എറണാകുളം: മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. രാവിലെ 11മണിക്ക് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകിട്ട് വരെ നീണ്ടു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാല്‍ കെ സുധാകരന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നതിനാല്‍ 50000 രൂപ ബോണ്ടിന്റെ അടിസ്ഥാനത്തില്‍ ജാമ്യത്തില്‍ വിടും.
സുധാകരനെ ചോദ്യം ചെയ്യും മുമ്പ് പരാതിക്കാരായ യാക്കൂബ്, ഷമീർ, അനൂപ് അഹമ്മദ് എന്നിവരിൽ നിന്ന് അന്വേഷണ സംഘം മൊഴി എടുത്തിരുന്നു. വിദേശത്ത് നിന്നുള്ള രണ്ടര ലക്ഷം കോടി കൈപറ്റാൻ ദില്ലിയിൽ പണം ചെലവഴിക്കണമെന്നും ഇതിനായി കെ സുധാകരൻ ഇടപെടുമെന്നും വിശ്വസിച്ചാണ് പരാതിക്കാരിൽ നിന്ന് മോൻസൻ മാവുങ്കൽ പണം കൈപ്പറ്റിയത്. 25 ലക്ഷം രൂപയാണ് ഇവർ മോൻസൻ മാവുങ്കലിന് നൽകിയത്.
പണം നൽകുമ്പോൾ മോൻസനൊപ്പം കെ സുധാകരൻ ഉണ്ടായിരുന്നെന്നാണ് പരാതി. മോൻസൻ മാവുങ്കൽ, കെ സുധാകരന് പത്ത് ലക്ഷം രൂപ നൽകിയതായി മോൻസന്റെ ജീവനക്കാരും മൊഴി നൽകിയിരുന്നു. കേസിൽ നേരത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിലും കെ സുധാകരൻ മുൻകൂർ ജാമ്യം തേടി കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിൽ കെ സുധാകരൻ രണ്ടാംപ്രതിയാണ്. കെ സുധാകരനെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ 50000 രൂപയുടെ ബോണ്ടിന്റെ മേലിൽ ജാമ്യത്തിൽ വിടണമെന്നാണ് ഇടക്കാല ജാമ്യം അനുവദിച്ച് കൊണ്ട് കോടതി പറഞ്ഞത്.
Comments are closed for this post.