തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിക്ക് തലസ്ഥാനം വിടചൊല്ലി. പ്രിയ നേതാവിന്റെ മൃതദേഹം വഹിച്ച് കൊണ്ടുള്ള വിലാപയാത്ര തിരുവന്തപുരത്ത് നിന്ന് യാത്ര തിരിച്ചു. ജഗതിയിലെ പുതുപ്പള്ളി ഹൗസിലെ പൊതുദര്‍ശനത്തിന് ശേഷം ജന്മസ്ഥലമായ കോട്ടയം പുതുപ്പള്ളിയിലേക്കാണ് വിലാപ യാത്രയായി മൃതദേഹം കൊണ്ട് പോവുന്നത്. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളടക്കം ആയിരങ്ങളാണ് വിലാപ യാത്രയില്‍ അണി ചേരുന്നത്. അദ്ദേഹത്തിന്റെ കുടുംബാങ്ങളും വാഹനത്തില്‍ വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്.
സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് തങ്ങളുടെ പ്രിയ നേതാവിനെ ഒരു നോക്ക് കാണാനായി വഴിയോരങ്ങളിലടക്കം കാത്തു നില്‍ക്കുന്നത്. കേശവദാസപുരം, വെഞ്ഞാറമൂട് കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി വഴിയാണ് വിലാപയാത്ര കോട്ടയത്തെത്തും. വിവിധ ജംഗ്ഷനുകളിലും, സംഘടന കേന്ദ്രങ്ങളിലും പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനം, ചങ്ങനാശ്ശേരി എസ്.ബി കോളേജ് എന്നിവിടങ്ങളിലും അന്തിമോപചാരം അര്‍പ്പിക്കാനുള്ള സൗകര്യം ചെയ്തിട്ടുണ്ട്.
കോട്ടയം ഡി.സി.സിയുടെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങും. വൈകീട്ട് ആറിന് ഡി.സി.സി ഓഫീസിന് മുന്നില്‍ അന്തിപോമചാരമര്‍പ്പിക്കാന്‍ അവസരം ഒരുക്കും. ശേഷം തിരുനക്കര മൈതാനിയില്‍ പൊതു ദര്‍ശനത്തിന് വെക്കും. രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബ വീട്ടില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടര്‍ന്ന് നാളെ ഉച്ചയോടെ മൃതദേഹം സെന്റ് ജോര്‍ജ് പള്ളിയിലേക്ക് കൊണ്ട് പോയതിന് ശേഷം മൃതദേഹം അടക്കം ചെയ്യും.
വിലാപയാത്ര കടന്ന് പോകുന്ന സ്ഥലങ്ങളില്‍ അനിയന്ത്രിതമായ തിരക്കാണ് അനുഭവപ്പെടുന്നത്. ഇത് പരിഗണിച്ച് തിരുവനന്തപുരം മുതല്‍ കോട്ടയം വരെ എം സി റോഡില്‍ ലോറികള്‍ അടക്കം വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വലിയ വാഹനങ്ങള്‍ ദേശീയപാതയിലേക്ക് വഴി തിരിച്ചുവിടും. കോട്ടയത്ത് സ്‌കൂളുകള്‍ക്ക് ഉച്ചക്ക് ശേഷം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Comments are closed for this post.