2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഹരിയാനയില്‍ പള്ളിക്ക് തീയിട്ട് അക്രമികള്‍; ഇമാം വെന്ത് മരിച്ചു, മറ്റൊരാള്‍ക്കും പരുക്ക്

ഹരിയാനയില്‍ പള്ളിക്ക് തീയിട്ട് ഹിന്ദുത്വര്‍; ഇമാം വെന്ത് മരിച്ചു, മറ്റൊരാള്‍ക്കും പരുക്ക്

ചണ്ഡിഗഢ്: ഹരിയാനയില്‍ സംഘര്‍ഷത്തിനിടെ പള്ളിക്ക് തീയിട്ട് ഹിന്ദുത്വര്‍. പള്ളി ഇമാം വെന്തു മരിച്ചു. മറ്റൊരാള്‍ക്കും പരുക്കേറ്റിട്ടുണ്ട്. തീവ്ര വലതു പക്ഷ സംഘടനയായ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകരാണ് അക്രമം അഴിച്ചു വിട്ടത്. പള്ളിക്കുനേരെ വെടിവയ്പ് നടത്തി സംഘം പിന്നീട് തീയിടുകയായിരുന്നു.

ഹരിയാനയുടെ മറ്റു ഭാഗങ്ങളിലേക്കും അക്രമം വ്യാപിക്കുകയാണ്. ഗുഡ്ഗാവിലെ സെക്ടര്‍ 57ലുള്ള അന്‍ജുമന്‍ മസ്ജിദിനുനേരെ അക്രമിസംഘം വെടിവച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശേഷം പള്ളിക്കു തീയിടുകയും ചെയ്തു. സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ പള്ളിയിലെ ഇമാം മൗലാനാ സഅദ് മരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പൊള്ളലേറ്റ ഖുര്‍ഷിദ് എന്നയാളെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്.

ഹരിയാനയിലെ നൂഹ് ജില്ലയില്‍ ജൂലൈ 31ന് ആരംഭിച്ച സംഘര്‍ഷത്തില്‍ നാലുപേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. നൂഹില്‍ വിശ്വഹിന്ദു പരിഷത്ത്(വി.എച്ച്.പി) സംഘടിപ്പിച്ച ഘോഷയാത്രയ്ക്കിടയിലാണ് അക്രമസംഭവങ്ങള്‍ക്കു തുടക്കംകുറിച്ചത്. പശുക്കടത്ത് ആരോപിച്ച് രണ്ട് മുസ്‌ലിം യുവാക്കളെ ജീവനോടെ തീക്കൊളുത്തിക്കൊന്ന സംഭവത്തില്‍ പിടികിട്ടാപ്പുള്ളിയായ മോനു മനേസര്‍ എന്ന മോഹിത് യാദവ് ഘോഷയാത്രയില്‍ പങ്കെടുത്തിരുന്നു. ഇതു ചോദ്യംചെയ്ത് ഒരു സംഘം രംഗത്തെത്തിയതിനു പിന്നാലെയാണ് വ്യാപകമായ അക്രമസംഭവങ്ങള്‍ ആരംഭിച്ചത്.

ഹരിയാനയിൽ വർഗീയ സംഘർഷം: കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി, നിരോധനാജ്ഞ

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം തുടരുകയാണ്. ഇന്നലെ അര്‍ധരാത്രിയോടെ പാല്‍വലില്‍ ഒരു മുസ്‌ലിം വ്യാപാരിയുടെ ടയര്‍കടയ്ക്ക് അക്രമികള്‍ തീയിട്ടു. പൊലിസ് നോക്കിനില്‍ക്കെയായിരുന്നു സംഭവമെന്ന് ആരോപണമുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഗുഡ്ഗാവില്‍ കടകളില്‍ ഉറങ്ങുന്ന വ്യാപാരികളെ വിളിച്ചുണര്‍ത്തി ചോദ്യംചെയ്യുകയും മുസ്‌ലിംകളാണെങ്കില്‍ ആക്രമിക്കുകയും ചെയ്യുന്നതായി മാധ്യമപ്രവര്‍ത്തകനായ മീര്‍ ഫൈസല്‍ ട്വീറ്റ് ചെയ്തു.

അക്രമം തടയാനായി നൂഹിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യാജ വാര്‍ത്തകള്‍ പ്രചരിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ചൊവ്വാഴ്ച വരെ ജില്ലയിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ഫരീദാബാദ്, ഗുഡ്ഗാവ് എന്നീ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തേക്കു കേന്ദ്രസേനയെ അയക്കണമെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നിരിക്കുകയാണെന്നും ജനങ്ങള്‍ സംയമനം പാലിക്കണമെന്നും കോണ്‍ഗ്രസ് അഭ്യര്‍ത്ഥിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.