2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ധാര്‍മികതയുമായി രാജിയായ രാഷ്ട്രീയം

പിണങ്ങോട് അബൂബക്കര്‍

 

ലോകത്ത് എല്ലാ മേഖലകളിലും ധാര്‍മികത ക്ലാവ് പിടിച്ചുതുടങ്ങിയിട്ടുണ്ട്. എന്നാല്‍, പൂര്‍ണമായി കൈയൊഴിഞ്ഞു എന്ന് പറയാനാവില്ല. നിര്‍ഭാഗ്യവശാല്‍ ലോകരാഷ്ട്രീയം വൈകാരികത മാത്രം അജന്‍ഡയായി സ്വീകരിച്ചു നൈതികത നിരാകരിക്കുന്നു. ഇതുകാരണം അഴിമതി വളര്‍ന്നു. അഴിമതിവിരുദ്ധ പോരാട്ടങ്ങള്‍ വിപരീതഫലങ്ങള്‍ ഉളവാക്കിയതായിട്ടാണ് അനുഭവം. അണ്ണാ ഹസാരെ, അരവിന്ദ് കെജ്‌രിവാള്‍, കിരണ്‍ ബേദി തുടങ്ങിയവര്‍ നടത്തിയ പ്രചാരണങ്ങളും പോരാട്ടങ്ങളും ഫാസിസ്റ്റുകള്‍ക്കാണ് ഗുണം കിട്ടിയത്. ഈ സമരങ്ങളുടെ ധാര്‍മികമൂല്യങ്ങള്‍ മാനിച്ചുകൊണ്ട് തന്നെ സമരാനന്തര സാമൂഹിക സാഹചര്യങ്ങള്‍ നിയന്ത്രിക്കാനുള്ള സംഘബലം ഇല്ലാതെ പോയപ്പോള്‍ വിദ്രോഹ ശക്തികള്‍ ഉപയോഗപ്പെടുത്തുകയായിരുന്നു.

ട്രാന്‍സ്‌പെരന്‍സി ഇന്റര്‍നാഷണല്‍ 2005 ല്‍ ഇന്ത്യയില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് ഒരു സര്‍ക്കാര്‍ ഓഫിസില്‍ ഏതെങ്കിലും ഒരു കാര്യം സാധിക്കണമെങ്കില്‍ കൈക്കൂലി നല്‍കുകയോ ന്യായവിരുദ്ധ മാര്‍ഗത്തിലൂടെ സ്വാധീനിക്കുകയോ ചെയ്ത ആദ്യാനുഭവം 15 ശതമാനത്തിലധികം ആളുകള്‍ക്കുണ്ടായെന്നാണ്. സംസ്ഥാന അതിര്‍ത്തികള്‍ പങ്കിടുന്ന ലോറി ഡ്രൈവര്‍മാര്‍ ഒരു വര്‍ഷം ശരാശരി 500 യു.എസ് ഡോളറിന് തുല്യമായ കൈക്കൂലി നല്‍കുന്നുണ്ടെന്ന് പഠനത്തില്‍ പറയുന്നു. നിത്യോപയോഗ വസ്തുക്കളും ഭക്ഷ്യധാന്യങ്ങളും കെട്ടിട നിര്‍മാണ ഉപകരണങ്ങളും ഒക്കെയാണ് അതിര്‍ത്തികള്‍ വഴി കടന്നുവരുന്നതെന്ന് ചേര്‍ത്തുവായിക്കണം. അഴിമതി പ്രത്യക്ഷ സൂചികയില്‍ 178 രാജ്യങ്ങളുള്ള പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 87 ആണ്. ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറി (2011 ലെ കണക്ക്). കള്ളപ്പണത്തിന്റെ കാര്യത്തില്‍ ലോകത്ത് മുഖ്യസ്ഥാനം ഇന്ത്യക്കുണ്ട്. സ്വിസ് ബാങ്കുകളില്‍ ഏകദേശം 1456 ബില്യന്‍ ഡോളര്‍ കള്ളപ്പണത്തിന്റെ രൂപത്തിലാണ് നിക്ഷേപിച്ചത്. ലഭ്യമായ വിവരം അനുസരിച്ച് ലോകത്തിലെ മറ്റു രാജ്യങ്ങളിലെല്ലാം കൂടിയുള്ള കള്ളപ്പണത്തെക്കാള്‍ അധികമാണ് ഇന്ത്യയുടേതാണ്. ഇന്ത്യയുടെ ദേശീയ കടത്തിന്റെ 13 ഇരട്ടി വരും കള്ളപ്പണത്തിന്റെ കണക്ക്. 2002-2006 കാലത്ത് 27.3 മില്യന്‍ യു.എസ് ഡോളറിന് തുല്യമായ കള്ളപ്പണം പ്രതിവര്‍ഷം വിദേശത്തേക്ക് കടത്തിയിട്ടുണ്ട്.

