2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പൊലിസിലും സഹായികള്‍, പിടികിട്ടാപ്പുള്ളിയാവുമ്പോഴും കലാപത്തിന് തിരികൊളുത്തി; ഒടുവില്‍ മോനു മനേസര്‍ എന്ന ഹിന്ദുത്വ ഗുണ്ടാനേതാവ് പിടിയിലാകുമ്പോള്‍

പൊലിസിലും സഹായികള്‍, പിടികിട്ടാപ്പുള്ളിയാവുമ്പോഴും കലാപത്തിന് തിരികൊളുത്തി; ഒടുവില്‍ മോനു മനേസര്‍ എന്ന ഹിന്ദുത്വ ഗുണ്ടാനേതാവ് പിടിയിലാകുമ്പോള്‍

ഒടുവില്‍ ഹരിയാനയിലെ നൂഹിലുണ്ടായ വര്‍ഗീയ കലാപത്തിന് കാരണക്കാരനായ മോനു മനേസര്‍ എന്ന ഹിന്ദുത്വ ഗുണ്ടാനേതാവ് അറസ്റ്റില്‍ ആയിരിക്കുന്നു. നൂഹ് കലാപത്തിന് പുറമെ പശുക്കടത്ത് ആരോപിച്ച് രാജസ്ഥാന്‍ സ്വദേശികളായ നാസിര്‍, ജുനൈദ് എന്നീ യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് ചുട്ടുകൊന്ന കേസിലും ഇയാള്‍ പിടികിട്ടാപുള്ളിയായിരുന്നു. ഇക്കാരണത്താല്‍ മോനു മനേസറെ ഹരിയാന പൊലിസ് രാജസ്ഥാന് കൈമാറിയിട്ടുണ്ട്. ഇന്ത്യയിലെ അക്രമാസക്ത ഹിന്ദുത്വ ആള്‍ക്കൂട്ടത്തിന്റെ പ്രതീകമാണ് മോനു മനേസര്‍ എന്ന മോഹിത് യാദവ്.

മോനുമനേസര്‍ എന്ന് ഗൂഗിള്‍ ഇമേജില്‍ തിരഞ്ഞാല്‍ അത്യാധുനിക തോക്കുകളുള്‍പ്പെടെയുള്ള ആയുധങ്ങളുമായി നില്‍ക്കുന്ന കുറേ ചിത്രങ്ങളാകും നിങ്ങള്‍ക്ക് കാണാനാകുക. മോനു മനേസറിന്റെ വിഡിയോകള്‍ ഗൂഗിളില്‍ തിരഞ്ഞാല്‍ ലഭിക്കുന്നതിലൊന്ന് 2021 ജൂലൈ നാലിലെ ഹരിയാനയിലെ ഹിന്ദുമഹാസഭയുടെ സമ്മേളനത്തിലേതാണ്. അതിലെ അയാളുടെ പ്രസംഗം ഇങ്ങനെയാണ്:
…ലൗജിഹാദിലും പശുക്കടത്തിലും ഉള്‍പ്പെട്ടവരുടെ പേര് നിങ്ങള്‍ തരൂ. നമ്മുടെ വല്യേട്ടന്‍ ഇവിടെയുള്ളതിനാല്‍ പൊലിസിനെയോ കേസോ ജയിലോ പടിക്കേണ്ട. നിങ്ങള്‍ പേര് തന്നാല്‍ മതി. ഞങ്ങള്‍ അവരെ പാഠംപഠിപ്പിച്ചോളാം. ഞങ്ങള്‍ അവരെ ആക്രമിക്കും. അതാണ് പരിഹാരം. അത് മാത്രമാണ് പരിഹാരം. നമ്മുടെ മതത്തിന് നേരെ ചൂണ്ടിയ വിരലുകളോട് ഒരു ഒത്തുതീര്‍പ്പുമില്ല. സംസാരം ഒന്നിനും പരിഹാരമല്ല, അങ്ങോട്ട് പോയി അക്രമിക്കലും നേരിട്ട് കൈകാര്യംചെയ്യലും മാത്രമാണ് പരിഹാരം” .. നിറഞ്ഞ കൈയടിയോടെയാണ് മോനു മനേസറിന്റെ ഈ വാക്കുകളെ അക്രമാസക്തഹിന്ദുത്വ ആള്‍ക്കൂട്ടം ഏറ്റെടുക്കുന്നത്.

