എം.എസ് ധോണി, ഇന്ത്യൻ ക്രിക്കറ്റിൽ പകരം വെക്കാൻ ആളില്ലാത്ത താരം. ഏകദിന, ട്വന്റി20 ലോകക്കപ്പുകൾ, രണ്ട് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ, അഞ്ച് ഐപിഎൽ കിരീടങ്ങൾ, ലോകത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ, ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ, മികച്ച ഫിനിഷർ, രാജീവ് ഗാന്ധി ഖേൽരത്‌ന, പത്മശ്രീ, പത്മഭൂഷൺ, ലഫ്റ്റനന്റ് കേണൽ…. വിശേഷണങ്ങളും നേട്ടങ്ങളും പുരസ്കാരങ്ങളും ഒരുപാടുണ്ട് ധോണിയുടെ പേരിനോടൊപ്പം ചേർത്ത് വെക്കാൻ.
മഹേന്ദ്ര സിംഗ് ധോണിയെന്ന ക്രിക്കറ്റ് താരത്തെ കുറിച്ച് ചോദിച്ചാൽ ഓരോരുത്തർക്കും പറയാൻ നിരവധി കഥകളുണ്ടാകും. എന്നാൽ അത്രെയേറെ ചർച്ച ചെയ്യപ്പെടാത്ത ധോണിയെന്ന ബിസിനസുകാരനെ കുറിച്ച് നമ്മൾ അത്രയേറെ ചർച്ച ചെയ്യാറില്ല. ആയിരം കോടിയിലേറെ സമ്പാദ്യമുള്ള, സ്വന്തമായി നിരവധി ബിസിനസുകൾ ഉള്ള, നിരവധി സ്ഥാപനങ്ങളിൽ പങ്കാളിത്തമുള്ള ധോണിയെന്ന ‘ബിസിനസ് കൂൾ’ വ്യക്തിയെക്കുറിച്ച് അറിയാം.
റിതി സ്പോർട്സ് മാനേജ്മെന്റ് കമ്പനി
മഹേന്ദ്ര സിംഗ് ധോണിക്ക് ഓഹരിയുള്ള വമ്പൻ ബിസിനസ് ആണ് റിതി സ്പോർട്സ് മാനേജ്മെന്റ് കമ്പനി. ഈ സ്‌പോർട്‌സ് മാനേജ്മെന്റ് കമ്പനി ലോകത്തിലെ നിരവധി ഇതിഹാസ താരങ്ങളുടെ മാനേജ്‌മെന്റ് ജോലികൾ കൈകാര്യം ചെയ്യുന്നു. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നയിച്ച മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി, ടീം ഇന്ത്യ ക്യാപ്റ്റൻ രോഹിത് ശർമ, ഭുവനേശ്വർ കുമാർ എന്നിവർ റിതി സ്‌പോർട്‌സ് മാനേജ്‌മെന്റിന്റെ ക്ലയിന്റുകളാണ്.
ധോണിയുടെ വസ്ത്ര – പാദരക്ഷ ബ്രാൻഡ്
2016-ലാണ് തന്റെ സ്വന്തം വസ്ത്ര-പാദരക്ഷ ബ്രാൻഡായ സെവൻ (7) ധോണി പുറത്തിറക്കിയത്. ധോണിയുടെ ഇഷ്ട ജഴ്‌സി നമ്പറാണ് സെവൻ. വസ്ത്രവും പാദരക്ഷകൾ മാത്രമല്ല, ഭക്ഷണ പാനീയങ്ങളിലും ഇതേ ബ്രാൻഡിൽ ധോണി നിക്ഷേപം നടത്തിയിട്ടുണ്ട്. ഫുഡ് ആൻഡ് ബിവറേജ് സ്റ്റാർട്ടപ്പായ 7 ഇൻ ബ്രൂസിലാണ് ധോണിയുടെ നിക്ഷേപം. ഇതിനുപുറമെ, കോപ്റ്റർ 7 എന്ന പേരിൽ ഒരു ചോക്ലേറ്റ് ബ്രാൻഡും അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്. ധോണിയുടെ പ്രസിദ്ധമായ ഹെലികോപ്റ്റർ ഷോട്ടിന്റെ പ്രചോദനത്തിലാണ് കോപ്റ്റർ 7 ചോക്ലേറ്റ് ബ്രാൻഡ്.
ധോണിയുടെ ഫിറ്റ്നസ് കമ്പനി
മികച്ച ഫിറ്റ്നസ് എക്കാലവും കാത്ത് സൂക്ഷിക്കുന്നതിൽ ലോകത്തിലെ തന്നെ പ്രസിദ്ധനായ കായിക താരമാണ് എം.എസ് ധോണി. ഫിറ്റ്നസിന് പ്രാധാന്യം കൊടുക്കുന്ന വ്യക്തിയെന്ന നിലയിലാണ് ധോണി ഒരു ഫിറ്റ്നസ് സെന്ററിന് തുടക്കമിട്ടത്. ധോണി സ്‌പോർട്‌സ് ഫിറ്റ് എന്ന പേരിൽ ആരംഭിച്ച ഫിറ്റ്നസ് സെന്ററിന് രാജ്യത്തുടനീളം 200-ലധികം ബ്രാഞ്ചുകളുണ്ട്.