രാജ്യത്തിന്റെ അടിത്തറയിളക്കുന്ന ഈ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ രാഷ്ട്രീയകക്ഷികളുടെ മൂല്യ ശോഷണത്തിന്റെ ഫലമായി സംഭവിക്കുന്നതാണ്. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളും സഹായികളും സാഹചര്യങ്ങളും രാഷ്ട്രീയ അധാര്‍മികതയുടെ ഒരു സാക്ഷ്യവും കൂടിയാണ്.

ഭരണം ധൂര്‍ത്തിന്റെ എല്ലാ സീമകളും ലംഘിക്കുകയാണ്. കൊളോണിയലിസത്തിന്റെ ജീര്‍ണതകള്‍ തേച്ചു മിനുക്കി വാശിയോടെ നടപ്പിലാക്കുന്നു. 130 കോടിയിലധികം വരുന്ന ജനങ്ങള്‍ അധിവസിക്കുന്ന ഭാരതത്തില്‍ 50 ശതമാനത്തിലധികവും മുഴു പട്ടിണിയിലും അര്‍ധ പട്ടിണിയിലുമാണ്. 1912 – 1929 വര്‍ഷം 29000ത്തിലധികം പേര്‍ കഠിനാധ്വാനം ചെയ്തു രണ്ടു ലക്ഷത്തിലധികം സ്‌ക്വയര്‍ഫീറ്റില്‍ നാലു നിലയിലായി പണിത വൈസ്രോയി ഹൗസില്‍ സ്വതന്ത്ര ജനാധിപത്യ രാഷ്ട്രമായ ഭാരതത്തിന്റെ രാഷ്ട്രപതി താമസിക്കുന്നു. 330 ഏക്കര്‍ വിസ്തൃതിയുള്ള ഈ കൊട്ടാര വളപ്പില്‍ 340 കിടപ്പുമുറികള്‍ സജ്ജമാക്കിയിട്ടുണ്ട്. 70 വര്‍ഷം പിന്നിട്ട ഭാരതത്തില്‍ ഭരണഘടനയുടെ മാര്‍ഗ നിര്‍ദേശക തത്വത്തില്‍ പറഞ്ഞ വിദ്യാഭ്യാസവും തൊഴിലും ഇതുവരെ ലഭ്യമാക്കിയിട്ടില്ല. യു.എ.ഇ റെഡ്ക്രസന്റ് പാവപ്പെട്ടവര്‍ക്ക് കൂര പണിയാന്‍ പിരിച്ചുണ്ടാക്കിയ 20 കോടിയില്‍ പകുതി (ഒമ്പതര കോടി )രാഷ്ട്രീയഉദ്യോഗസ്ഥ, ഭരണവര്‍ഗം സംഘംചേര്‍ന്നു തട്ടിയെടുത്ത വാര്‍ത്ത വിശേഷിച്ച് ഒരു വികാരവും ജനങ്ങളില്‍ ഉണര്‍ത്തിയതുമില്ല. കേട്ടാല്‍ ഞെട്ടേണ്ട നിരവധി അഴിമതിക്കഥകള്‍ ഇന്ത്യയില്‍ ഉയര്‍ന്നുവന്നു. സാമ്പത്തിക കുറ്റകൃത്യം മതിയായ ശിക്ഷ ഉറപ്പുനല്‍കുന്ന വകുപ്പുകള്‍ ഇല്ലാതെ ശ്വാസം മുട്ടി തന്നെ കഴിയുകയാണ്. എന്‍.ഐ.എ വന്നാലും സി.ബി.ഐ വന്നാലും മൂക്കുകയര്‍ ഭരണവര്‍ഗ കരങ്ങളില്‍ ഭദ്രം.

