2022 May 29 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അറിവും അനുഭവവും ചേര്‍ന്ന മനുഷ്യന്‍

എന്‍. ശംസുദ്ദീന്‍ എം.എല്‍.എ

 

എം.പി വിരേന്ദ്രകുമാറിന്റെ നിര്യാണ വാര്‍ത്ത വളരെ വിഷമത്തോട് കൂടിയാണ് ശ്രവിച്ചത.് നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങളിലെ വ്യത്യസ്തമായ ഒരു മുഖമാണ് വിരേന്ദ്രകുമാറിന്റേത്. പണ്ഡിതനും വാഗ്മിയും സാഹിത്യകാരനും ഉന്നത രാഷ്ട്രീയ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന രാഷ്ട്രീയ നേതാവുമായിരുന്നു വീരേന്ദ്രകുമാര്‍. നിരവധി കൃതികളുടെ കര്‍ത്താവുമാണ.് നമ്മുടെ ഇന്നത്തെ രാഷ്ട്രീയ നേതൃത്വത്തില്‍ വ്യത്യസ്ത കാലയളവുകളുടെ പരിചയ സമ്പത്തുള്ള നേതാവുമായിരുന്നു വിരേന്ദ്ര കുമാര്‍. 2014 ലെ തിരഞ്ഞെടുപ്പില്‍ പാലക്കാട് ലോകസഭാ മണ്ഡലത്തില്‍ അദ്ദേഹം സ്ഥാനാര്‍ത്ഥിയായി വരുമ്പോള്‍ ഒരു വലിയ നേതാവിനെ അതു പോലെ തന്നെ തികഞ്ഞ മതേതര വാദിയായ ഒരു പോരാളിയെ എന്റെ നിയോജക മണ്ഡലമായ മണ്ണാര്‍ക്കാടുള്‍പ്പെടുയുള്ള പാര്‍ലമെന്റ് മണ്ഡലത്തില്‍ ലഭിച്ചു എന്ന സന്തോഷമായിരുന്നു ഉണ്ടായിരുന്നത്.

ആ തിരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെയാണ് ഞാന്‍ വീരേന്ദ്രകുമാറുമായി വളരെ അടുക്കുന്നത് മണ്ണാര്‍ക്കാട് മണ്ഡലത്തിലും സമീപ മണ്ഡലത്തിലുമൊക്കെ അന്ന് അദ്ദേഹത്തിന്റെ കൂടെ മുഴുവ സമയ പ്രചാരകരായി ഞങ്ങളൊക്കെ ഉണ്ടായിരുന്നു. ഞാനിപ്പോഴും ഓര്‍ക്കുന്നു മണ്ണാര്‍ക്കാട് മണ്ഡലത്തിലെ ഓരോ സ്വീകരണ കേന്ദ്രത്തിലും സ്ഥാനാര്‍ത്ഥിയുടെ പ്രസംഗത്തിന് മുമ്പ് എന്റെയൊരു അഞ്ചു മിനുട്ട് സമയത്തെ പ്രസംഗമായിരിക്കും അത് അദ്ദേഹം തന്നെയാണ് നിഷ്‌കര്‍ഷിച്ചത്. അതു കഴിഞ്ഞിട്ടാണ് വീരേന്ദ്രകുമാര്‍ എന്ന ഞങ്ങളുടെ സ്ഥാനാര്‍ഥി പ്രസംഗിക്കുക. അന്നത്തെ ഒരു വികസന മുന്നേറ്റത്തില്‍ ഞാന്‍ എം എല്‍ എ ആയ ആദ്യത്തെ ടേം ആണ.് യു ഡി എഫ് കേരളം ഭരിക്കുകയാണ.് അതു പോലെ തന്നെ എം എല്‍ എ ഫണ്ടൊക്കെ നല്ല രീതിയില്‍ ഞങ്ങള്‍ ക്രമീകരിച്ചു ആസൂത്രണം ചെയ്ത,് നൂറ് ശതമാനം എം എല്‍ എ ഫണ്ട് വിനിയോഗിച്ച മണ്ഡലത്തിന്റെ ഖ്യാതിയൊക്കെ നേടി നില്‍ക്കുന്ന സമയമാണ്.

ഏത് സീകരണ കേന്ദ്രത്തില്‍ പോയാലും അവിടെ നമ്മള്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിക്കാനുണ്ടാവുമായിരുന്നു. അങ്ങനെ ആദ്യ ദിവസത്തെ പ്രചാരണത്തിന് ഉച്ചക്ക് ഭക്ഷണത്തിനു വേണ്ടി നിര്‍ത്തി വിശ്രമമൊക്കെ കഴിഞ്ഞിറങ്ങുമ്പോള്‍ ആ സമയത്തദ്ദേഹം പറഞ്ഞു. ഷംസു എനിക്ക് നിങ്ങളോട് വലിയ സന്തോഷമുണ്ട്. കാരണം ഏത് കേന്ദ്രത്തില്‍ പോയാലും നിങ്ങള്‍ക്ക് ആ പ്രദേശത്ത് നടത്തിയ വികസനങ്ങള്‍ പറയാനുണ്ട.് ഇത് എനിക്ക് പുതിയൊരനുഭവമാണ് ഇക്കാര്യത്തില്‍ നിങ്ങളോടെനിക്ക് വലിയ സന്തോഷം തോന്നുന്നു.

