
ദോഹ: ഗ്രൂപ്പ് എഫില്‍ ലോക രണ്ടാം നമ്പറുകാരായ ബെല്‍ജിയത്തെ രണ്ടുഗോളിന് തകര്‍ത്ത് മൊറോക്കോയുടെ അട്ടിമറി വിജയം. പകരക്കാരായി ഗ്രൗണ്ടിലിറങ്ങിയ അബ്ദുല്‍ ഹമീദ് സാബിരിയും സകരിയ്യ അബൂഖ്ലാലുമാണ് മൊറോക്കോയെ ചരിത്രജയത്തിലേക്ക് കൈപിടിച്ചത്.
73ാം മിനിറ്റില്‍ ബെല്‍ജിയത്തിന്റെ ഫൗളില്‍നിന്ന് കിട്ടിയ ഫ്രീകിക്കെടുത്ത അബ്ദുല്‍ ഹമീദ് സാബിരി ബോക്സിന്റെ വലതു കോര്‍ണറില്‍നിന്ന് ബെല്‍ജിയം പോസ്റ്റിലേക്ക് ഷോട്ടുതിര്‍ക്കുകയായിരുന്നു.
ഗോള്‍കീപ്പര്‍ തിബോ കോര്‍ട്വോയ്ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. അധിക സമയത്തായിരുന്നു രണ്ടാമത്തെ ഗോള്‍. സബ്സ്റ്റിറ്റിയൂട്ട് ആയി ഇറങ്ങിയ സകരിയ്യ അബൂഖ്ലാലിന്റെ അതിമനോഹരമായ വലങ്കാലന്‍ ഷോട്ട് വീണ്ടും ബെല്‍ജിയം വലകുലുക്കി.
മത്സരത്തിലുടനീളം ബെല്‍ജിയം ഗോള്‍ മുഖത്തെ വിറപ്പിക്കാന്‍ മൊറോക്കോ താരങ്ങള്‍ക്ക് സാധിച്ചു. സമാനമായ ആക്രമണങ്ങള്‍ ബെല്‍ജിയവും നടത്തിയെങ്കിലും വിജയിച്ചില്ല. പത്ത് വീതം ശ്രമങ്ങളാണ് ഇരു ടീമുകളും നടത്തിയത്. ഓണ്‍ ടാര്‍ഗറ്റിലേക്ക് മൊറോക്കോ നാല് ശ്രമങ്ങളും ബെല്‍ജിയം മൂന്ന് ശ്രമങ്ങളുമായിരുന്നു നടത്തിയത്. ഇതില്‍ രണ്ടെണ്ണം ലക്ഷ്യത്തിലെത്തിക്കാന്‍ മൊറോക്കോയ്ക്ക് സാധിച്ചു.
Comments are closed for this post.