 

 

ഉത്തരേന്ത്യയിലെ സ്വയം പ്രഖ്യാപിത പശുസംരക്ഷണ സേനാംഗമാണയാള്‍. ഹരിയാനയില്‍ മാത്രം മോനുമനേസറിന് കീഴില്‍ 60നും 70നും ഇടയ്ക്ക് ഗോരക്ഷാസേന ഗുണ്ടാസംഘങ്ങളുണ്ട്. ഇവര്‍ക്ക് പട്രോളിങ് നടത്താനായി പിക്കപ്പ് വാനുകളുണ്ട്, തോക്കുള്‍പ്പെടെയുള്ള ആയുധങ്ങളുണ്ട്, വേണ്ടുവോളം പണവും ഉണ്ട്. വാഹനങ്ങളില്‍ ആയുധങ്ങളുമായി പറക്കുന്ന വീഡിയോകള്‍ ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്യുന്നു. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെയും പോഷകസംഘടനകളുടെയും മുതിര്‍ന്ന നേതാക്കള്‍ക്കും ഉന്നത പോലീസ് മേധാവികള്‍ക്കും ഒപ്പമുള്ള ചിത്രങ്ങളും ഉണ്ട് ഇയാളുടെ സമൂഹമാധ്യമ പേജുകളില്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും കാണാം. പോലീസ് ഇയാളെ ആദരിക്കുന്ന ചിത്രങ്ങളുമുണ്ട്. സമൂഹമാധ്യമങ്ങളിലാകട്ടെ പതിനായിരക്കണക്കിന് ഫോളോവേഴ്‌സും മോനുമനേസറിനുണ്ട്. യൂടൂബ് പേജിനും ഉണ്ട് രണ്ടുലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സ്.

ഭീകരമായ ഗുണ്ടായിസങ്ങളുടെ വീഡിയോകളും ചിത്രങ്ങളുമാണ് ഇയാളുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ നിറയെ. കന്നുകാലികളുമായി പോകുന്ന വാഹനങ്ങള്‍ തടയുക, അതിലുള്ളവരെ ക്രൂരമായി മര്‍ദിക്കുക, കൈകാലുകള്‍ ബന്ധിപ്പിക്കപ്പെട്ടവരുടെ യാചനകള്‍, അടിയേറ്റ് വീര്‍ത്തമുഖങ്ങളുള്ള ദൈന്യതനിറഞ്ഞ ഇരകളുടെ ചിത്രങ്ങള്‍ ഒക്കെ കാണാം. എന്നാല്‍ മോനുമനേസര്‍ ഇതുവരെ നിയമത്തിന്റെ കരങ്ങളില്‍ പെട്ടിട്ടില്ല.

ഫെബ്രുവരിയില്‍ രാജസ്ഥാന്‍ സ്വദേശികളായ ജുനൈദിനെയും നസീറിനെയും മര്‍ദിച്ചവശരാക്കി വാഹനത്തിലിട്ട് അഗ്‌നിക്കിരയാക്കിയ കേസില്‍ മുഖ്യപ്രതിയായ മോനുമനേസറിനെ അതിന്റെ പേരില്‍ രാജസ്ഥാന്‍ പോലീസ് പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു. ഒരുവേള ഇയാളെ അറസ്റ്റ്‌ചെയ്യാനായി രാജസ്ഥാന്‍ പൊലിസ്, ഹരിയാനയിലെത്തിയെങ്കിലും അറസ്റ്റ് വിവരം ചോര്‍ന്നതോടെ രക്ഷപ്പെട്ടു. ഇങ്ങനെ ഔദ്യോഗികവിവരങ്ങളും ചോര്‍ത്തിനല്‍കാനും ഇയാള്‍ക്ക് സേനയില്‍ ആളുണ്ട്.

ഒടുവില്‍ ഹരിയാനയിലെ നൂഹിലുണ്ടായ കലാപത്തിലും ഇയാള്‍ ആരോപണവിധേയനാണ്. മോനു മനേസര്‍ പങ്കുവെച്ച വീഡിയോയാണ് നൂഹിലുണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കിടയാക്കിയത്. കലാപക്കേസില്‍ പ്രായപൂര്‍ത്തിയായ മുസ്ലിംകള്‍ പോലും കസ്റ്റഡിയിലാണ്. പിടിയിലായവര്‍ക്കും, കലാപകാരികളുടെതെന്ന് ആരോപിച്ച് ബുള്‍ഡോസര്‍ ഇടിച്ചുനിരപ്പാക്കിയ വീടുകളുടെ ഉടമകള്‍ക്കും അക്രമസംഭവങ്ങളില്‍ യാതൊരു പങ്കുമില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോഴും, മോനുമനേസര്‍ സൈ്വര്യവിഹാരം നടത്തുകയായിരുന്നു. അയാളെ അറസ്റ്റ്‌ചെയ്യണമെന്ന് കഴിഞ്ഞമാസം ഹരിയാനയില്‍ ചേര്‍ന്ന കര്‍ഷകമഹാപഞ്ചായത്ത് ആവശ്യപ്പെട്ടിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.