
മിഡിൽ ഈസ്റ്റിൽ ഇസ്റാഈലിനെ പിന്തള്ളി സഊദി നാലാം സ്ഥാനത്ത്
റിയാദ്: ഗൾഫ് മേഖലയിലെ സൈനിക ശക്തിയിൽ ഏറ്റവും മുന്നിൽ സഊദി അറേബ്യ. അറബ് ലോകത്ത് രണ്ടാം സ്ഥാനത്തും ആഗോള തലത്തിൽ പതിനേഴാം സ്ഥാനവും സഊദി അറേബ്യ നേടിയിട്ടുണ്ട്. ഗ്ലോബൽ ഫയർ പവർ. കോം പുറത്തിറക്കിയ 2021 വർഷത്തെ പട്ടികയിലാണ് വിവിധ രാജ്യങ്ങളുടെ സൈനിക ശക്തികൾക്കടയിൽ സഊദി അറേബ്യയുടെ സ്ഥാനം രേഖപ്പെടുത്തിയത്. ഗൾഫ് മേഖലയിൽ ഏറ്റവും ശക്തരായ സൈനിക ശക്തിയാണ് സഊദി അറേബ്യ. അതെ സമയം അറബ് മേഖലയിലെ ഏറ്റവും വലിയ സൈനിക ശക്തി ഈജിപ്താണ്. രണ്ടാം സ്ഥാനത്ത് സഊദി അറേബ്യ നില കൊള്ളുന്നുണ്ട്.
മിഡിൽ ഈസ്റ്റിൽ ഇസ്റാഈലിനെ മറികടന്ന് നാലാം സ്ഥാനവും സഊദി അറേബ്യ നേടിയിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ സൈനിക ശക്തരുടെ പട്ടികയിൽ ഇസ്റാഈൽ അഞ്ചാം സ്ഥാനത്താണ്. ആഗോള പട്ടികയിൽ ഇസ്റാഈൽ ഇരുപതാം സ്ഥാനത്താണ്. യുഎഇ 36, കുവൈത് 71, ഒമാൻ 72, ഖത്തർ 82, ബഹ്റൈൻ 103 എന്നിങ്ങനെയാണ് ആഗോള തലത്തിൽ സ്ഥാനങ്ങൾ നേടിയത്. അറബ് രാജ്യങ്ങളുടെ ശത്രുവെന്ന് വിശേഷിപ്പിക്കുന്ന ഇറാൻ ആഗോള പട്ടികയിൽ സഊദി അറേബ്യയെയും ഇസ്റാഈലിനെയും പിന്തള്ളി പതിനാലാം സ്ഥാനം നേടിയിട്ടുണ്ട്.
ആഗോള ശക്തിയിൽ അമേരിക്ക തന്നെയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. തൊട്ടടുത്ത രണ്ടും മൂന്നും സ്ഥാനങ്ങളിൽ റഷ്യയും ചൈനയുമാണ്. ആഗോള സൈനിക ശക്തിയിൽ ഇന്ത്യ നാലാം സ്ഥാനമാണ് പങ്കിടുന്നത്. ജപ്പാൻ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി. പാകിസ്ഥാൻ പത്താം സ്ഥാനത്താണ് പട്ടികയിൽ. അതേസമയം, മുസ്ലിം രാജ്യങ്ങളിൽ പാകിസ്ഥാൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പട്ടികയിൽ ഏറ്റവും ഒടുവിൽ നിന്ന് നോക്കുമ്പോൾ ഭൂട്ടാൻ, ലൈബീരിയ, സൊമാലിയ, സിയറ ലിയോൺ, സുരിനാം, നോർത്ത് മാസിഡോണിയ തുടങ്ങിയ രാജ്യങ്ങളാണ് സ്ഥാനം പിടിച്ചത്.