2024 February 24 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

യു.കെയില്‍ ജോലി നേടാം; കേരള സര്‍ക്കാരിന് കീഴില്‍ ഇതുവരെ വിമാനം കയറിയത് നൂറോളം മലയാളികള്‍; ഈ മേഖലയില്‍ ഇപ്പോഴും അവസരമുണ്ട്

യു.കെയില്‍ ജോലി നേടാം; കേരള സര്‍ക്കാരിന് കീഴില്‍ ഇതുവരെ വിമാനം കയറിയത് നൂറോളം മലയാളികള്‍; ഈ മേഖലയില്‍ ഇപ്പോഴും അവസരമുണ്ട്

യു.കെയിലെ ഗവണ്‍മെന്റ് എന്‍.എച്ച്.എസ് ട്രസ്റ്റുകളില്‍ മെഡിക്കല്‍ ജോലികള്‍ നേടിയ മലയാളികളുടെ എണ്ണം 100 കവിഞ്ഞു. യു.കെയിലെ ആരോഗ്യ മേഖലയുമായി സഹകരിച്ച് നോര്‍ക്ക റൂട്ട്‌സാണ് ആരോഗ്യ പ്രവര്‍ത്തകരുടെ യു.കെ കുടിയേറ്റം എളുപ്പമാക്കുന്നതിന് പദ്ധതി ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ലണ്ടന്‍ സന്ദര്‍ശന വേളയിലാണ് യു.കെയിലെ വിവിധ എന്‍.എച്ച്.എസ് ട്രസ്റ്റുകളിലേക്ക് കേരളത്തില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ കുടിയേറ്റത്തിനുള്ള അവസരമൊരുക്കി നോര്‍ക്ക റൂട്ട്‌സുമായി കരാറിലെത്തിയത്.

2022 നവംബറിലും 2023 മെയ് മാസത്തിലുമായി കൊച്ചിയില്‍ വെച്ച് നടത്തിയ നോര്‍ക്ക യു.കെ കരിയര്‍ ഫെയറിന്റെ രണ്ട് എഡിഷനുകളിലൂടെ തെരഞ്ഞെടുക്കപ്പെട്ടവരാണ് ഇതിനോടകം ജോലിയില്‍ പ്രവേശിച്ചത്. ആരോഗ്യമേഖലയില്‍ നിന്നും വിവിധ സ്‌പെഷ്യാലിറ്റിയിലേയ്ക്കുളള ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, സീനിയര്‍ കെയറര്‍, ഫിസിയോതെറാപ്പിസ്റ്റ്, ഡയറ്റീഷ്യന്‍, റേഡിയോഗ്രാഫര്‍, ഒക്ക്യൂപേഷണല്‍ തെറാപ്പിസ്‌റ്,സോഷ്യല്‍ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെ 109 പേരാണ് യുകെ യിലെത്തിയത്. ഹമ്പര്‍ ആന്റ് നോര്‍ത്ത് യോക്ക്ഷെയറിലെ ഏഴ് എന്‍.എച്ച്.എസ്സ് ട്രസ്റ്റുകളിലെ 12 ഇടങ്ങളിലാണ് കേരളത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ ജോലി ചെയ്യുന്നത്. 2023 നവംബറില്‍ നോര്‍ക്ക യുകെ കരിയര്‍ ഫെയറിന്റെ മൂന്നാമത് എഡിഷന്‍ കൊച്ചിയില്‍ നടക്കാനിരിക്കുകയാണ്.