അന്ന് അദ്ദേഹം അഭിനന്ദിച്ചത് ഞാനീ സന്ദര്‍ഭത്തില്‍ ഓര്‍ക്കുകയാണ്. ആ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തോടൊപ്പം നിന്ന് അദ്ദേഹത്തിന്റെ മകന്‍ ശ്രേയാംസും അതു പോലെ തന്നെ പ്രമോദുമൊക്കെയായി ചേര്‍ന്ന് അതിന്റെ ഒരു മുഖ്യ പ്രചാരകനായി ഞാനുമുണ്ടായിരുന്നു. പക്ഷെ ആ തിരഞ്ഞെടുപ്പിന്റെ ഫലം നിരാശാജനകമായിരുന്നു. പിന്നീട് മാസങ്ങള്‍ കഴിഞ്ഞു കുഞ്ഞാലിക്കുട്ടി സാഹിബ് രാജി വെച്ചതിനെ തുടര്‍ന്ന് വേങ്ങരയിലുണ്ടായ ഉപ തിരഞ്ഞെടുപ്പിന്റെ ഒരു വലിയ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിനു അദ്ദേഹം വന്നു. അദ്ദേഹം അവിടെ പ്രസംഗിക്കുമ്പോള്‍ എടുത്തു പറഞ്ഞൊരു കാര്യം എനിക്ക് ലീഗ് പാര്‍ട്ടി ചെയ്ത് തന്ന സേവനങ്ങളെ അങ്ങനെ വിസ്മരിക്കാന്‍ കഴിയില്ലെന്നായിരുന്നു.

ലീഗുമായുള്ള എന്റെ സുദീര്‍ഘമായ ബന്ധത്തില്‍ പല നല്ല അനുഭവങ്ങളുമുണ്ട്. അതില്‍ എന്നും പച്ച പിടിച്ചു നില്‍ക്കുന്ന ഒന്നാണ് ഞാന്‍ പാലക്കാട് മത്സരിച്ചപ്പോള്‍ മണ്ണാര്‍ക്കാട് എം എല്‍ എ എന്‍ ഷംസുദ്ദീന്‍ അന്ന് ആ തിരഞ്ഞെടുപ്പില്‍ തുടക്കം മുതല്‍ ഒടുക്കം വരെ എന്റെ കൂടെയുണ്ടായി, എനിക്കുവേണ്ടി ചെയ്ത ആ സേവനവങ്ങള്‍ എനിക്ക് മറക്കാന്‍ കഴിയില്ല. ലീഗുമായുള്ള എന്റെ സുദീര്‍ഘമായ ബന്ധത്തില്‍ പല നല്ല അനുഭവങ്ങളുമുണ്ട്. അതില്‍ ഏറ്റവും അവസാനമായി ഞാനിന്നും നന്നായി ഓര്‍ക്കുന്ന ഒന്നാണത് എന്നദ്ദേഹം പറഞ്ഞതും സദസ്സ് ഒന്നാകെ കരഘോഷത്തോടെയത് ഏറ്റെടുത്തതും ഞാനിന്നുമോര്‍ക്കുകയാണ്. നമ്മളൊന്നും പ്രതീക്ഷിച്ചിട്ടല്ലല്ലോ തിരഞ്ഞെടുപ്പുകളില്‍ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നത്. അങ്ങനെ നല്ല ഓര്‍മ്മകള്‍ എനിക്കീ നേതാവുമായി ബന്ധപ്പെട്ടിട്ടുണ്ട്. അതിനു ശേഷം പലപ്പോഴും കാണുമ്പോഴും എത്ര വലിയ സദസ്സിലാണെങ്കിലും അദ്ദേഹം അഭിവാദ്യം ചെയ്യാനും ഞാനദ്ദേഹത്തെ നേരില്‍ പോയി കണ്ടു പ്രതിഭ്യാഭി വാദ്യം ചെയ്യാനും ശ്രമിച്ചിരുന്നു കേരള രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും തന്റെ കാലഘട്ടം അടയാളപ്പെടുത്തിയാണ് വീരേന്ദ്രകുമാര്‍ കടന്നുപോകുന്നത്.പരേതാത്മാവിനു നിത്യ ശാന്തി നേര്‍ന്നു കൊണ്ട്….


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.