ഫുട്ബോൾ – ഹോക്കി ടീമുകളുടെ ഉടമ
ക്രിക്കറ്റിന് മുമ്പ് ധോണി ഫുട്‌ബോളിൽ ഗോൾ കീപ്പർ ആയിരുന്ന കാര്യം അദ്ദേഹത്തിന്റെ ആരാധകർക്കെല്ലാം അറിയാവുന്ന ഒന്നാണ്. ഈ താല്പര്യമാകാം അദ്ദേഹത്തെ രാജ്യത്തെ തന്നെ ഏറ്റവും മികച്ച ഫുട്ബോൾ ക്ലബ്ബിന്റെ സഹ ഉടമയാക്കിയത്. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ടീമായ ചെന്നൈയിൻ എഫ്സിയുടെ സഹ ഉടമയാണ് ധോണി. ഇത് മാത്രമല്ല, ഹോക്കി ടീമായ റാഞ്ചി റേസിന്റെ സഹ ഉടമ കൂടിയാണ് അദ്ദേഹം.
എംഎസ് ധോണി ഗ്ലോബൽ സ്കൂൾ
ബംഗളുരുവിലാണ് മഹേന്ദ്ര സിംഗ് ധോണി തന്റെ ഉടമസ്ഥതയിൽ ഒരു സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത്. എംഎസ് ധോണി ഗ്ലോബൽ സ്കൂൾ ഇംഗ്ലീഷ് മീഡിയം എന്നാണ് ധോണിയുടെ സ്കൂളിന്റെ പേര്. സോഫ്റ്റ്‌വെയർ ഭീമനായ മൈക്രോസോഫ്റ്റുമായി ധോണിയുടെ സ്‌കൂളിന് ബന്ധമുണ്ട്. പ്രോഗ്രാമിങ് പോലുള്ള കാര്യങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നതിനാണ് മൈക്രോസോഫ്റ്റുമായി ധോണി സ്‌കൂൾ ധാരണയിലെത്തിയിക്കുന്നത്.
സിനിമാ പ്രൊഡക്ഷൻ ഹൗസ്
ധോണി സിനിമാ മേഖലയിലും ഏറെ താല്പര്യമുള്ള വ്യക്തിയാണ്. ബോളിവുഡ്, തമിഴ് സിനിമാ ഇൻഡസ്ട്രികളുമായി ഏറെ ബന്ധമുള്ള ധോണിക്ക് സ്വന്തമായി ഒരു പ്രൊഡക്ഷൻ ഹൗസ് നിലവിലുണ്ട്. ധോണി എന്റർടെയ്ൻമെന്റ് എന്ന പേരിൽ ആരംഭിച്ച പ്രൊഡക്ഷൻ ഹൗസ് ലെറ്റ്സ് ഗെറ്റ് മാര്യേജ് എന്ന തമിഴ് സിനിമയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. അടുത്തിടെയാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറക്കിയത്.
ഡ്രോൺ കമ്പനി
ഒരു ടെക്‌നോളജി കമ്പനിയിലും ധോണി നിക്ഷേപം നടത്തിയിട്ടുണ്ട്. ഗരുഡ എയ്‌റോസ്‌പേസ് എന്ന ഈ കമ്പനിയിലാണ് നിക്ഷേപം. ഈ കമ്പനിയുടെ ബ്രാൻഡ് അംബാസഡർ കൂടിയാണ് ധോണി. ഡ്രോണുകൾ നിർമ്മിക്കുക എന്നതാണ് ഈ കമ്പനിയുടെ പ്രധാന ജോലി.
മഹിയുടെ ഹോട്ടൽ വ്യവസായം
ഹോട്ടൽ കമ്പനിയുടെ ഉടമ കൂടിയാണ് മഹേന്ദ്ര സിംഗ് ധോണി. തന്റെ നാട് കൂടിയായ ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിൽ മഹി റെസിഡൻസി എന്ന പേരിലാണ് ഹോട്ടൽ. ധോണിക്ക് നിലവിൽ ഈ ഒരു ഹോട്ടൽ മാത്രമാണ് ഉള്ളതെന്നാണ് വിവരം. തന്റെ വിളിപ്പേരായ ‘മഹി’ എന്ന പേരാണ് റാഞ്ചിയിലെ ഹോട്ടലിന് ധോണി സ്വീകരിച്ചത്.
ഇതിനെല്ലാം പുറമെ നിരവധി സ്ഥാപനങ്ങളിൽ ധോണിക്ക് നിക്ഷേപമുണ്ട്. ഖതാബുക്ക്, കാർസ് 24, ഷാക്ക ഹാരി, ഗരുഡ എയ്‌റോസ്‌പേസ് എന്നിവയുൾപ്പെടെ പലതിലും എംഎസ്ഡി നിക്ഷേപകനാണ് എന്നാണ് റിപ്പോർട്ടുകൾ. ഇതിനെല്ലാം പുറമെ നിരവധി പ്രൊഡക്ടുകളുടെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഈ ക്യാപ്റ്റൻ
Comments are closed for this post.