2009 നവംബര്‍ 23 ന് പ്രസിദ്ധീകരിച്ച ഔട്ട്‌ലുക്ക് മാഗസിന്‍ ചൂണ്ടിക്കാണിച്ച ചില കാര്യങ്ങള്‍ രാഷ്ട്രീയ ഭാരതം വേണ്ടവിധം ചര്‍ച്ച ചെയ്തിട്ടില്ല. 1991 ലെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ഉദാരവല്‍ക്കരണം രഹസ്യപ്പണത്തെ അത്യന്തം ഉയര്‍ന്ന നിലയില്‍ എത്തിച്ചു. 1991 മുതലുള്ള സാമ്പത്തിക അഴിമതിയുടെ ഏകദേശ പട്ടിക ഔട്ട്‌ലുക്ക് തയാറാക്കി അവതരിപ്പിച്ചിട്ടുണ്ട്. സങ്കല്‍പ്പിക്കാനാവാത്ത വലിയ കൊള്ളമുതലിന്റെ കണക്കാണത്. 73 ലക്ഷം കോടി രൂപയാണ് കാണിച്ചിട്ടുള്ളത് (1991-2011). ചില ഉദാഹരണങ്ങള്‍; ഹര്‍ഷദ് മേത്തയുടെ ഓഹരി അഴിമതി 5000 കോടി രൂപ. പഞ്ചസാര ഇറക്കുമതി അഴിമതി 650 കോടി രൂപ. രാസവളം ഇറക്കുമതി അഴിമതി 1300 കോടി. ബിഹാര്‍ കാലിത്തീറ്റ കുംഭകോണം 650 കോടി. സുഖറാം ടെലിഫോണ്‍ കുംഭകോണം 1500 കോടി. തേക്ക് തോട്ടം ധനാപഹരണം 8000 കോടി. മുദ്രപ്പത്ര കുംഭകോണം 172 കോടി. മുങ്ങിക്കപ്പല്‍ അഴിമതി 18978 കോടി. പൂനെയിലെ ഹസന്‍ അലി ഖാന്‍ നികുതിക്രമക്കേട് 50,000 കോടി. ജാര്‍ഖണ്ഡ് മെഡിക്കല്‍ ഉപകരണം അഴിമതി 130 കോടി. അരി കയറ്റുമതി കുംഭകോണം 2,500 കോടി. ഒഡിഷ ഖനി അഴിമതി 7000 കോടി. മധു കോഡ മൈനിങ് തട്ടിപ്പ് 4000 കോടി. ഈ പട്ടിക ഇങ്ങനെ നീളും. രാഷ്ട്രീയ, ഉദ്യോഗസ്ഥ നേതൃത്വം എല്ലാ ധാര്‍മിക ലക്ഷ്മണരേഖയും നിരന്തരം ലംഘിക്കുന്നു. കാര്‍ഗില്‍ വീരമൃത്യുവരിച്ച ധീര ജവാന്മാരെ അടക്കം ചെയ്യാന്‍ തയാറാക്കിയ ശവപ്പെട്ടി അഴിമതി ലോകം ഞെട്ടലോടെ ശ്രദ്ധിച്ചു. ഇന്ത്യ കുട്ടിച്ചോറാക്കി, വര്‍ഗീയ ഭ്രാന്ത് വളര്‍ത്തി ശ്രീരാമക്ഷേത്രം നിര്‍മിക്കാന്‍ ബി.ജെ.പി പിരിച്ച പണത്തില്‍ നിന്ന് 1,400 കോടി തട്ടിയെടുത്തു എന്ന് ആരോപിച്ചത് സന്ന്യാസിമാരാണ്. പ്ലാന്‍ ഫണ്ടില്‍ നിന്നും 80 ശതമാനം ഇടത്തരക്കാര്‍ വലിക്കുന്നു എന്ന് ഇന്ത്യന്‍ പാര്‍ലമെന്റില്‍ വിലപിച്ചത് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയായിരുന്നു.

