടി ബാറ്റിനിങ്ങിനിറങ്ങിയ ചെന്നൈ മൂന്ന് പന്തുകള്‍ നേരിടുമ്പോഴേക്കും കുതിച്ചെത്തിയ മഴയെത്തുടര്‍ന്ന് ചെന്നൈയുടെ വിജയലക്ഷ്യം 15 ഓവറില്‍ 171 റണ്‍സാക്കി പുനര്‍നിര്‍ണയിക്കുകയായിരുന്നു. ഇരു ടീമുകളുടെയും ഭാഗത്തേക്ക് വിജയ സാധ്യത മാറിമറിഞ്ഞ മത്സരത്തില്‍ ഒടുവില്‍ അവസാന പന്തില്‍ ജഡേജ നേടിയ ബൗണ്ടറിയുടെ ബലത്തില്‍ ചെന്നൈ വിജയം സ്വന്തമാക്കുകയായിരുന്നു.
ms-dhoni’s-huge-update-on-retirement-after-csk’s-ipl-2023-title-win
Comments are closed for this post.