2021 June 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മഴക്കാല ഡ്രൈവിങ്: അപകടങ്ങള്‍ ഒഴിവാക്കാന്‍ എന്തെല്ലാം ശ്രദ്ധിക്കാം

മഴക്കാലം രസകരമാണ്. എന്നാല്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കുന്നതും മഴക്കാലത്താണ്. അത്‌കൊണ്ട് ഈ സമയത്ത് ഡ്രൈവിങില്‍ അതീവ ജാഗ്രത പുലര്‍ത്തണം. മുന്നിലുള്ള കാഴ്ച അവ്യക്തമാകുന്നതും റോഡില്‍ വഴുക്കലുണ്ടാകുന്നതും അപകടത്തിനിടയാക്കുന്നു. റോഡ് നിര്‍മാണത്തിലെ ഗുണനിലവാരക്കുറവും മഴക്കാലയാത്രകള്‍ക്ക് വെല്ലുവിളിയാണ്.

മഴക്കാലമായാല്‍ റോഡുകള്‍ തകര്‍ന്ന് ചെളിക്കുളമാവും. കുഴികളും വെള്ളക്കെട്ടും നിറഞ്ഞ റോഡുകളിലൂടെയുള്ള യാത്ര ഏറെ അപകടം പിടിച്ചതാണ്.

ധൃതികൂട്ടരുത്. തിരക്കിട്ട് പോകുമ്പോള്‍ പെട്ടെന്ന് സ്റ്റിയറിങ് വെട്ടിത്തിരിക്കുന്നതും ബ്രേക്ക് ചവിട്ടുന്നതും അപകടമാണ്. വേഗത ക്രമപ്പെടുത്തി വാഹനമോടിക്കുക.

വെളളവും വാഹനങ്ങളില്‍ നിന്നുള്ള ഗ്രീസും ചേര്‍ന്ന് നനഞ്ഞുകിടക്കുന്ന റോഡുകളില്‍ വഴുക്കലുണ്ടാക്കിയേക്കാം. ഇത് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിന് വഴിതെളിക്കുന്നു.

ടയറുകളുടെ കാര്യക്ഷമത ഉറപ്പുവരുത്തണം, അല്ലെങ്കില്‍ അത് വാഹനത്തിന്റെ ഗ്രിപ്പ് കുറയ്ക്കും. അതുപോലെ ടയര്‍ പ്രഷര്‍ കൃത്യമാണെന്നും ഉറപ്പുവരുത്തണം.

വൈപ്പര്‍ ബ്ലേഡുകളുടെ കാര്യക്ഷമതയും പരിശോധിക്കണം. ഹെഡ്‌ലൈറ്റ്, ബ്രേക്ക് ലൈറ്റ്, ഇന്‍ഡിക്കേറ്ററുകളും പരിശോധിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. വിന്‍ഡ് ഷീല്‍ഡ് വൃത്തിയാക്കി വയ്ക്കണം, എയര്‍ക്കണ്ടീഷനറിന്റെ പ്രവര്‍ത്തനവും പരിശോധിക്കുക.

പരിചയമില്ലാത്ത റോഡുകളിലൂടെ പോകുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണം. റോഡിന്റെ ഇരുവശങ്ങളിലുമാണ് വെള്ളം കെട്ടിനില്‍ക്കാന്‍ കൂടുതല്‍ സാധ്യത. അതിനാല്‍ റോഡിന്റെ മധ്യഭാഗത്തുകൂടെ വാഹനമോടിക്കുക.

അപകടകരമായ ചെറു റോഡുകളിലൂടെയുള്ള യാത്ര ഒഴിവാക്കി പ്രധാന പാതകള്‍തന്നെ തെരഞ്ഞെടുക്കുക.

അതിശക്തമായ മഴയത്ത് മുന്നിലേക്കുള്ള കാഴ്ച തടസ്സമാകുന്നതിനാല്‍ വാഹനം ഓടിക്കാതിരിക്കുകയാണ് നല്ലത്. സുരക്ഷിതമായ എവിടെയെങ്കിലും വാഹനം നിര്‍ത്തി മഴ കുറയുമ്പോള്‍ യാത്ര തുടരുക.

മഴയുള്ളപ്പോള്‍ വാഹനത്തിന്റെ ഹെഡ്‌ലൈറ്റുകള്‍ തെളിച്ചാല്‍ എതിരേവരുന്ന വാഹത്തിന്റെ ഡ്രൈവര്‍ക്ക് നിങ്ങളുടെ വാഹനത്തിന്റെ സാന്നിധ്യം അറിയാന്‍ കഴിയും. എന്നാല്‍ ഹൈ ബീം ഉപയോഗിക്കുന്നത് ഗുണത്തേക്കാള്‍ ദോഷം ചെയ്യും.

വെള്ളക്കെട്ടുകള്‍ ശ്രദ്ധിക്കുക. വെള്ളത്തിന് എത്രത്തോളം ആഴമുണ്ടെന്ന് പുറമേ നിന്ന് അറിയാന്‍ കഴിയില്ല. എന്‍ജിനിലും ബ്രേക്ക് പാഡുകളിലുമൊക്കെ വെളളം കയറിയാല്‍ വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കും.

വെള്ളക്കെട്ടിലൂടെ യാത്രചെയ്യുമ്പോള്‍ വാഹനം ഒരിക്കലും നിര്‍ത്താതിരിക്കുക.
വേഗം കുട്ടുകയും കുറയ്ക്കുകയുമരുത്. പെട്ടന്ന് ബ്രേക്കിടുകയും ചെയ്യരുത്.

വെള്ളത്തില്‍ വച്ച് വാഹനം സ്റ്റാര്‍ട്ട് ചെയ്യരുത്. വാഹനം ഉടന്‍തന്നെ ഓഫ് ചെയ്യുക. വെള്ളമില്ലാത്ത സ്ഥലത്തേക്ക് കാര്‍ തള്ളിനീക്കുക.

അകത്ത് കുടുങ്ങിയാല്‍ പരിഭ്രാന്തരാകരുത്, നാം വിചാരിക്കുന്നപോലെ ഡോര്‍ തുറക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ രണ്ടു കാലുകളുപയോഗിച്ച് ശക്തമായി തള്ളി നോക്കുക അല്ലെങ്കില്‍ സീറ്റുകളിലെ ഹെഡ്‌റെസ്റ്റ് ഊരിയെടുത്ത് അതിന്റെ കൂര്‍ത്ത അറ്റംകൊണ്ട് വിന്‍ഡോകള്‍ തകര്‍ക്കുക. (അപകടമുണ്ടാകുമ്പോള്‍ വിന്‍ഡോകള്‍ തകര്‍ക്കാനാണ് ഇത്തരത്തില്‍ നിര്‍മിച്ചിരിക്കുന്നത്) ബ്രേക്കുകള്‍ പമ്പ് ചെയ്യുന്നതും നന്നായിരിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.