വിപണിയില്‍ പ്രവേശിക്കാനുള്ള ശേഷി, സ്വകാര്യ ഉടമസ്ഥതയിലുള്ള സ്വത്തിന് സുരക്ഷ, വ്യക്തിപരമായി തെരഞ്ഞെടുക്കാനുള്ള അവസരം, നിയമവാഴ്ച തുടങ്ങിയ കാര്യങ്ങള്‍ വിശകലനം ചെയ്തു ആഗോള സാമ്പത്തിക സ്വാതന്ത്ര്യ സൂചിക ഈയിടെ പുറത്തു വന്നു. 2019 ല്‍ 79ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ 2020ല്‍ താഴെയിറങ്ങി നൂറ്റി അഞ്ചാം സ്ഥാനത്തെത്തി. 162 രാജ്യങ്ങളുടെ നയങ്ങളും സ്ഥാപനങ്ങളും വിലയിരുത്തിയാണ് സൂചിക തയാറാക്കുന്നത്. അന്താരാഷ്ട്രവ്യാപാരത്തിലെ തുറന്ന ഇടപെടല്‍, വിപണിയിലെ പുതിയ പരിഷ്‌കരണങ്ങള്‍ ഇന്ത്യയുടെ തിരിച്ചുവരവിനുള്ള സാധ്യതയായി സൂചികയില്‍ പറയുന്നുണ്ട്. രാജ്യം ഗുരുതരമായ സാമ്പത്തിക തകര്‍ച്ച നേരിടുന്നു. തൊഴില്‍രഹിതരുടെ എണ്ണം കഴിഞ്ഞ 45 വര്‍ഷത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ അക്കത്തില്‍ നില്‍ക്കുന്നു. ഉല്‍പാദനവും വിപണനവും മന്ദീഭവിച്ചു. കാര്‍ഷിക രംഗം വാടിക്കരിഞ്ഞു. അംബാലയില്‍ സൈനിക താവളത്തില്‍ റാഫേല്‍ യുദ്ധവിമാനം ഔദ്യോഗികമായി കൈമാറുന്ന ചടങ്ങില്‍ പ്രതിരോധവകുപ്പ് മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞത് ഇത് ഒരു ചരിത്ര നിമിഷമാണെന്നാണ്. റാഫേല്‍ യുദ്ധവിമാനം വാങ്ങുന്നതിലെ അഴിമതി ആരോപണം ഇപ്പോഴും തീര്‍പ്പായിട്ടില്ല. സുരക്ഷയ്ക്കായി തോക്ക് വാങ്ങുമ്പോഴും ബോംബ് വാങ്ങുമ്പോഴും കൈക്കൂലിയും കമ്മിഷനും മേടിക്കുന്ന അപൂര്‍വ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഗവണ്‍മെന്റുകള്‍ മാറിയെങ്കിലും നയങ്ങളില്‍ മാറ്റമില്ല. പിന്‍വാതില്‍ വഴി പണം അടിച്ചുകൊണ്ടുപോകുന്ന രാഷ്ട്രീയ അധാര്‍മികത വളരുകയാണ്.

ആരെ കൂട്ടുപിടിച്ചാണെങ്കിലും ലക്ഷ്യം സാക്ഷാല്‍ക്കരിക്കുകയെന്നതാണ് രാഷ്ട്രീയപ്പാര്‍ട്ടികളുടെ രീതി. വര്‍ഗീയ, ജാതീയ, തീവ്രവാദ ഗ്രൂപ്പുകള്‍ നിര്‍മ്മിച്ചു പിന്നീടവര്‍ക്ക് പൊളിറ്റിക്കല്‍ സ്‌പേസ് നല്‍കി വോട്ട് ബാങ്ക് നിര്‍മ്മാണ അഴിമതി ഇന്ത്യയില്‍ വ്യാപകമായി നടക്കുന്നു. രാഷ്ട്രീയസദാചാരം ഭംഗിവാക്കായി. മാനവസമൂഹം നിലനിന്നു പോരാന്‍ ആവശ്യമായ മര്യാദ ബലാല്‍ക്കാരം ചെയ്യപ്പെട്ടു. പ്രത്യയശാസ്ത്രം വിറ്റു കാശ് പോക്കറ്റില്‍ ഇടുന്നത് രാഷ്ട്രീയരംഗത്ത് അസാധാരണമല്ല. പാര്‍ട്ടി മാറാനും മുന്നണി മാറാനും ഒന്നുറങ്ങി എഴുന്നേറ്റാല്‍ മതി. കൈവശമുള്ള വോട്ടിന് കൂടുതല്‍ വിപണി മൂല്യമുള്ള കൂട്ടരുമായി വിലപറഞ്ഞു ഉറപ്പിക്കാന്‍ നേതൃത്വത്തിന് മടിയില്ല. രാഷ്ട്രീയ വിശ്വാസം സാധാരണക്കാര്‍ക്ക് നഷ്ടപ്പെടുന്നതിന്റെ തെളിവാണ് നോട്ടക്ക് കിട്ടുന്ന വര്‍ധിച്ച വോട്ടുകള്‍. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 143 വോട്ടിങ് യന്ത്രങ്ങളില്‍ വോട്ടര്‍പട്ടികയില്‍ ഉള്ളതിനേക്കാള്‍ വോട്ട് രേഖപ്പെടുത്തിയത് തെളിഞ്ഞു. പിന്നീട് ചടുല വേഗതയില്‍ നടപടികളുണ്ടായില്ല. ഇന്ത്യന്‍ രാഷ്ട്രീയരംഗത്ത് പണവും അധികാരവും നേടിയ വലിയ സ്വാധീനം രാഷ്ട്രീയധര്‍മ്മമുഖം വികൃതമാക്കി. മെഡിക്കല്‍ എത്തിക്‌സ്, ജുഡിഷ്യല്‍ എത്തിക്‌സ് തുടങ്ങിയവ സമൂഹങ്ങളെ ബലപ്പെടുത്തുന്നു. പൊളിറ്റിക്കല്‍ എത്തിക്‌സ് നഷ്ടപ്പെട്ടാല്‍ രാജ്യമാണ് ദുര്‍ബലമാവുക.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.