പുതുതായി ജോലിക്കെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി കൂട്ടായ്മ സദസും കഴിഞ്ഞ മാസം നടത്തിയിരുന്നു. നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. യു.കെയിലെത്തിയ ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിച്ച അദ്ദേഹം ഇവരുടെ തുടര്‍ന്നുള്ള ജീവിതത്തിലുടനീളം ഏതുസമയത്തും നോര്‍ക്ക റൂട്ട്‌സിന്റെ സേവനം എല്ലാ പ്രവാസികള്‍ക്കുമെന്ന പോലെ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ചുരുങ്ങിയ കാലം കൊണ്ടാണ് ഈ നേട്ടം കൈവരിക്കാനായതെന്നും ഇത് നോര്‍ക്ക റൂട്ട്‌സിന്റെ മികവിന്റെ അടയാളപ്പെടുത്തലാണെന്നും പി. ശ്രീരാമ കൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

   

യുകെ യിലെത്തിയവര്‍ നോര്‍ക്ക റൂട്ട്‌സിന്റെയും, കേരളത്തിലെ ആരോഗ്യമേഖലയുടേയും, ഇന്ത്യയുടേയും അംബാസിഡര്‍മാര്‍കൂടിയാണെന്ന ചടങ്ങില്‍ ഓണ്‍ലൈനായി സംബന്ധിച്ച ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരിയും അഭിപ്രായപ്പെട്ടു. യു. കെ യിലേയ്ക്കുളള സീനിയര്‍ കെയറര്‍മാരുടെ റിക്രൂട്ട്‌മെന്റ് എടുത്തുപറയേണ്ട നേട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.

യോര്‍ക്ക്‌ഷെയറിലെ ഹള്‍ സിറ്റിയില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് മാനേജര്‍ ശ്യാം ടികെ, യു. കെയില്‍ നിന്നും ചടങ്ങില്‍ നാവിഗോ ഡെപ്പ്യൂട്ടി ചീഫ് മൈക്ക് റീവ്, ഇംഗ്ലണ്ടിലെ ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ഹെഡ് ഓഫ് ഇന്റര്‍നാഷണല്‍ വര്‍ക്ക് ഫോഴ്‌സ് മിസ്റ്റര്‍ ഡേവ് ഹവാര്‍ത്ത്, ഹമ്പര്‍ ആന്റ് നോര്‍ത്ത് യോക്ക്ഷെയര്‍ ഇന്റഗ്രേറ്റഡ് കെയര്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. നൈജല്‍ വെല്‍സ്, ഹെഡ് ഓഫ് ഇന്റര്‍നാഷണല്‍ വര്‍ക്ക് ഫോഴ്‌സ് പോളിസി റിയാന്‍ വെല്‍സ്,എന്‍.എച്ച്.എസ്സില്‍ നിന്നും ഡോ.ജോജി കുര്യാക്കോസ്, ഡോ. സിവിന്‍ സാം ഡോ. ജോഹാന്‍ ഫിലിപ്പ്, വിവിധ ഹോസ്പിറ്റല്‍ പ്രതിനിധികള്‍, ഇന്റ്റഗ്രറ്റഡ് കെയര്‍ പാര്‍ട്ണര്‍ഷിപ്പ് പ്രതിനിധികള്‍ യു.കെ യിലേക്ക് നോര്‍ക്ക റൂട്ട്‌സ് വഴി നിയമനം ലഭിച്ച കേരളീയരായ ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

യു.കെയ്ക്ക് സമാനമായി ജര്‍മ്മനിയിലേക്കും ഇതിനോടകം നൂറോളം ആരോഗ്യ പ്രവര്‍ത്തകര്‍ നോര്‍ക്ക റൂട്ട്‌സിന് കീഴില്‍ ജോലിക്കായി പ്രവേശിച്ചിട്ടുണ്ട്. മൂന്ന് ഘട്ടങ്ങളിലായി നടത്തിയ അഭിമുഖങ്ങളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 700ല്‍ പരം ഉദ്യോഗാര്‍ഥികളുടെ ജര്‍മ്മന്‍ പഠനം തുടരുകയാണ്. ഇവരെയും വൈകാതെ തന്നെ ജര്‍മ്മനിയലേക്കെത്തിക്കാനാകുമെന്നാണ് നോര്‍ക്കയുടെ കണക്ക് കൂട്ടല്‍.

more-than-hundred-malayalis-went-for-uk-jobs-under-kerala-government


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.