ബ്രെക്‌സിറ്റിന് ശേഷം യു.കെയില്‍ വ്യാപകമായ കുടിയേറ്റ വിരുദ്ധ വികാരമൊന്നും ഇന്ത്യക്കാരെ ഏശിയില്ലെന്നാണ് തോന്നുന്നത്. 2023ന്റെ ആദ്യ പാതം പൂര്‍ത്തിയായപ്പോള്‍ റെക്കോര്‍ഡ് ഇന്ത്യക്കാരാണ് യു.കെയിലേക്ക് ഇതുവരെ വിമാനം കയറിയിട്ടുള്ളത്. യു.കെയുടെ ഹോം ഓഫീസ് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം 2023 ജൂണ്‍ വരെ ഒന്നര ലക്ഷത്തിനടുത്ത് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ രാജ്യത്തെത്തിയെന്നാണ് കണക്ക്. മുന്‍ വര്‍ഷത്തേക്കാള്‍ 54 ശതമാനത്തിന്റെ വര്‍ധനവാണ് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്. കുടിയേറ്റ നിയമങ്ങളും വിസ നിയമങ്ങളും കര്‍ക്കശമാക്കിയെങ്കിലും ഇന്ത്യക്കാരെ തടയാന്‍ ഇതൊന്നും പര്യപ്തമല്ലെന്ന വ്യക്തമായ സൂചനയാണ് റിപ്പോര്‍ട്ടിലൂടെ മനസിലാക്കാനാവുന്നത്.
ഈ വര്‍ഷം ജൂണ്‍ വരെ 1,42,848 സ്റ്റുഡന്റ് വിസകളാണ് അനുവദിച്ച് നല്‍കിയത്. തൊട്ടുമുമ്പെയുള്ള വര്‍ഷം ഇതേ കാലയളവില്‍ അനുമതി നല്‍കിയ വിസകളേക്കാള്‍ 49,883 അധികം വിസകളാണ് അനുവദിച്ച് നല്‍കിയത്.
2023 ജൂണ്‍ മാസം വരെ മൊത്തം 5 ലക്ഷം സ്റ്റുഡന്റ് വിസകളാണ് യു.കെ മന്ത്രാലയം അനുവദിച്ച് നല്‍കിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 23 ശതമാനത്തിന്റെ വര്‍ധനവാണ് മൊത്തം വിദ്യാര്‍ഥി വിസകളിലുമുണ്ടായിട്ടുള്ളത്. ഇതിന്റെ മൂന്നിലൊന്നും ഇന്ത്യക്കാരാണ് നേടിയെടുത്തത്.
സ്‌പോണ്‍സേര്‍ഡ് സ്റ്റഡി വിസക്കാര്‍ക്ക് അവരുടെ മാതാപിതാക്കളെയും കുട്ടികളെയും രാജ്യത്തേക്ക് കൊണ്ടുവരാന്‍ യു.കെ അനുമതി നല്‍കുന്നുണ്ട്. ഇതുപ്രകാരം ഏകദേശം ഒന്നര ലക്ഷത്തിന് മുകളില്‍ ആശ്രിത വിസകളും ഈ കാലയളവില്‍ നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഏകദേശം 24 ശതമാനത്തിന്റെ വര്‍ധനവാണ് ആശ്രിത വിസയിനത്തിലും ഉണ്ടായിട്ടുള്ളത്. ഇതേ കാലയളവില്‍ മൊത്തം 98,394 ഗ്രാജ്വേറ്റ് എക്‌സ്റ്റിന്‍ഷനുകള്‍ അനുവദിച്ച് നല്‍കിയിട്ടുണ്ട്. ഇതില്‍ 42 ശതമാനവും ഇന്ത്യക്കാര്‍ക്കാണ്.
അടുത്ത വര്‍ഷം മുതല്‍ സ്റ്റുഡന്റ് വിസകളില്‍ രാജ്യത്തെത്തിയ മാസ്റ്റേഴ്‌സ് വിദ്യാര്‍ഥികള്‍ക്ക് ആശ്രിതരെ കൊണ്ടുവരാന്‍ കഴിയില്ലെന്ന് യു.കെ നിയമം കൊണ്ടുവന്നിരുന്നു. ഇത് യു.കെയിലേക്കുള്ള കുടിയേറ്റം വരും നാളുകളില്‍ ഗണ്യമായി കുറയാന്‍ കാരണമാകുമെന്നാണ് കണക്ക് കൂട്ടുന്നത്.
അതേസമയം യു.കെയിലേക്കുള്ള ചൈനീസ് വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ ആറ് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ചൈനീസ് വിദ്യാര്‍ഥികള്‍ക്ക് മൊത്തം 107,670 സ്റ്റുഡന്റ് വിസകളാണ് അനുവദിച്ച് നല്‍കിയത്. സ്‌പോണ്‍സര്‍ വിസകളില്‍ പകുതിയും ചൈനയിലെയും ഇന്ത്യയിലെയും വിദ്യാര്‍ഥികള്‍ക്കാണ് നല്‍കിയത്. സ്‌പോണ്‍സര്‍ വിസകളില്‍ നൈജീരിയ, പാകിസ്ഥാന്‍, യു.എസ് എന്നീ രാജ്യങ്ങളാണ് ആദ്യ പത്തില്‍ ഉള്‍പ്പെടുന്നത്. ഷെങ്കന്‍ രാജ്യങ്ങള്‍ക്ക് നീക്കി വെച്ച വിസയുടെ 18 ശതമാനവും ജര്‍മ്മനി ഫ്രാന്‍സ് സ്‌പെയിന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് നേടിയത്.
Comments are closed for this post.