2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ലോകത്തിലെ ഏറ്റവും സമ്പന്ന രാജകുടുംബം ഏതെന്ന് അറിയാമോ? അംബാനിയും അദാനിയും ഇവരുടെ മുന്നിൽ ഒന്നുമല്ല

ലോകത്തിലെ ഏറ്റവും സമ്പന്ന രാജകുടുംബം ഏതെന്ന് അറിയാമോ? അംബാനിയും അദാനിയും ഇവരുടെ മുന്നിൽ ഒന്നുമല്ല

റിയാദ്: ലോകത്തിലെ ഏറ്റവും സമ്പന്ന കുടുംബം ഗൾഫ് രാഷ്ട്രമായ സഊദി അറേബ്യയിലെ രാജകുടുംബമാണ്. സമ്പത്തിന്റെ കാര്യത്തിൽ ഇവരെ വെല്ലാൻ ലോകത്ത് മറ്റൊരു കുടുംബവും ഇല്ലെന്നതാണ് വാസ്തവം. സഊദി രാജകുടുംബത്തിന്റെ മൊത്തം ആസ്തി ഏകദേശം 1.4 ട്രില്യൺ യുഎസ് ഡോളറാണ് (11,63,54,70,00,00,000 ഇന്ത്യൻ രൂപ). എന്നാൽ ചില റിപ്പോർട്ടുകൾ പ്രകാരം ഇത് 2 ട്രില്യൺ യുഎസ് ഡോളറായി ഉയർന്നിട്ടുണ്ട്. ഹൗസ് ഓഫ് സഊദ് എന്നറിയപ്പെടുന്ന ഈ കുടുംബമാണ് സഊദി അറേബ്യയുടെ ഭരണം കയ്യാളുന്നത്.

സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവിന്റെ നേതൃത്വത്തിലാണ് ഹൗസ് ഓഫ് സഊദ് രാജകുടുംബം മുന്നോട്ട് പോകുന്നത്. രാജകുടുംബത്തിൽ 15,000 മുതൽ 20,000 വരെ അംഗങ്ങളുണ്ടെന്നാണ് കണക്കാക്കുന്നത്. കുടുംബത്തിന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും ലഭിക്കുന്നത് രാജ്യത്തെ വൻതോതിലുള്ള എണ്ണ ശേഖരത്തിൽ നിന്നാണ്. എന്നാൽ ആകെ സമ്പത്തിന്റെ ഭൂരിഭാഗവും 2,000 ആളുകളിൽ ആണ് ഉള്ളത്.

നിലവിൽ 20 ബില്യൺ ഡോളറിന്റെ ആസ്തിയുള്ള അൽവലീദ് ബിൻ തലാൽ അൽ സഊദ് കുടുംബത്തിലെ ഏറ്റവും ധനികനായ അംഗമാണ്. എന്നാൽ, സഊദി അറേബ്യയിലെ രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും തങ്ങളുടെ യഥാർത്ഥ ആസ്തി വെളിപ്പെടുത്തിയിട്ടില്ല. 18 മില്യൺ ഡോളർ ആണ് സൽമാൻ രാജാവിന്റെ സമ്പത്ത് എന്നാണ് അനൗദ്യോഗിക കണക്ക്. എന്നാൽ ഭരണ കുടുംബമായതിനാൽ അദ്ദേഹത്തിന്റെ സ്വത്തിന്റെ യഥാർത്ഥ വിവരം ആർക്കും അറിയില്ല.

നിലവിൽ, സഊദി അറേബ്യൻ രാജാവ് താമസിക്കുന്നത് അൽ യമാമ കൊട്ടാരത്തിലാണ്. 4 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ളതും മനോഹരമായ പ്രാദേശിക നജ്ദി വാസ്തുവിദ്യാ ശൈലി പണികഴിപ്പിച്ചിട്ടുള്ള കൊട്ടാരമാണിത്. ഈ ആഡംബര മാളികയിൽ നിരവധി നീന്തൽക്കുളങ്ങൾ, ആയിരം മുറികൾ, വിസ്മയിപ്പിക്കുന്ന മറ്റു സൗകര്യങ്ങൾ, ഒരു പള്ളി എന്നിവയുൾപ്പെടെയുള്ള നിരവധി സൗകര്യങ്ങൾ ഉണ്ട്. സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതിനാൽ കൊട്ടാരത്തിന്റെയും യഥാർത്ഥ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഏറ്റവും വിലകൂടിയ സ്വർണ്ണം പൂശിയ കാറുകളും, സമൃദ്ധമായ നൗകകളും ആണ് രാജകുടുംബം ഉപയോഗിക്കുന്നത്. ഏറ്റവും വിലകൂടിയ ആഡംബര ലേബലുകൾ ഉള്ള പരമ്പരാഗത ശൈലിയിലുള്ള വസ്ത്രങ്ങളാണ് ഇവർ ധരിക്കുന്നത്. രണ്ട് ഹെലിപാഡുകളും ഒരു സ്‌പോർട്‌സ് ഫീൽഡും ഉള്ള, 400 മില്യൺ ഡോളറിന്റെ സെറീൻ സൂപ്പർ യാച്ച് ഇവർക്കുണ്ട്. ഇത് സഊദി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള നിരവധി സമ്പന്നമായ ക്രൂയിസ് കപ്പലുകളിൽ ഒന്നാണ്. ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ വിമാനമായ ബോയിംഗ് 747-400 അവരുടെ കൈവശമുണ്ട്, അത് ആഡംബര സൗകര്യങ്ങളാൽ സജ്ജീകരിച്ചിരിക്കുന്നു.

സഊദ് രാജ കുടുംബത്തിലെ മറ്റൊരു പ്രമുഖ അംഗമായ ടർക്കി ബിൻ അബ്ദുള്ളയ്ക്ക് 22 മില്യൺ ഡോളർ വിലമതിക്കുന്ന ആകർഷകമായ കാർ ശേഖരം ഉണ്ട്. ലംബോർഗിനി അവന്റഡോർ സൂപ്പർവെലോസ്, റോൾസ് റോയ്സ് ഫാന്റം കൂപ്പെ, മെഴ്‌സിഡസ് ജീപ്പ്, ബെന്റ്‌ലി തുടങ്ങിയ അതിഗംഭീര മോഡലുകൾ എല്ലാം അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.

303 വർഷങ്ങൾക്ക് മുൻപ് 1720 ലാണ് ഹൗസ് ഓഫ് സഊദ് അഥവാ അൽ സഊദ് കുടുംബം സ്ഥാപിച്ചത്. സഊദ് ഒന്നാമനാണ് രാജകുടുംബത്തിന്റെ സ്ഥാപകനായി കണക്കാക്കപ്പെടുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.